ആദിവാസിമേഖലയുടെ പിന്നാക്കാവസ്ഥ വെല്ലുവിളി: കേന്ദ്രമന്ത്രി ഡോ. ശശി തരൂര്‍

August 19, 2013 കേരളം

തിരുവനന്തപുരം: ആദിവാസി-തീരദേശ മേഖലകളുടെ പിന്നാക്കാവസ്ഥ നാം നേരിടുന്ന വലിയ വെല്ലുവിളിയാണെന്നും എല്ലാവരേയും മുഖ്യധാരയിലേയ്ക്ക് നയിച്ചാല്‍ മാത്രമേ കേരളത്തിന്റെ വികസനം പൂര്‍ണ്ണമാകൂവെന്നും കേന്ദ്രമാനവ വിഭവശേഷി വകുപ്പ് സഹമന്ത്രി ഡോ. ശശി തരൂര്‍ പറഞ്ഞു. കേരള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ തൈക്കാട് ഗവ. ഗസ്റ്റ്ഹൗസില്‍ സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

റ്റുവാര്‍ഡ്‌സ് എ ലേണിങ് സൊസൈറ്റി – റീച്ചിങ് ദ അണ്‍റീച്ച്ഡ് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലയിലെ വിദഗ്ദ്ധര്‍ പങ്കെടുത്തു. ഗ്യാന്‍വാണി എഫ്.എം. സ്റ്റേഷനുകളിലെ പ്രക്ഷേപണത്തിനായി തയ്യാറാക്കിയ പ്രക്ഷേപണ പരമ്പരകളുടെ സി.ഡി. ഒന്നും രണ്ടും ഭാഗങ്ങള്‍ ഡോ. ശശി തരൂര്‍ എ. പ്രഭാകരന് നല്‍കി പ്രകാശനം ചെയ്തു.

ദേശഭക്തി ഗാനങ്ങള്‍ ഉള്‍ക്കൊളളിച്ചുകൊണ്ടുളള മേഴ്‌സി പീറ്റര്‍ തയ്യാറാക്കിയ ദേശരാഗം പുസ്തകത്തിന്റെ പ്രകാശനം കോന്നി ഗോപകുമാറിന് ആദ്യപ്രതി നല്‍കിക്കൊണ്ട് അദ്ദേഹം നിര്‍വഹിച്ചു. സംസ്ഥാനസാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ. ഗീതാ സജീവ് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ ഡയറക്ടര്‍ ഡോ. ആശാ ബാലഗംഗാധരന്‍, ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം