പാക്കിസ്‌ഥാന്‍ വന്‍ഭീഷണിയെന്ന്‌ റഷ്യ

December 6, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

മോസ്‌കോ: ദക്ഷിണേഷ്യയില്‍ സുസ്‌ഥിരതയ്‌ക്ക്‌ ഏറ്റവും വലിയ ഭീഷണി പാക്കിസ്‌ഥാനാണെന്നു റഷ്യ കരുതുന്നതായും അതിനാല്‍2003 മുതല്‍ പാക്കിസ്‌ഥാന്‌ ആയുധം നല്‍കുന്നതു നിര്‍ത്തിവ ച്ചിരിക്കുകയാണെന്നും മോസ്‌കോയില്‍നിന്നു യുഎസ്‌ അംബാസഡര്‍ യുഎസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറിക്ക്‌ അയച്ച കത്തില്‍ പറയുന്നതായി വിക്കിലീക്‌സ്‌ വെളിപ്പെടുത്തി. ഇറാഖിനുള്ള ആയുധ വില്‍പനയും റഷ്യ നിര്‍ത്തിവച്ചിരിക്കുകയാണ്‌. ഇറാഖിലെ കലാപകാരികള്‍ക്കും അല്‍ ഖായിദ തീവ്രവാദികള്‍ക്കും ആയുധം `ചോരുന്നതായി കരുതുന്നതിനാലാണിത്‌.
ആയുധ വില്‍പന നടത്തുമ്പോള്‍ മേഖലയുടെ സുസ്‌ഥിരത കണക്കിലെടുക്കണമെന്ന നിലപാടാണു റഷ്യയ്‌ക്കുള്ളത്‌. പാക്കി സ്‌ഥാന്റെ ആയുധങ്ങള്‍ ഭീകരരുടെ പക്കലെത്തുമെന്ന നമ്മുടെ ആശങ്കതന്നെയാണ്‌ അവര്‍ക്കുമുള്ളത്‌ – കത്തില്‍ പറയുന്നു. ലഷ്‌കറെ തയിബയെയും ജമാഅത്തുദ്ദഅവയെയും അമര്‍ച്ച ചെയ്യണ മെന്നു മുംബൈ ഭീകരാക്രമണത്തിനു രണ്ടുവര്‍ഷം മുന്‍പുതന്നെ യുഎസ്‌ പാക്കിസ്‌ഥാനോട്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഫലമൊന്നുമുണ്ടായില്ല. 2006 നവംബര്‍ 27നു പാക്കിസ്‌ഥാനിലെ യുഎസ്‌ അംബാസഡര്‍ അയച്ച കത്തിലാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്‌. ലഷ്‌കറിനെ ഭീകര സംഘടനയായി യുഎന്‍ 2005ല്‍ പ്രഖ്യാപിച്ചശേഷമാണു പാക്ക്‌ വിദേശകാര്യ സെക്രട്ടറി, ദേശീയ സുരക്ഷാ സെക്രട്ടറി തുടങ്ങിയവരോടെല്ലാം യുഎസ്‌ ആവശ്യം ഉന്നയിച്ചത്‌.
എന്നാല്‍ ഒരുദ്യോഗസ്‌ഥനും നടപടിയെടുക്കാന്‍ സന്നദ്ധത കാട്ടിയില്ല. പ്രതിരോധ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്‌ഥനാകട്ടെ താന്‍ ലഷ്‌കറെ തയിബയില്‍ അംഗമാണെന്നതില്‍ അഭിമാനിക്കു ന്നതായും ഇത്തരത്തിലുള്ള ഏതു സംഘടന ആവശ്യപ്പെട്ടാലും സഹായിക്കുമെന്നും പറഞ്ഞു. മുംബൈ ആക്രമണം നടത്തിയ ലഷ്‌കറെ തയിബ അംഗങ്ങള്‍ കേസ്‌ നടപടികള്‍ വൈകിക്കാന്‍ ശ്രമിക്കുന്നതായും രേഖകളില്‍ പറയുന്നു.യുഎസ്‌ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ ചൈന വിടുന്നതിലേക്കു നയിച്ച രഹസ്യം ഇതാദ്യമായി പുറത്തായി. ചൈനീസ്‌ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയുടെ പൊളിറ്റ്‌ബ്യൂറോയില്‍ അഞ്ചാം സ്‌ഥാനക്കാരനായ ലി ചാങ്‌ചുന്‍ ഗൂഗിളില്‍ തന്നെപ്പറ്റി സെര്‍ച്‌ ചെയ്‌തപ്പോള്‍ തന്നെ വിമര്‍ശിക്കുന്ന ലേഖനങ്ങളാണു കിട്ടിയത്‌.
ക്ഷുഭിതനായ ലി, ഗൂഗിളിന്റെ ശത്രുവായി മാറി. ഇന്റര്‍നെറ്റ്‌ സെന്‍ സറിങ്‌ തര്‍ക്കമുയര്‍ത്തിയതോടെ 40 കോടി ഇന്റര്‍നെറ്റ്‌ ഉപയോക്‌താക്കളുള്ള ചൈനയില്‍നിന്നു ഗൂഗിള്‍ പിന്മാറുകയായിരുന്നു.ആക്രമണോത്സുകമായ നിലപാടു കാരണം ചൈനയ്‌ക്കു ലോക മാകെ സുഹൃത്തുക്കളെ നഷ്‌ടപ്പെടുകയാണെന്നും ഇന്ത്യയുടെയും ജപ്പാന്റെയും യൂറോപ്യന്‍ യൂണിയന്റെയും മറ്റും ചൈനീസ്‌ അംബാസഡര്‍മാര്‍ക്ക്‌ ഇതേ അഭിപ്രായമാണുള്ളതെ ന്നും ചൈനയിലെ യുഎസ്‌ അംബാസഡര്‍ അയച്ച കത്തില്‍ വ്യക്‌തമാക്കി.ഇതിനിടെ, വിക്കിലീക്‌സിന്റെ പുതിയ വെബ്‌സൈറ്റിലേക്കു (wikileaks.ch) പ്രവേശനം നല്‍കുന്ന സെര്‍വറും പ്രവര്‍ത്തനരഹിതമായി.
ഫ്രാന്‍സിലെ സെര്‍വര്‍ നിലച്ചതിനാല്‍ പകരം സ്വീഡനിലെ സെര്‍വര്‍ ഉപയോഗപ്പെടുത്താന്‍ നടപടി തുടങ്ങി.യുഎസിന്റെ മുഖം വിക്കിലീക്‌സ്‌ വികൃതമാക്കിയതോടെ യുഎസ്‌ അംബാസഡര്‍ മാര്‍ക്ക്‌ ഒരിടത്തും വിലയില്ലാതായി. പല സര്‍ക്കാരുകളെയും വിരട്ടാനും നിലയ്‌ക്കുനിര്‍ത്താനും കഴിഞ്ഞിരുന്ന അംബാസഡര്‍ മാരെ ഇപ്പോള്‍ ആരും വകവയ്‌ക്കുന്നില്ല. `കട പൂട്ടിപ്പോയതു പോലെ യാണു ഞങ്ങളിപ്പോള്‍. അത്രയ്‌ക്കു മോശമാണു സ്‌ഥിതി. ഞങ്ങളോടൊന്നു മിണ്ടാന്‍പോലും ആര്‍ക്കും താല്‍പര്യമില്ല.
സര്‍ക്കാരുകളുമായി ബന്ധപ്പെട്ടവര്‍ മിണ്ടിയാല്‍ത്തന്നെ ഇതു നിങ്ങള്‍ എഴുതി അറിയിക്കുമോ എന്നാണ്‌ ആശങ്കയോടെ ചോദിക്കുന്നത്‌. അല്ലാത്തവരാകട്ടെ മിണ്ടാന്‍പോലും മടിക്കുന്നു. പഴയ വിശ്വാസം വീണ്ടെടുക്കാന്‍ ഇനിയൊരു അഞ്ചുവര്‍ഷം വരെ വേണ്ടിവന്നേക്കാം – പേരു വെളിപ്പെടുത്താന്‍ മടിച്ച ഒരു അംബാസഡര്‍ പറഞ്ഞു.ആകെയുള്ള 2,51,287 ഫയലുകളില്‍ ഇതുവരെ വിക്കിലീക്‌സ്‌ പുറത്തുവിട്ടത്‌ 1,100 എണ്ണം മാത്രം. ഇനിയുള്ള മാസങ്ങളില്‍ ബാക്കിയുള്ളവ പുറത്തുവന്നുകൊണ്ടിരിക്കും.
ഇതേസമയം, സുരക്ഷാവകുപ്പ്‌ അനുവദിക്കാതെ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാരായ ആരും വിക്കിലീക്‌സ്‌ ചോര്‍ത്തിയ ഫയലുകള്‍ സര്‍ക്കാരിന്റെ കംപ്യൂട്ടറുകളില്‍ ഡൗണ്‍ലോഡ്‌ ചെയ്‌തു വായിക്കരുതെന്ന്‌ ഒബാമ ഭരണകൂടം നിര്‍ദേശം നല്‍കി. രഹസ്യരേഖകള്‍ എവിടെയാണെങ്കിലും രഹസ്യരേഖകള്‍ തന്നെ. അവയുടെ രഹസ്യ സ്വഭാവം നീക്കുന്നതുവരെ വായിക്കാന്‍ പാടില്ലെന്നു ജീവനക്കാര്‍ക്കുള്ള നോട്ടിസില്‍ പറയുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍