കാര്‍ഷികരംഗം ആധുനികവത്ക്കരിക്കണം- മന്ത്രി കെ.എം. മാണി

August 16, 2013 കേരളം

കോട്ടയം: കാര്‍ഷികരംഗം ആധുനികവത്ക്കരിക്കുന്നതിലൂടെ മാത്രമേ ഈ രംഗം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകൂ എന്ന് മന്ത്രി കെ.എം. മാണി അഭിപ്രായപ്പെട്ടു. കര്‍ഷകദിനാചരണത്തിനോടനുബന്ധിച്ച് കൃഷി-മൃഗസംരക്ഷണ വകുപ്പുകള്‍ ചേര്‍ന്ന് കോട്ടയം നാഗമ്പടം മൈതാനിയില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൃഷി ആദായകരമായ തൊഴിലായി പുനഃസംഘടിപ്പിക്കണം. എന്നാല്‍ ഈ രംഗത്തുനിന്ന് ആവശ്യമായ വരുമാനമില്ല. പുതിയ തലമുറ കൃഷിയെ ഒരു തൊഴിലായി സ്വീകരിക്കുന്നുമില്ല. ഇതിനു പരിഹാരമായി ബയോ ടെക്‌നോളജി, നാനോ ടെക്‌നോളജി (..3) മുതലായ ആധുനിക സാങ്കേതികവിദ്യകള്‍ കാര്‍ഷികമേഖലയില്‍ ഉപയോഗിക്കണം. ആഗോളവത്ക്കരണത്തിന്റെ ഇന്നത്തെ കാലഘട്ടത്തില്‍ ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗത്തിന് ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംസ്ഥാന കാര്‍ഷികനയം എന്ന വിഷയത്തില്‍ മുന്‍ കൃഷി ഡയറക്ടര്‍ ആര്‍. ഹേലിയും ‘നീര ഉല്‍പ്പാദനം’ എന്ന വിഷയത്തില്‍ വെള്ളാനിക്കര കേരള കാര്‍ഷിക സര്‍വകലാശാല അസോസിയേറ്റ് ഡയറക്ടര്‍ ഡോ. വി.കെ. രാജു, പടന്നക്കാട് കാര്‍ഷിക കോളേജ് പ്രൊഫസര്‍ ഡോ. പി.ആര്‍. സുരേഷ് എന്നിവരും അവതരണം നടത്തി. നാളികേരള മിഷന്‍ അസോസിയേറ്റ് ഡയറക്ടര്‍ ഡോ. ജയപ്രകാശ് നായ്ക് മോഡറേറ്ററായിരുന്നു. മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ എം.എല്‍.എ കെ. കൃഷ്ണന്‍കുട്ടി സംബന്ധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം