ഉപരോധസമരം ഒത്തുതീര്‍ക്കുന്നതിനായി യാതൊരു മധ്യസ്ഥ ശ്രമങ്ങളും നടന്നിട്ടില്ല: പന്ന്യന്‍ രവീന്ദ്രന്‍

August 16, 2013 കേരളം

pannyan-raveendran_2അയ്യന്തോള്‍: എല്‍ഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധസമരം ഒത്തുതീര്‍ക്കുന്നത് സംബന്ധിച്ച് യാതൊരു മധ്യസ്ഥ ശ്രമങ്ങളും നടന്നിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ഇക്കാര്യം തനിക്ക് വളരെ വ്യക്തമാണെന്നും സമരത്തിലുടനീളം താനുണ്ടായിരുന്നതാണെന്നും വിമര്‍ശിക്കുന്നവര്‍ ഉന്നയിക്കും പോലെ അത്തരത്തിലൊരു മധ്യസ്ഥ ശ്രമവും നടന്നിട്ടില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവെക്കണമെന്നും ജൂഡിഷ്യല്‍ അന്വേഷണം നടത്തുകയെന്നുമുള്ള രണ്ടേരണ്ട് ആവശ്യവുമായാണ് എല്‍ഡിഎഫ് സെക്രട്ടേറിയറ്റ് ഉപരോധിച്ചത്. ഇതില്‍ ഒരാവശ്യമായ ജുഡീഷ്യല്‍ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് പരസ്യമായി പറഞ്ഞ പശ്ചാത്തലത്തിലാണ് ഉപരോധസമരം പിന്‍വലിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിനേയും മുഖ്യമന്ത്രിയേയും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നുമുള്ള രണ്ടാമത്തെ ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല. ഇത് നേടിയെടുക്കാന്‍ 19ന് എല്‍ഡിഎഫ് യോഗം ചേര്‍ന്ന് സമരപരിപാടികള്‍ക്ക് രൂപം നല്‍കി ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകും. ഇത് ജനങ്ങളുടെ ആവശ്യമാണ്. ജനങ്ങളുടെ ഭരണ കസ്റ്റോഡിയനാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് അന്വേഷണം നടത്തുന്നതിനോട് എല്‍ഡിഎഫിന് യോജിപ്പില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം