ഇന്ധന ചോര്‍ച്ച; ജിഎസ്എല്‍വി ഡി 5 വിക്ഷേപണം മാറ്റി

August 19, 2013 പ്രധാന വാര്‍ത്തകള്‍

gsat-14-pbശ്രീഹരിക്കോട്ട: ഇന്ധനടാങ്കില്‍ ചോര്‍ച്ചയെ തുടര്‍ന്ന് ജിഎസ്എല്‍വി-ഡി 5 വിക്ഷേപണം മാറ്റിവച്ചു. വിക്ഷേപണത്തിന് ഒരു മണിക്കൂറും 14 മിനിറ്റും 20 സെക്കന്‍ഡും മാത്രം ബാക്കിയുള്ളപ്പോഴാണ് ജിസാറ്റ്-14 ഉപഗ്രഹം വിക്ഷേപിക്കാനുള്ള കൌണ്ട് ഡൌണ്‍ നിര്‍ത്തിവച്ചുകൊണ്ടുള്ള അറിയിപ്പ് വന്നത്. വൈകുന്നേരം 4.50 നായിരുന്നു വിക്ഷേപണം നിശ്ചയിച്ചിരുന്നത്. പുതിയ തിയതി പിന്നീട് പ്രഖ്യാപിക്കും. ജി സാറ്റ് 14 വിക്ഷേപിക്കാന്‍ 2010 ല്‍ രണ്ടുതവണ  ശ്രമിച്ചു പരാജയപ്പെട്ടിരുന്നു. അതിനുശേഷം ജിഎസ്എല്‍വി ദൗത്യത്തിന് ഐഎസ്ആര്‍ഒ നീണ്ട ഇടവേളയ്ക്കുശേഷമാണ് വീണ്ടും വിക്ഷേപണത്തിനൊരുങ്ങിയത്.

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ക്രയോജനിക് ജിഎസ്എല്‍വി-ഡി 5 ഉപഗ്രഹ വിക്ഷേപണ വാഹനത്തിലാണ് ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-14 വിക്ഷേപിക്കാന്‍ പദ്ധതിയിട്ടിരുന്നത്. വിക്ഷേപണം വിജയമായാല്‍ ക്രയോജനിക് രംഗത്ത് ചരിത്ര നേട്ടമാകും ഇന്ത്യ കൈവരിക്കുക. വിക്ഷേപണത്തിനുള്ള 29 മണിക്കൂര്‍ കൌണ്ട്ഡൌണ്‍ ഞായറാഴ്ച രാവിലെ 11.50 ന് ആരംഭിച്ചു. ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി കൌണ്ട് ഡൌണ്‍ നിര്‍ത്തിവച്ചുകൊണ്ടുള്ള തീരുമാനം വന്നത്. രണ്ടാമത്തെ ഇന്ധനടാങ്കില്‍ ചോര്‍ച്ച കണ്ടതാണ് കൌണ്ട് ഡൌണ്‍ നിര്‍ത്തിവയ്ക്കാന്‍ ഇടയാക്കിയതെന്നാണ് ഐഎസ്ആര്‍ഒ തലവന്‍ ഡോ. കെ.രാധാകൃഷ്ണന്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. മാധ്യമപ്രവര്‍ത്തകരുടെ കൂടുതല്‍ ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല. 1980 കിലോഗ്രാമാണ് ജിസാറ്റ്-14 ഉപഗ്രഹത്തിന്റെ ഭാരം. ആറ് സി ബാന്‍ഡ്, ആറ് കെയു ബാന്‍ഡ് ട്രാന്‍സ്പോന്‍ഡറുകളാണ് ഉപഗ്രഹത്തിലുള്ളത്. മൂന്നു വര്‍ഷങ്ങള്‍ക്കിടെ ഐഎസ്ആര്‍ഒയുടെ ഏഴു ജിഎസ്എല്‍വി വിക്ഷേപണങ്ങളില്‍ നാലെണ്ണമാണ് വിജയം കണ്ടത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍