നിത്യോപയോഗ മരുന്നുകളുടെ വില വര്‍ദ്ധിപ്പിക്കുന്നു

August 20, 2013 കേരളം

തിരുവനന്തപുരം: ജീവന്‍രക്ഷാ മരുന്നുകളുടെ വില കുറയ്ക്കുന്ന ഉത്തരവിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ നിത്യോപയോഗ മരുന്നുകളുടെ വില വര്‍ദ്ധിപ്പിക്കുന്നു. കൊളസ്‌ട്രോള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയവയ്ക്കുള്ള വിലയാണ് വര്‍ദ്ധിപ്പിച്ചത്. അഞ്ച് ഘട്ടങ്ങളായി നടത്തുന്ന വിലനിയന്ത്രണത്തിന്റെ രണ്ടാം ഘട്ടം മുതലാണ് കൊളസ്‌ട്രോള്‍ , പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയവയ്ക്കുള്ള മരുന്നുകളുടെ വില വര്‍ധിപ്പിച്ചത്.  വിലനിയന്ത്രണം നടപ്പാക്കുന്നതോടെ നിത്യോപയോഗ മരുന്നുകള്‍ക്ക് 30 ശതമാനം വിലകുറയുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നതെങ്കിലും 30 ശതമാനം മുതല്‍ 50 ശതമാനം വരെ വില വര്‍ധിപ്പിച്ചാണ് ഉത്തരവ് പുറത്തിറക്കിയത്. കേന്ദ്രസര്‍ക്കാര്‍ ആരോഗ്യനയത്തിന്റെ ഭാഗമായി 293 മരുന്നുകള്‍ക്ക് വിലനിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു.

ജീവന്‍ രക്ഷാ മരുന്നുകളുടെ വില കുറച്ചത് മൂലം കമ്പനിക്കുണ്ടാകുന്ന നഷ്ടം നികത്താനാണ് നിത്യോപയോഗ മരുന്നുകളുടെ വില സര്‍ക്കാര്‍ വര്‍ധിപ്പിച്ചതെന്നാണ് ആരോപണം. എന്നാല്‍ വില നിയന്ത്രണ ഉത്തരവ് പാലിക്കാത്ത മെഡിക്കല്‍ സ്റ്റോറുകളില്‍ പഴയ വിലയില്‍ തന്നെയാണ് മരുന്നുകള്‍ വില്‍ക്കുന്നത്. ഉത്തരവ് പ്രകാരം വിലവര്‍ധിപ്പിച്ച മരുന്നുകള്‍ മാത്രം ആ വിലയ്ക്ക് നല്‍കുമ്പോള്‍ വിലതാഴ്ത്തിയ മരുന്നുകള്‍ പഴയ വിലയ്ക്ക് തന്നെ വില്‍ക്കുന്നതും കുറവല്ല. ഇതോടെ നിത്യോപയോഗ മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് കനത്ത തിരിച്ചടിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം