തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷം; കഴക്കൂട്ടത്ത് വെള്ളിയാഴ്ച ഹര്‍ത്താല്‍

August 15, 2013 കേരളം

തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സ്മൃതിയാത്രയുടെ ഭാഗമായി നടന്ന പ്രകടനത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യൂണിവേഴ്സിറ്റി കോളജ് ഹോസ്റലിന് നേര്‍ക്ക് കല്ലേറും അക്രമവും നടത്തിയിരുന്നു. ഹോസ്റല്‍ വളപ്പിലേക്ക് ഓടിക്കയറിയ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ചെടിച്ചട്ടികളും മറ്റും തല്ലിതകര്‍ക്കുകയും ചെയ്തു. സംസ്കൃത കോളജ്, യൂണിവേഴ്സിറ്റി കോളജ് പരിസരങ്ങളില്‍ സ്ഥാപിച്ചിരുന്ന എസ്എഫ്ഐയുടെ ഫ്ളക്സ് ബോര്‍ഡുകളും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചു. ഇതിനു പിന്നാലെയാണ് ഇരുവിഭാഗങ്ങളും തമ്മില്‍ നഗരത്തിന്റെ പലഭാഗങ്ങളില്‍ സംഘര്‍ഷമുണ്ടായത്. കഴക്കൂട്ടത്ത് സിപിഎമ്മിന്റെ ഏരിയാ കമ്മറ്റി ഓഫീസിനു നേര്‍ക്കും അക്രമമുണ്ടായി. ഇതില്‍ പ്രതിഷേധിച്ചാണ് കഴക്കൂട്ടത്ത് വെള്ളിയാഴ്ച സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംഘര്‍ഷത്തില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാഹനത്തിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. എഐടിയുസി ഓഫീസിനു നേര്‍ക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് നഗരത്തില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. എങ്കിലും സംഘര്‍ഷസ്ഥിതിക്ക് അയവു വന്നിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം