ഓണത്തിന് 20 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഓണക്കിറ്റ് നല്‍കും

August 15, 2013 കേരളം

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് 20 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്കു സൌജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യും.  ഓണക്കാലത്തു വിലക്കയറ്റം നിയന്ത്രിക്കുന്നതിനു സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

പച്ചക്കറിയുടെ വില നിയന്ത്രിക്കാനായി ഹോര്‍ട്ടികോര്‍പിനു പിന്തുണ നല്‍കും. വിപണിവിലയേക്കാള്‍ 20 മുതല്‍ 30 വരെ ശതമാനം വിലകുറച്ച് 44 ഇനം പച്ചക്കറികള്‍ നല്‍കും. ഹോര്‍ട്ടികോര്‍പിന്റെ 250 വിപണന കേന്ദ്രങ്ങള്‍ക്കു പുറമേ സിവില്‍ സപ്ളൈസ് വകുപ്പുമായി ചേര്‍ന്ന് 140 വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കും. ആഴ്ചതോറും സിവില്‍ സപ്ളൈസ് കോര്‍പറേഷന്‍, കണ്‍സ്യൂമര്‍ ഫെഡ്, ഹോര്‍ട്ടികോര്‍പ് എന്നീ ഏജന്‍സികളുടെ പ്രവര്‍ത്തനവും വിപണി ഇടപെടല്‍ പ്രക്രിയയും വിലയിരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്വത്തില്‍ അടുത്തമാസം ഒന്നു മുതല്‍ 15 വരെ സംസ്ഥാനത്ത് 4000 വിപണന കേന്ദ്രങ്ങള്‍ തുറക്കും. ഇതിനായി നേരത്തേ അനുവദിച്ച 10 കോടിക്കു പുറമേ 45 കോടി രൂപ കൂടി അനുവദിക്കും. കേരള ഫിനാന്‍ഷല്‍ കോര്‍പറേഷനില്‍നിന്നു സര്‍ക്കാര്‍ ഗാരന്റിയോടെ 50 കോടി രൂപ കണ്‍സ്യൂമര്‍ ഫെഡിനു നല്‍കുമെന്നും കണ്‍സ്യൂമര്‍ ഫെഡ് എന്‍സിഡിസിക്ക് നല്‍കിയിട്ടുള്ള 238 കോടിയുടെ പദ്ധതി സര്‍ക്കാര്‍ ഗാരന്റിയോടു കൂടി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്കൂള്‍ കുട്ടികള്‍ക്ക് അഞ്ച് കിലോ അരി വീതം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ കാര്‍ഡ് ഉടമകള്‍ക്കും സബ്സിഡി നിരക്കില്‍ ഒരു കിലോ പഞ്ചസാര നല്‍കും. ഓഗസ്റ് ഒന്നു മുതല്‍ തുടങ്ങിയ റംസാന്‍-ഓണം മെട്രോ പീപ്പിള്‍ ബസാറുകള്‍ ആറു സിറ്റികളില്‍ സെപ്റ്റംബര്‍ 15 വരെ തുടരും. ഈ മാസം 23 മുതല്‍ അടുത്തമാസം 15 വരെ ഓണം ടൌണ്‍ പീപ്പിള്‍സ് ബസാര്‍ എട്ടു ജില്ലാകേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന 11 പട്ടണങ്ങളില്‍ തുറക്കും. അടുത്തമാസം 11 മുതല്‍ 15 വരെ സംസ്ഥാനവ്യാപകമായി 1250 ഓണം മിനി ഫെയറുകള്‍ ആരംഭിക്കും. ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിലവര്‍ധനവിന്റെ ആഘാതം പരമാവധി ഒഴിവാക്കുന്നതിനായി സിവില്‍ സപ്ളൈസ് കോര്‍പറേഷന്‍ സബ്സിഡി നിരക്കില്‍ അരിയും മറ്റ് 13 അവശ്യ സാധനങ്ങളും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനായി 65 കോടി രൂപ കോര്‍പറേഷനു നല്‍കാനും തീരുമാനിച്ചു. സപ്ളൈകോയ്ക്ക് നേരത്തേ നല്‍കിയ 10 കോടിക്കു പുറമേയാണിത്. ഇതിനു പുറമേ വിപണി ഇടപെടലിനായി ആവശ്യമായ ഫണ്ട് സംസ്ഥാന കോ-ഓപറേറ്റീവ് ബാങ്കില്‍ നിന്നു നല്‍കും.

ഓണത്തിനാവശ്യമായ ഉത്പന്നങ്ങളുടെ ആവശ്യകത മുന്നില്‍ക്കണ്ടു സാധനങ്ങള്‍ മുന്‍കൂട്ടി വാങ്ങാന്‍ നടപടി കൈക്കൊള്ളാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ സവാളയുടെ വില വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ആവശ്യക്കാര്‍ക്ക് ഒരു കിലോ സവാളയുടെ സ്ഥാനത്തു രണ്ടു കിലോ സബ്സിഡി നിരക്കില്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവ് വിലയിരുത്താന്‍ സര്‍ക്കാര്‍ തുടര്‍നടപടികള്‍ കൈക്കൊള്ളും. അരിയടക്കമുള്ള അവശ്യസാധനങ്ങള്‍ക്കു സര്‍ക്കാര്‍ സബ്സിഡി പ്രഖ്യാപിച്ചിട്ടുണ്െടങ്കിലും പൂര്‍ണമായി ജനങ്ങളില്‍ എത്തുന്നുണ്േടാ എന്നു പരിശോധിക്കും. 700 കോടി രൂപയാണ് ഒരു വര്‍ഷം സബ്സിഡിക്കായി വിനിയോഗിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം