ബിജെപി ദേശീയ-സംസ്ഥാന ഭാരവാഹികളുടെ യോഗം ഡല്‍ഹിയില്‍

August 18, 2013 ദേശീയം

BJP-logooന്യൂഡല്‍ഹി:  ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രാഥമിക ഒരുക്കങ്ങളെക്കുറിച്ച് വിലയിരുത്തുന്നതിനായി ബിജെപി ദേശീയ-സംസ്ഥാന ഭാരവാഹികളുടെ യോഗം ഡല്‍ഹിയില്‍ ചേരുന്നു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്. തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രചരണ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന് യോഗത്തില്‍ ധാരണയാവും. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ അദ്വാനി, സുഷമ സ്വരാജ്, നരേന്ദ്ര മോഡി, അരുണ്‍ ജെയ്റ്റ്‌ലി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി രൂപീകരിച്ച 20 കമ്മിറ്റികളുടെ പ്രവര്‍ത്തനം യോഗത്തില്‍ വിലയിരുത്തും. സംസ്ഥാനങ്ങളിലെ പാര്‍ട്ടി തലവന്‍മാര്‍ തങ്ങളുടെ നിര്‍ദേശങ്ങള്‍ യോഗത്തില്‍ അവതരിപ്പിക്കും. കഴിഞ്ഞ ദിവസം ബിജെപി ബീഹാര്‍ ഘടകം മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രമേയം പാസാക്കിയിരുന്നു.

ഈ വര്‍ഷം അവസാനത്തില്‍ നടക്കാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പ് തീയതികള്‍ സെപ്തംബര്‍ മൂന്നാം ആഴ്ച്ചയോടെ പ്രഖ്യാപിക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. മാധ്യമ സംവാദങ്ങളില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം