സോളാര്‍ കേസ്: ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു

August 16, 2013 പ്രധാന വാര്‍ത്തകള്‍

CMതിരുവനന്തപുരം: സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സിറ്റിംഗ് ജഡ്ജിയെ ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് കത്തയക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിഗണനാ വിഷയങ്ങള്‍ പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യാമെന്നും എന്നാല്‍ പ്രതിപക്ഷം ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. പ്രതിപക്ഷത്തിന്റെ നിര്‍ദേശങ്ങള്‍ ലഭിച്ച ശേഷം ടേംസ് ഓഫ് റഫറന്‍സിന് അന്തിമ രൂപം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഉപരോധം അവസാനിപ്പിക്കാന്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത അദ്ദേഹം തള്ളി.

പൊതുപരിപാടികളില്‍ താന്‍ പങ്കെടുക്കുമെന്നും കരങ്കൊടി കാണിക്കുന്നവര്‍ കാണിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനസമ്പര്‍ക്കം പോലുള്ള ജനക്ഷേമപരമായ പരിപാടികളില്‍ മുഖ്യമന്ത്രിയെ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പുനര്‍ വിചിന്തനം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന് സോളാര്‍ കേസുമായി യാതൊരു ബന്ധവുമില്ല. ഇതിന്റെ പേരില്‍ ഖജനാവില്‍ നിന്ന് ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ലെന്നും അതുകൊണ്ടാണ് താന്‍ രാജിവെയ്ക്കാത്തതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. പ്രതിപക്ഷം വ്യക്തമായ തെളിവുകള്‍ നിരത്തിയാല്‍ ആ നിമിഷം രാജിവെക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

മഴക്കെടുതിയില്‍ ഏറ്റവുമധികം ദുരുതം അനുഭവിക്കുന്ന ഇടുക്കി ജില്ലയ്ക്ക് വേണ്ട സഹായങ്ങള്‍ നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും നേതൃത്വത്തില്‍ എംപിമാര്‍, എംഎല്‍എമാര്‍, ഇടുക്കി ജില്ലാകളക്ടര്‍ എന്നിവരുടെ യോഗം നാളെ തിരുവനന്തപുരത്ത് ചേരും. ധനസഹായമുള്‍പെടെയുള്ള നടപടികള്‍ യോഗത്തില്‍ തീരുമാനിക്കും. മറ്റു ജില്ലകളിലെ മഴക്കെടുതി പരിശോധിക്കാനും വേണ്ട നടപടി സ്വീകരിക്കാനും കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രിസഭാ യോഗത്തിനെ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

ഓണം അടുത്തതോടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞ ബുധനാഴ്ച യോഗം ചേര്‍ന്നതായും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍, കണ്‍സ്യൂമര്‍ ഫെഡ് പ്രതിനിധികള്‍, ഹോര്‍ട്ടികള്‍ച്ചര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍