കാപ്പ ചുമത്തപ്പെടുമ്പോള്‍ ഭരണഘടാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം: ജസ്റിസ് വി. രാംകുമാര്‍

August 17, 2013 കേരളം

ആലപ്പുഴ: സാമൂഹികവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം (കാപ്പ) ചുമത്തപ്പെടുമ്പോള്‍ വ്യക്തിയുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കാപ്പ ഉപദേശക സമിതി ചെയര്‍മാന്‍ ജസ്റിസ് വി. രാംകുമാര്‍ പറഞ്ഞു. കാപ്പ നിയമവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി ആലപ്പുഴ ഗവ.ഗസ്റ് ഹൗസില്‍ നടത്തിയ പരിജ്ഞാന ക്ളാസില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കുറഞ്ഞത് മൂന്നു ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ള, അറിയപ്പെടുന്ന ഗുണ്ടയോ റൗഡിയോ ആണെങ്കിലാണ് കാപ്പ ചുമത്തുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിനുള്ളില്‍ നിന്നുകൊണ്ടുതന്നെ കുറ്റവാളികളെ അതില്‍നിന്ന് പിന്‍തിരിപ്പിക്കാന്‍ പൊലീസുകാര്‍ ശ്രമിക്കണം. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം കുറ്റവാളികളായി മാറുന്നവരേയും ഗുണ്ടകളേയും ഒരേ തുലാസില്‍ തൂക്കരുത്. ആയിരത്തിലധികം കുറ്റവാളികളെ ഇതിനോടകം കാപ്പ പ്രകാരം ജയിലിലടച്ചിട്ടുണ്ട്. കാപ്പ നിയമത്തിന്റെ പരിധിയില്‍ വരാന്‍ സാധ്യത ഇല്ലാത്ത ഒരു കുറ്റവാളിയെപ്പോലും ഇതില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല. അക്കാര്യത്തില്‍ പൊലീസ് പ്രത്യേകം ശ്രദ്ധിക്കണം. ഭരണഘടാപരമായ ആനുകൂല്യങ്ങള്‍ അര്‍ഹിക്കുന്ന പരിഗണയ്ക്കുസരിച്ച് പൗരന് ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍, ജില്ലാ പൊലീസ് സൂപ്രണ്ട് ഉമാ മീണ, സമിതി സെക്രട്ടറി എഫ്. ജോസഫ് രാജന്‍, സമിതി അംഗം പോള്‍ സൈമണ്‍, ജില്ലാ നോഡല്‍ ഓഫീസര്‍ ഡി.വൈ.എസ്.പി. ആര്‍. ജയചന്ദ്രന്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം