കേരളം അതിന്റെ നന്മയിലേക്കു തിരിച്ചുപോകണം

August 18, 2013 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

editorial-keralaഒരുവട്ടംകൂടി മലയാള പുതുവര്‍ഷത്തിലേക്കു നാം പ്രവേശിച്ചു. അമ്പലങ്ങളില്‍ ദര്‍ശനം നടത്തിയും കേരളീയ വേഷം ധരിച്ചും കാര്‍ഷിക ദിനം ആചരിച്ചും മലയാളദിനം കൊണ്ടാടിയുമൊക്കെ കടന്നുപോകുമ്പോള്‍ കേരളത്തിന്റെ തനത് സംസ്‌കൃതിയെ മടക്കിക്കൊണ്ടുവരുന്ന കാര്യത്തില്‍ നാം പിന്നോട്ടാണ്. ‘ഭാരതമെന്നുകേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം കേരളമെന്നുകേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന് സ്വാതന്ത്ര്യ സമരകാലഘട്ടത്തില്‍ ദേശീയതയെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും നമ്മുടെ സംസ്‌കാരത്തെ നെഞ്ചോടു ചേര്‍ത്തും പാടിയത് മഹാകവി വള്ളത്തോളാണ്.

കാര്‍ഷികസംസ്‌കൃതിയുടെ ഒരുപാട് മൂല്യങ്ങളും നന്മകളുമായി സഞ്ചരിച്ച ഒരു നാടാണ് കേരളം. കാര്‍ഷിക സമൃദ്ധിയുടെ ഉത്സവ ആഘോഷങ്ങളാണ് നമ്മുടെ ഓണവും വിഷുവുമെല്ലാം. അത് മറ്റു പല ഐതീഹ്യങ്ങളുമായി ചേര്‍ത്തുനിര്‍ത്തുമ്പോഴും മണ്ണിന്റെ മണവും കര്‍ഷകന്റെ വിയര്‍പ്പിന്റെ ഗന്ധവും അതിനു പുറകിലുണ്ട്. എന്നാല്‍ അതൊക്കെ വിസ്മൃതിയുടെ ആഴങ്ങളിലേക്കു തള്ളിക്കൊണ്ട് നാം ഓണാഘോഷത്തെപ്പോലും ‘ഇന്‍സ്റ്റന്റ്’ രീതിയിലേക്കു മാറ്റുകയാണ്.

ഓണത്തില്‍നിന്നു തുടങ്ങാം: പതിറ്റാണ്ടുകള്‍ക്കുമുമ്പ് ഉത്രാടം കുട്ടികള്‍ക്കുമാത്രമല്ല മുതിര്‍ന്നവര്‍ക്കും ഉത്സവത്തിന്റെ ലഹരി സമ്മാനിച്ച നാളായിരുന്നു. അതിനു മലയാളത്തില്‍ ഒരു ചൊല്ലുതന്നെയുണ്ട്. ‘ഉത്രാടം ഉച്ചതിരിയുമ്പോള്‍ അച്ചിമാരുടെ തത്തരം’ എന്ന്. ഉത്രാടനാളിലെ ഉത്സാഹത്തിമിര്‍പ്പിന് ‘ഉത്രാടപ്പാച്ചില്‍’ എന്നും പേരുണ്ട്. സദ്യവട്ടങ്ങള്‍ ഒരുക്കുന്ന തിരക്കിനെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉത്രാടരാത്രിമുഴുവന്‍ ഉറക്കമൊഴിഞ്ഞിരുന്ന് സ്ത്രീകള്‍ സദ്യവട്ടങ്ങള്‍ ഒരുക്കുമ്പോള്‍ കുട്ടികള്‍ ഊഞ്ഞാലാടിയും തിരുവാതിരകളിച്ചുമൊക്കെ നമ്മുടെ സംസ്‌കൃതിയുടെ സുഗന്ധം നെഞ്ചില്‍ നിറയ്ക്കുകയായിരുന്നു. അന്ന് അത്തപ്പൂക്കളമൊരുക്കിയിരുന്നത് തൊടികളില്‍ വിരിയുന്ന തുമ്പയും തെച്ചിയും ചെമ്പരത്തിയും ഉള്‍പ്പെടെ നാടന്‍ പൂക്കളിട്ടായിരുന്നു. അത്തം പിറന്നാല്‍ പിന്നെ പൂവിളിയുടെ സമയമാണ്. ഏഴരവെളുപ്പിന് ഉണര്‍ന്ന് കുട്ടികള്‍ ആരവത്തോടെ പൂപറിക്കാന്‍പോകും. പിന്നീട് മുറ്റത്ത് നാടന്‍പൂക്കള്‍കൊണ്ട് അത്തമൊരുക്കും. ഇന്ന് അത്തപ്പൂക്കളമൊരുക്കണമെങ്കില്‍ തമിഴകത്തിന്റെ കനിവ് വേണമെന്നായിരിക്കുന്നു. അത്തപ്പൂക്കളമത്സരങ്ങളാണ് എവിടെയും. മത്സരങ്ങളില്‍പ്പെട്ട് മറഞ്ഞുപോകുന്നത് നമ്മുടെ മഹത്തായ സംസ്‌കാരവും നന്മകളുമാണ്.

ഓണസദ്യ ഒരുക്കി ഇന്ന് പണം നേടുന്നത് ഹോട്ടലുകാരാണ്. എത്ര വിഭവങ്ങള്‍ വേണമെന്ന് ഒന്ന് ഫോണില്‍വിളിച്ചുപറഞ്ഞാല്‍ ആവശ്യാനുസരണം സദ്യഎത്തും. പിന്നെ ടി.വി.യുടെ മുന്നില്‍ മായാകാഴ്ചകള്‍ കണ്ടിരിന്നു സുഭിക്ഷ ഭക്ഷണം. ഓണത്തിനുപോലും മാംസഭക്ഷണം ഒഴിവാക്കാത്തവര്‍ ഇന്ന് നമ്മുടെ നാട്ടിലുണ്ട്. രോഗാതുരമായ കേരളത്തിന്റെ കാരണമന്വേഷിക്കാന്‍ നമുക്ക് മറ്റെങ്ങും പോകേണ്ടതില്ല.

കാര്‍ഷികസംസ്‌കൃതിയില്‍നിന്ന് പിന്നോട്ടുപോയതോടെ നമുക്ക് നഷ്ടപ്പെട്ടത് ഒരുപാട് മൂല്യങ്ങളാണ്. മണ്ണില്‍നിന്ന് അകലുന്തോറും നന്മകള്‍ നഷ്ടമാകും എന്ന തിരിച്ചറിവ് ഉണ്ടാകേണ്ടിയിരിക്കുന്നു. കുട്ടികളിന്ന് അരി ഏതുവൃക്ഷത്തിലാണ് കായ്ക്കുന്നതെന്ന് ചോദിക്കുന്ന തരത്തില്‍ മാറിയിരിക്കുന്നു. വയലുകാണാത്ത, നെല്‍കതിരുകാണാത്ത ഒരു തലമുറയെയാണ് നാം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ മാറ്റം വരുന്നു എന്നത് ശുഭോതര്‍ക്കമായ കാര്യമാണ്. കാര്‍ഷികസംസ്‌കാരത്തിന്റെ വിത്തുകള്‍ ഇന്ന് സ്‌കൂള്‍കുട്ടികളുടെ ഹൃദയങ്ങളില്‍ പാകാന്‍ തുടങ്ങിയിരിക്കുന്നു. മൂല്യച്യുതിയുടെ നീരാളിപ്പിടിത്തത്തില്‍ അമര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ജനതയെ മാറ്റിയെടുക്കുവാനുള്ള കൈത്തിരിയാണ് ഇത്തരം കാല്‍വയ്പുകള്‍.

ഇന്ന് കേരളത്തിന്റെ മനസ്സിനെ നിയന്ത്രിക്കുന്ന ഏറ്റവും വലിയഘടകമായി മാറി ടി.വിയിലെ സീരിയലുകള്‍. കണ്ണീര്‍കടലുകളൊഴുക്കി സ്ത്രീഹൃദയങ്ങളെ ജീവിതയാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് അകറ്റുന്ന വലിയൊരു ഘടകമായി സീരിയലുകള്‍ മാറി. ഒരുകണക്കിന് നമ്മുടെ ഭാവിയെതന്നെ ഇതു സ്വാധീനിക്കുമോ എന്ന് സംശയവുമുണ്ട്. ടി.വി.അവതാരകരിലൂടെ കേള്‍ക്കുന്ന ‘മംഗ്ലീഷ’ാണ് യഥാര്‍ത്ഥമലയാളമെന്ന് പലകുട്ടികളും ധരിക്കുന്നു. ഇത് ഉണ്ടാക്കുന്ന അപകടവും ചില്ലറയല്ല. മലയാളത്തെ മറന്നിട്ട് ഇംഗ്ലീഷിന്റെ പുറകേയുള്ള പാച്ചില്‍ അമ്മയെ മറക്കുന്ന മക്കളെപ്പോലെയാണ്. മാതാപിതാക്കളെ വൃദ്ധസദനങ്ങളിലാക്കുന്ന തലമുറയുടെ ആരംഭവും ഒരുപക്ഷേ പാശ്ചാത്യ സ്വാധീനത്തില്‍ മാതൃഭാഷയെ രണ്ടാം തരമായി കാണുന്നതുകൊണ്ടുപോലുമാകാം.

മൂല്യാധിഷ്ഠിതമായ ഒരു കേരളത്തിന്റെ മടങ്ങിപ്പോക്കിന് ചെളിമണ്ണില്‍ ചവിട്ടിയുള്ള യാത്രയിലൂടെ മാത്രമേ കഴിയൂ. ഇവിടെ വിശ്വസാഹിത്യകാരനായ തകഴി ജ്ഞാനപീഠപുരസ്‌കാരം സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗംതുടങ്ങിയതുതന്നെ തന്റെ കാലില്‍ തകഴിയിലെ ചെളിമണ്ണ് പുരണ്ടിരിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ്. മണ്ണുമായുള്ള ആത്മബന്ധത്തിന്റെ ആഴമാണ് അതിലൂടെ വ്യക്തമാകുന്നത്. തകഴിയുടെ മണ്ണില്‍ ചവിട്ടിനിന്നുകൊണ്ടാണ് ശിവശങ്കരപ്പിള്ള എന്ന തകഴി വിശ്വത്തോളമുയര്‍ന്നത്. അദ്ദേഹത്തിന്റെ കൃതികള്‍ വായിച്ച് ആ മണ്ണില്‍ ഇന്നും തീര്‍ത്ഥാടകരെപ്പോലെ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് എഴുത്തുകാരും ആരാധകരും എത്തുന്നു. മണ്ണും മനുഷ്യനുമായുള്ള ബന്ധം മനുഷ്യരാശിയോളം പഴക്കമുള്ളതാണ്. അതുമറന്നാല്‍ എല്ലാ നന്മകളും മറക്കുന്നുവെന്നാണ് അര്‍ത്ഥം. നമുക്ക് മൂല്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ടുള്ള പുതിയൊരു കേരളത്തിലേക്കു കാര്‍ഷിക സംസ്‌കൃതിയുടെ ചെളിമണ്ണില്‍ ചവിട്ടി യാത്രതുടരാം.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍