ട്രഷറി വകുപ്പിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ നാളെ മുതല്‍

August 19, 2013 കേരളം

തിരുവനന്തപുരം: ട്രഷറി വകുപ്പിലെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ നാളെ (ആഗസ്റ്റ് 20) മുതല്‍ 23 വരെ കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കും. ചടങ്ങുകളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ധനനിയമ ഭവന വകുപ്പ് മന്ത്രി കെ.എം.മാണി, വ്യവസായ ഐ.ടി. വകുപ്പ് മന്ത്രി കുഞ്ഞാലിക്കുട്ടി, ആരോഗ്യ വകുപ്പ് മന്ത്രി ശിവകുമാര്‍, എം.എല്‍.എ., മേയര്‍ തുടങ്ങിയ രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.

ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനവും പുരാവസ്തു പ്രദര്‍ശത്തിന്റെ ഉദ്ഘാടനവും ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് കനകക്കുന്നില്‍ ധനമന്ത്രി കെ.എം.മാണി നിര്‍വ്വഹിക്കും. മേയര്‍ അഡ്വ.കെ.ചന്ദ്രിക, ആരോഗ്യ മന്ത്രി വി.എസ്.ശിവകുമാര്‍, കെ.മുരളീധരന്‍ എം.എല്‍.എ., അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.കെ.എം.എബ്രഹാം, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വി.പി.ജോയ്, ട്രഷറി ഡയറക്ടര്‍ എസ്. ശ്രീകുമാര്‍, കൗണ്‍സിലര്‍ ലീലാമ്മ ഐസക് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. 21 ബുധനാഴ്ച രണ്ട് മണിക്ക് സംസ്ഥാന ധന മാനേജ്‌മെന്റില്‍ ട്രഷറിയുടെ പങ്ക് എന്ന വിഷയത്തിലുളള സെമിനാര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.

എം.എല്‍.എ. മാരായ തോമസ് ഉണ്ണിയാടന്‍, തോമസ് ഐസക്, ആസൂത്രണ ബോര്‍ഡ് അംഗം സി.പി.ജോണ്‍, സി.വി.പത്മരാജന്‍ എന്നിവര്‍ പങ്കെടുക്കും. സേവനത്തില്‍ നിന്ന് വിരമിച്ച ട്രഷറി ഡയറക്ടര്‍മാരെ ആദരിക്കുന്ന ഗുരുവന്ദനം പരിപാടി ആഗസ്റ്റ് 23 ന് മൂന്ന് മണിക്ക് വ്യവസായ വിവര സാങ്കേതിക വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. കെ.മുരളീധരന്‍ എം.എല്‍.എ. ചടങ്ങില്‍ അധ്യക്ഷനാകും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം