യോഗാഭ്യാസപാഠങ്ങള്‍ – 25

August 19, 2013 സനാതനം

യോഗാചാര്യന്‍ – എന്‍. വിജയരാഘവന്‍
മൂലാധാരചക്രം

ss_kundaliniആറു ചക്രങ്ങളില്‍ Perenial Body യോടനുബന്ധമായാണ് മൂലാധാരം സ്ഥിതിചെയ്യുന്നത്. സാംഖ്യദര്‍ശനമനുസരിച്ച് മൂലാധാരത്തെ പരിണാമത്തിന്റെ ആദ്യ സ്പന്ദനമായ മൂലപ്രകൃതിയായും തന്ത്രശാസ്ത്രത്തില്‍ കുണ്ഡലിനീശക്തി നിദ്രാവേളയില്‍ കിടക്കുന്ന സ്ഥാനമായും കണക്കാക്കുന്നു.

സംസ്‌കൃതത്തില്‍ ഈ സ്ഥാനത്തെ ബ്രഹ്മഗ്രന്ഥി എന്നു അറിയപ്പെടുന്നു. യോഗപാരമ്പര്യ സിദ്ധാന്തമനുസരിച്ച് മൂലാധാരത്തെ ലോഹിത (Crimson) നിറമുള്ള നാല് ദളത്തോടുകൂടിയ ഒരു പുഷ്പമായും ഓരോ ഇതളുകളിലും വം, ശം, ഷം, സം, എന്നീ നാലക്ഷരങ്ങള്‍ സ്വര്‍ണ്ണലിപികളാല്‍ എഴുതപ്പെട്ടതായും സങ്കല്പിച്ചിരിക്കുന്നു.

ആന ഭൂമിയിലെ ശക്തിയുള്ളതും എന്നാല്‍ ശാന്തമായതുമായ ജീവിയാണ്. മൂലാധാരത്തിലെ കുണ്ഡലിനിയും ഏറ്റവും ശക്തമാണെങ്കിലും മൂലാധാരത്തില്‍ അത് ഉറങ്ങിക്കിടക്കുകയാണെന്ന സങ്കല്പത്തെ ചിത്രീകരിച്ചുകൊണ്ട് മഞ്ഞ സമചതുരത്തിനുള്ളില്‍ ഏഴ് തുമ്പിക്കൈകളോടു കൂടിയ ഒരു ആനയുടെ രൂപം ഇതില്‍കാണാം.

ഇതിലെ ഏഴ് തുമ്പിക്കൈകള്‍ ശരീര പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ ഏഴ് പ്രധാന മിനറലുകളെ പ്രതിനിധീകരിക്കുന്നു. സംസ്‌കൃതത്തില്‍ ഇതിനെ സപ്തധാതുക്കള്‍ എന്നറിയപ്പെടുന്നു. ആനയുടെ മകളിലായി തലകീഴായ ഒരു ത്രികോണരൂപത്തെ കാണാം. ഇത് ഭൗതിക പ്രപഞ്ചത്തിന്റെ സൃഷ്ടിക്കു കാരണമായ മൂലപ്രകൃതിയേയും ത്രികോണത്തിനുള്ളില്‍ പുകപിടിച്ച ചാരനിറത്തോടുകൂടിയതും ആത്മാവിനെ പ്രതിനിധീകരിക്കുന്നതുമായ ഒരു ശിവലിഗവും അതിനെ മൂന്നര ചുറ്റില്‍ വലയം ചെയ്തുകൊണ്ട് ഒരു പാമ്പിന്റെ രൂപവും കാണാം. ഇതിലെ മൂന്നുചുറ്റുകള്‍ സത്വ രജസ്തമോഗുണങ്ങളെയും ബാക്കിയുള്ള അരച്ചുറ്റ് അതീന്ദ്രിയാവസ്ഥയേയും സൂചിപ്പിക്കുന്നു.

അപാന ശക്തിയുടെയും അന്നമയ കോശത്തിന്റെയും സൂക്ഷ്മതലമായ മൂലാധാരത്തില്‍ ധ്യാനിക്കുന്ന യോഗിക്ക് അറിവ് ശബ്ദശുദ്ധി, രോഗപ്രതിരോധശക്തി എന്നീ ഗുണങ്ങള്‍ വന്നുചേരുമെന്ന് പറയപ്പെടുന്നു.

മൂലാധാരവുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങള്‍

ബീജമന്ത്രം – ലം
ദേവന്‍ – ഗണേശന്‍
ദേവി – സാകിനി
തന്മാത്ര – ഗന്ധം
ജ്ഞാനേന്ദ്രിയം – മൂക്ക്
കര്‍മ്മേന്ദ്രിയം – ഗുദം
ലോകം – ഭൂഃ
വായു – അപാനന്‍
കോശം – അന്നമയം

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം