തുണ്ടയുടെ അറസ്റ്റ് പാകിസ്ഥാന്റെ പങ്ക് ഉറപ്പിക്കുന്നു

August 19, 2013 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

രണ്ടുദശാബ്ദമായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയും പോലീസും അന്വേഷിച്ചുവരുന്ന ലഷ്‌കര്‍ ഇ തോയിബ നേതാവ് അബ്ദുള്‍ കരീം തുണ്ടയുടെ അറസ്റ്റ് ഭീകര പ്രവര്‍ത്തനത്തിനെതിരെയുള്ള പോരാട്ടത്തില്‍ നിര്‍ണായകമാവുകയാണ്. ഇയാളെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് ഭാരതത്തില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നതില്‍ പാകിസ്ഥാന്റെ പങ്ക് കൂടുതല്‍ വ്യക്തമാവുന്നു. ഇതിനുമുമ്പും ഇന്ത്യന്‍ മണ്ണില്‍ ഭീകരരെ ഉപയോഗിച്ച് ചോരക്കളി നടത്തുന്നതില്‍ പാകിസ്ഥാന്റെ കറുത്തകരങ്ങളുണ്ടെന്ന് ഭാരതം പറയുമ്പോഴൊക്കെ അതു നിഷേധിക്കുകയാണ് ചെയ്തു വന്നത്. എന്നാല്‍ തുണ്ടയുടെ അറസ്റ്റ് പാക് ഭരണകൂടത്തെയും ഐ.എസ്.ഐയേയും ഞെട്ടിച്ചിരിക്കുമെന്നുറപ്പാണ്.

editorial-indian army-pbഇയാളെ ചോദ്യംചെയ്തതില്‍ വിലപ്പെട്ട ഒട്ടേറെ വിവരങ്ങള്‍ ലഭിച്ചുണ്ട്. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധ്ച്ച് ഡല്‍ഹിയില്‍ സ്‌ഫോടനം നടത്താന്‍ ഐ.എസ്.ഐ പദ്ധതിയിട്ടിരുന്നതായും അതിനു നിയോഗിച്ച ബബ്ബര്‍ ഖല്‍സ ഭീകരന്‍ രത്‌നദീപ് സിങ് ഇപ്പോഴും ഇന്ത്യയിലുണ്ടെന്നും തുണ്ട വെളിപ്പെടുത്തി. ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നത് ഇക്കഴിഞ്ഞ ജനുവരിയില്‍ നല്‍കിയ പാകിസ്ഥാന്‍ പാസ്‌പോര്‍ട്ടാണ്. ഭീകരര്‍ക്ക് ഐ.എസ്.ഐയാണ് പാസ്‌പോര്‍ട്ട് നല്‍കുന്നത്. ഭാരത്തിലെ ചെറുപ്പക്കാരുടെ ഇടയിലേക്ക് ഭീകരവാദം വളര്‍ത്തുകയും അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുകയുമാണ് തുണ്ടയുടെ ചുതമല. പാകിസ്ഥാനിലെ ഷെയ്ക്പുര ജില്ലയില്‍ ഇയാള്‍ക്ക് വീടും ഈ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിട്ടുണ്ട്. പാകിസ്ഥാനില്‍ മദ്രസകളുടെ ഒരു ശൃംഖല നടത്തുന്ന തുണ്ട പ്രഭാഷണത്തില്‍ കേരളത്തിലെ മദനിയെയും വെല്ലുമെന്നാണ് രഹസ്യാന്വേഷണവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ഇതിനു മുമ്പും ഭാരതത്തിന്റെ മണ്ണിലെ ഭീകരപ്രവര്‍ത്തനത്തിന് പങ്ക് ഉണ്ടെന്നതിന് തെളിവുകള്‍ ചൂണ്ടിക്കാണിച്ചപ്പോഴൊക്കെ ഒട്ടകപക്ഷിയെപ്പോല മണ്ണില്‍ തലപൂഴ്ത്തി നിഷേധിക്കുകയാണ് പാകിസ്ഥാന്‍ ചെയ്തത്. ലോക രാജ്യങ്ങള്‍ക്കു മുന്നിലൊന്നും പാകിസ്ഥാന് തങ്ങളുടെ നിരപരാധിത്തം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഭാരതത്തിന്റെ വളര്‍ച്ചയില്‍ അസൂയയും രോഷവും പൂണ്ട പാക് ഭരണകൂടം ഭാരതത്തെ ശിഥിലമാക്കുന്നതിന് ഭീകരതയെയാണ് കൂട്ടുപിടിച്ചിരിക്കുന്നത്. ഇത് ഒന്നുകൂടി തെളിവുകളുടെ അടിസ്ഥാനത്തില്‍ ചൂണ്ടിക്കാട്ടാനുള്ള അവസരമാണ് തുണ്ടയുടെ അറസ്റ്റോടുകൂടി ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ ഏതാനും നാളുകളായി വെടിനിര്‍ത്തല്‍ ലംഘിച്ചുകൊണ്ട് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വെടിവയ്പ്പ് തുടരുന്നതിനിടെയാണ് തുണ്ട അറസ്റ്റിലായിരിക്കുന്നത്. ഭീകരരെ കടത്തിവിടുന്നതിനായുള്ള മാര്‍ഗ്ഗമായാണ് വെടിവയ്പ്പിനെ പാകിസ്ഥാന്‍ ഉപയോഗിക്കുന്നത്. ഇക്കാര്യത്തില്‍ ശക്തമായ തിരിച്ചടി നമുക്ക് നല്‍കാനായിട്ടില്ല. പാകിസ്ഥാന്‍ ഭരണകൂടവും ഐ.എസ്.ഐയും പട്ടാളവും ഇന്ത്യാ വിരുദ്ധ വികാരം ഉപയോഗിച്ചാണ് എക്കാലവും തങ്ങളുടെ നില ഭദ്രമാക്കുന്നത്.

സഹനത്തിന്റെ നെല്ലിപ്പലക കണ്ടുകഴിഞ്ഞു ഭാരതം. കാശ്മീരിലും ഭാരതത്തിന്റെ മറ്റ് ഭാഗങ്ങളിലും ഭീകരപ്രവര്‍ത്തനത്തിന് പാകിസ്ഥാന്‍ ആളും അര്‍ത്ഥവും പരിശീലനവും നല്‍കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഇക്കാര്യത്തില്‍ നമ്മുടെ പ്രതിഷേധ സ്വരംകൊണ്ടൊന്നും പാകിസ്ഥാന്‍ പാഠം പഠിക്കാന്‍ പോകുന്നില്ല. എന്നും സഹനത്തിന്റെയും സമാധാനത്തിന്റെയും മാര്‍ഗ്ഗം ഭാരതത്തിനു സ്വീകരിച്ച് മുന്നോട്ട് പോകാനാവില്ല. തുണ്ടയുടെ ചോദ്യംചെയ്യലിലൂടെ വെളിപ്പെടുന്ന വസ്തുതകള്‍ ലോക സമൂഹത്തെ തുറന്നുകാട്ടി ഭീകരപ്രവര്‍ത്തിത്തിന് പാകിസ്ഥാന്റെ പങ്ക്  ബോധ്യപ്പെടുത്തണം. എന്നിട്ടും അത് ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ലെങ്കില്‍ ഭാരതമെന്ന രാഷ്ട്രത്തിന്റെ സുരക്ഷയ്ക്കും നിലനില്‍പ്പിനും എന്താണോ വേണ്ടത് അത് ചെയ്യാന്‍ തയ്യാറാവുകതന്നെ വേണം. ഇനിയും അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും അരുത്. ആ നിലയിലാണ് തുണ്ടയുടെ അറസ്റ്റിനെ കാണേണ്ടത്.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍