ദുര്‍ഗയുടെ സസ്പെന്‍ഷന്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി

August 16, 2013 ദേശീയം

Durga Nagpal

ദുര്‍ഗ്ഗ നാഗ്പാല്‍ ഐഎഎസ്

ലക്നോ: ഉത്തര്‍പ്രദേശിലെ യുവ ഐഎഎസ് ഉദ്യോഗസ്ഥയും സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമായിരുന്ന ദുര്‍ഗശക്തി നാഗ്പാലിനെ സസ്പെന്‍ഡു ചെയ്ത നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. സസ്പെന്‍ഷനെ ദുര്‍ഗയ്ക്ക് ഉചിതമായ ഫോറത്തില്‍ ചോദ്യം ചെയ്യാമെന്ന വിലയിരുത്തലോടെയാണ് സര്‍ക്കാര്‍ നടപടിയില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചത്. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് മണല്‍ മാഫിയയ്ക്കെതിരേ നടപടിയെടുത്തതിന്റെ പേരിലാണ് ദുര്‍ഗയ്ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചതെന്നും അതുകൊണ്ടുതന്നെ കോടതി വിഷയത്തില്‍ ഇടപെടണമെന്നുമായിരുന്നു പൊതുതാല്‍പര്യ ഹര്‍ജിയിലെ ആവശ്യം. ദുര്‍ഗ സ്വയം കോടതിയെ സമീപിക്കുകയാണെങ്കില്‍ ഇക്കാര്യം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. അതേസമയം ദുര്‍ഗയുടെ സസ്പെന്‍ഷനെ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചതിന് ദലിത് പണ്ഡിതന്‍ കമാല്‍ ഭാരതിയെ അറസ്റ് ചെയ്ത സംഭവത്തില്‍ വിശദീകരണം അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിന് കോടതി നോട്ടീസും അയച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം