പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്: രണ്ട് പ്രതികളുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി

August 16, 2013 ദേശീയം

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികളുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി. പരിഗണനയില്‍ ഉണ്ടായിരുന്ന ഒടുവിലത്തെ ദയാഹര്‍ജിയില്‍ ഇപ്പോള്‍ തീര്‍പ്പായത്. പെണ്‍കുട്ടികളെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന കേസില്‍ കര്‍ണാടക സ്വദേശികളായ ശിവുവിന്റെയും ജടയ് സാമിയുടെയും ദയാഹര്‍ജിയാണ് രാഷ്ട്രപതി തള്ളിയത്. ശിശുവിന്റെ അമ്മ നല്‍കിയ ദയാഹര്‍ജി ജൂണില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് എത്തിയിരുന്നു.

ദയാഹര്‍ജി അംഗീകരിക്കേണ്ടെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശ അംഗീകരിച്ചാണ് രാഷ്ട്രപതിയുടെ തീരുമാനം. ഇതോടെ രാഷ്ട്രപതിയുടെ പരിഗണനയില്‍ ഉണ്ടായിരുന്ന എല്ലാ ദയാഹര്‍ജികളിലും തീര്‍പ്പായി. ചുമതലയേറ്റ് പതിമൂന്ന് മാസത്തിനിടെ പതിനൊന്ന് ഹര്‍ജികളില്‍ പതിനേഴ് പേരുടെ വധശിക്ഷയാണ് പ്രണബ് മുഖര്‍ജി ശരിവെച്ചത്. 1992 മുതല്‍ 1997 വരെ രാഷ്ട്രപതി ആയിരുന്ന ശങ്കര്‍ ദയാല്‍ ശര്‍മ പതിനാല് ദയാഹര്‍ജികള്‍ തള്ളിയിരുന്നു.

മുംബൈ ഭീകരാക്രമണ കേസ് പ്രതി അജ്മല്‍ കസബിന്റെ ദയാഹര്‍ജിയാണ് പ്രണാബ് മുഖര്‍ജി ആദ്യം തള്ളിയത്. പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതിയായ അഫ്‌സല്‍ ഗുരുവിന്റെ ഉള്‍പ്പെടെയുള്ള ദയാഹര്‍ജികളിലാണ് പിന്നീട് തീരുമാനമെടുത്തത്. 16 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ വധശിക്ഷ ശരിവെച്ച രാഷ്ട്രപതിയായി പ്രണബ് മുഖര്‍ജി മാറി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം