ക്രമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്കുള്ള തെരഞ്ഞെടുപ്പ് വിലക്ക് സുപ്രീംകോടതി പുനഃപരിശോധിക്കും

August 16, 2013 ദേശീയം

SupremeCourtIndiaന്യൂഡല്‍ഹി: ക്രമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരെയും അറസ്റ് ചെയ്യപ്പെടുന്നവരെയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് വിലക്കിക്കൊണ്ടുള്ള വിധി സുപ്രീം കോടതി പുനഃപരിശോധിക്കും. എ.കെ. പട്നായികും എസ്.ജെ. മുഖോപാധ്യയും അടങ്ങുന്ന ബെഞ്ചാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്നത്. സെപ്റ്റംബര്‍ നാലിന് വാദം കേള്‍ക്കും. സുപ്രീം കോടതി വിധി നടപ്പാക്കിയാല്‍ വിചാരണ കോടതിയില്‍ ക്രിമിനല്‍ കേസുകളില്‍ രണ്ടു വര്‍ഷത്തിനു മുകളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് ലോക്സഭയിലും നിയമസഭയിലും മറ്റും അംഗത്വം നഷ്ടമാകും. ഇവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശവും ഉണ്ടായിരിക്കില്ല. ജയിലിലോ പോലീസ് കസ്റ്റഡിയിലോ കഴിയുന്നവരെയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നും വിധി വിലക്കിയിരുന്നു.

ഉത്തരവ് പ്രകാരം ഏതെങ്കിലും കേസില്‍ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ നേരിടേണ്ടി വരുന്ന അംഗങ്ങള്‍ക്ക് അംഗത്വം നഷ്ടമാവും.എന്നാല്‍ വിധിക്ക് മുന്‍കാല പ്രാബല്യമുണ്ടാകില്ല. നിലവില്‍ അപ്പീലുകള്‍ സമര്‍പ്പിച്ച് വിധി കാത്തിരിക്കുന്നവര്‍ക്കും വിധി ബാധകമാകില്ല. എന്നാല്‍ ശിക്ഷ വിധിച്ച് മൂന്ന് മാസം കഴിഞ്ഞിട്ടും അപ്പീല്‍ സമര്‍പ്പിക്കാത്തവര്‍ക്ക് പുതിയ ഉത്തരവ് ബാധകമാകും.

കല്‍ക്കരിപ്പാടം അഴിമതിക്കേസ് പരിഗണിക്കവെയാണ് സുപ്രീംകോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. സുപ്രീംകോടതിയുടെ പുതിയ ഉത്തരവ് രാഷ്ട്രീയപാര്‍ട്ടികളുടെ കടുത്ത എതിര്‍പ്പ് വിളിച്ചുവരുത്തിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം