വ്യാസന്റെ നീതിപീഠത്തിനുമുന്നില്‍ – കൊല്ലുന്ന ചിരി (ഭാഗം -2)

August 18, 2013 സനാതനം

കൊല്ലുന്ന ചിരി (ഭാഗം -2)
ഡോ.അദിതി

ബ്രഹ്മാസ്ത്രത്തിന്റെ അറിവ് ബ്രാഹ്മണനല്ലാത്തവനില്‍ നിലനില്ക്കുകയില്ല എങ്കില്‍ കര്‍ണ്ണന്‍ ബ്രാഹ്മണനല്ലാത്തതുകൊണ്ട് സ്വാഭാവികമായും അതു കര്‍ണ്ണനില്‍ ഉണ്ടാവുകയില്ല. ആ നിലയില്‍ നോക്കുമ്പോള്‍ അബ്രാഹ്മണനായ കര്‍ണ്ണനില്‍ ബ്രഹ്മാസ്ത്രംകൊണ്ടുള്ള ശാപം നിലനില്ക്കുകയില്ല എന്നതിന് എന്തു പ്രസക്തി? പരശുരാമന്റെ ബ്രഹ്മാസ്ത്രശക്തി കര്‍ണ്ണനില്‍ നിലനില്ക്കുകയില്ല എന്ന നിഷേധം ആ ശക്തി നിഷേധിച്ചില്ലെങ്കില്‍ കര്‍ണ്ണനില്‍ അതുവിളങ്ങുമെന്ന് വ്യക്തമാകുന്നു. ക്ഷത്രിയന്മാരോടുള്ള പരശുരാമന്റെ പക എല്ലാവര്‍ക്കുമറിയാം. അതുകൊണ്ട് ബ്രഹ്മാസ്ത്രം പോലെയുള്ള ഒരായുധം ഒരു ക്ഷത്രിയനില്‍ എത്തുന്നത് പരശുരാമന് സഹിക്കാന്‍ പറ്റുകയില്ല. അങ്ങനെയിരിക്കുമ്പോള്‍ തന്നില്‍ നിന്നുതന്നെ ഒരു ക്ഷത്രിയനു ബ്രഹ്മാസ്ത്രം കിട്ടുന്നത് പരശുരാമന്‍ എങ്ങനെ സഹിക്കും. പരശുരാമന്റെ ലോകപരിചയം തന്നെ കര്‍ണ്ണനൊരു ക്ഷത്രിയനാണെന്നകാര്യം അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് ദാക്ഷിണ്യത്തിനുവേണ്ടി രണ്ട് കൈയ്യും നീട്ടിനിന്ന കര്‍ണ്ണനെനോക്കി പരശുരാമന്‍ പുഞ്ചിരിച്ചു.

Vyasante-pb-sliderഇത്തരം സന്ദര്‍ഭത്തില്‍ എന്തിനാണൊരുവന്‍ പുഞ്ചിരിക്കുന്നത്? ഒരുവനോട് ദേഷ്യവും വെറുപ്പും തോന്നിയിരിക്കുന്ന ഒരാളില്‍ മറ്റൊരുത്തന്റെ കഥനങ്ങള്‍ക്കൊന്നും സ്ഥാനമില്ല. കോപാക്രാന്തനായി നില്ക്കുന്ന ഇത്തരം ആളുകളില്‍ ദാക്ഷിണ്യത്തിന്റെ അഭ്യര്‍ത്ഥന എരിയുന്ന തീയില്‍ എണ്ണയൊഴിക്കുന്നതേ ആകയുള്ളൂ. ക്ഷത്രിയന്മാരെ ഇരുപത്തിയൊന്നു തവണ വംശവിച്ഛേദം നടത്തിയതിനു ശേഷം പരശുരാമനൊന്നു തണുത്തു എങ്കിലും അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ ഒരു ഭാഗത്തു ക്ഷത്രിയവരോധത്തിന്റെ അണയാത്ത ഒരു തീപ്പൊരി എന്നുമുണ്ടായിരുന്നു. താന്‍ സൂതപുത്രനാണെന്നാണ് കര്‍ണ്ണന്റെ വെളിപ്പെടുത്തല്‍. കര്‍ണ്ണനെ സംബന്ധിച്ചിടത്തോളം അതൊരു പരമസത്യമാണ്. സത്യം എന്നു വിശ്വസിക്കുന്നതും സത്യവും തമ്മില്‍ പലപ്പോഴും ബന്ധമില്ല. അതുകൊണ്ടുതന്നെ കര്‍ണ്ണന്റെ സത്യമായ വെളിപ്പെടുത്തല്‍ പരശുരാമനെ സംബന്ധിച്ചിടത്തോളം പച്ചക്കള്ളമായി. കര്‍ണ്ണന് താന്‍ ക്ഷത്രിയനാണെന്ന കാര്യം അറിഞ്ഞുകൂടാത്തത് പരശുരാമന് അറിഞ്ഞുകൂടല്ലോ.

അതുകൊണ്ട് താന്‍ സൂതനാണെന്നുള്ള അത്യന്തം സത്യസന്ധമായ ആ വെളിപ്പെടുത്തല്‍ കര്‍ണ്ണന്റെ അവസരം നോക്കി രക്ഷപ്പെടാനുള്ള ഒരു കൗശലമായി പരശുരാമന് തോന്നിക്കാണും. ഇങ്ങനെയുളള സന്ദര്‍ഭങ്ങളില്‍ കുറ്റാരോപണത്തിന് വിധേയനായവന്റെ സങ്കടമോ പരിദേവനമോ താന്‍ വഞ്ചിക്കപ്പെട്ടു എന്നു കരുതുന്ന ആളില്‍ കൂടുതല്‍ കോപവും വെറുപ്പും തോന്നാനേ ഉപകരിക്കൂ. രക്ഷപ്പെടാനുള്ള ഇവന്റെ പദ്ധതി എന്ന് ആത്മഗതം ചെയ്തശേഷം രക്ഷയില്ലാത്ത നിലയില്‍ തളക്കപ്പെട്ടിരിക്കുന്ന അവന്റെ രക്ഷാമാര്‍ഗ്ഗം തിരയുന്ന പ്രവൃത്തിയില്‍ പുച്ഛമുള്‍ക്കൊള്ളഉം. ആ പുച്ഛത്തില്‍ അറപ്പുണ്ട്, കോപമുണ്ട്, അടങ്ങാത്ത പകയുണ്ട്, പരിഹാസമുണ്ട്, കുറ്റവാളിയെ തിരിച്ചറിഞ്ഞതിലുള്ള സാമര്‍ത്ഥ്യഗര്‍വ്വുമുണ്ട്, എന്തുശിക്ഷയും ഇവനുകൊടുക്കുവാന്‍ താന്‍ ശക്തനാണ് എന്ന അഹംഭാവമുണ്ട്.

നിഷ്ഠുരമായ ശിക്ഷ അനുഭവിക്കുവാന്‍ വിധിക്കപ്പെട്ടു എന്ന തീര്‍പ്പുകല്പിക്കല്‍ ആ പുഞ്ചിരിയിലുണ്ട്. ഇപ്രകാരം ശക്തനായ ഒരുവനില്‍ നിന്നു ക്രൂരമായ ശിക്ഷ ഏറ്റുവാങ്ങാന്‍ പോകുന്ന ഒരുവന്റെ നിഷ്ഫലമായ യാചനയേയും ആ പുഞ്ചിരി വ്യക്തമാക്കുന്നു.

ഉടനെയല്ലെങ്കിലും ഭാവിയില്‍ കര്‍ണ്ണന് വിധിച്ച മരണശിക്ഷതന്നെയായിരുന്നു പരശുരാമന്റെ ശാപം.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം