ഓഹരിവിപണിയില്‍ ഇടിവ് തുടരുന്നു

August 20, 2013 ദേശീയം

മുംബൈ: രൂപയുടെ വിനിമയ മൂല്യത്തില്‍ വീണ്ടും ഇടിവ്. രാവിലത്തെ വ്യാപാരത്തില്‍ ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം 64.15 ലെത്തി. രൂപയുടെ മൂല്യത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ തകര്‍ച്ചയാണിത്. തിങ്കളാഴ്ച 63.13 എന്ന നിരക്കില്‍ ക്ളോസ് ചെയ്ത വിനിമയ മൂല്യം രാവിലത്തെ വ്യാപാരത്തില്‍ 63.75 എന്ന നിലയിലെത്തുകയായിരുന്നു. ആറു ദിവസങ്ങള്‍ക്കുള്ളില്‍ രൂപയുടെ മൂല്യത്തില്‍ അഞ്ച് ശതമാനത്തോളമാണ് ഇടിവുണ്ടായിരിക്കുന്നത്. രൂപയുടെ മൂല്യത്തകര്‍ച്ച ഓഹരി വിപണിയിലും തിരിച്ചടിക്ക് കാരണമായി. സെന്‍സെക്സ് 18000 പോയിന്റില്‍ താഴെയെത്തി. 2012 സെപ്തംബര്‍ 13 നു ശേഷം ആദ്യമായാണ് സെന്‍സെക്സ് 18,000 പോയിന്റില്‍ താഴേക്ക് കൂപ്പുകുത്തുന്നത്. 300 പോയിന്റിലധികമാണ് രാവിലെ സെന്‍സെക്സില്‍ നഷ്ടമുണ്ടായത്. 141 ഓഹരികള്‍ക്ക് നേരിയ നേട്ടമുണ്ടാക്കാനായപ്പോള്‍ 335 ഓഹരികള്‍ക്കും നഷ്ടമായിരുന്നു നേരിട്ടത്. നിഫ്റ്റിയിലും സമാനമായ ഇടിവുണ്ടായി. 100 പോയിന്റോളം താഴ്ന്ന് 5300 ലേക്കാണ് നിഫ്റ്റി എത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം