ബീഹാറിലേത് ഒഴിവാക്കാമായിരുന്ന ദുരന്തം

August 20, 2013 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

ബീഹാറിലെ ഖഗാരിയ ജില്ലയിലെ ധമാരാഘാട്ട് സ്റ്റേഷനില്‍ ഇന്നലെ രാവിലെ ഉണ്ടായ തീവണ്ടി ദുരന്തത്തില്‍ പതിമൂന്ന് സ്ത്രീകളും നാലു കുട്ടികളും ഉള്‍പ്പടെ 37തീര്‍ത്ഥാടകര്‍ ദാരുണമായി മരിച്ചു. 30ഓളം പേര്‍ക്ക് പരിക്കുണ്ട്. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. പാളം മുറിച്ചുകടക്കുന്നതിനിടെ പാട്‌നയിലേക്കുപോകുകയായിരുന്ന രാജ്യറാണി എക്‌സ്പ്രസ് തീര്‍ത്ഥാടകരുടെ ഇടയിലേക്കു പാഞ്ഞുകയറിയതാണ് അപകടത്തിന് ഇടയാക്കിയത്.

editorial-bihar train accidentകത്യായനിസ്ഥാന്‍ ക്ഷേത്രത്തില്‍ ശിവഭഗവാന് ധാരനടത്താന്‍ എത്തിയവരായിരുന്നു തീര്‍ത്ഥാടകര്‍. ശ്രാവണമാസത്തിലെ അവസാനത്തെ തിങ്കളാഴ്ചയായതിനാല്‍ വന്‍ തീര്‍ത്ഥാടക തിരക്കാണുണ്ടായത്. ക്ഷേത്രത്തിലേക്കു പോകാന്‍ ഒരു പാസഞ്ചര്‍ തീവണ്ടിയിലെത്തിയ തീര്‍ത്ഥാടകര്‍ വണ്ടിയില്‍ നിന്നിറങ്ങി പാളം മുറിച്ച് മറുഭാഗത്തേക്കു പോകുകയായിരുന്നു. ഈ സമയം 80കിലോമീറ്റര്‍ വേഗത്തില്‍ എത്തിയ എക്‌സ്പ്രസ് ട്രെയിനാണ് തീര്‍ത്ഥാടകരുടെ മരണത്തിന് ഇടയാക്കിയത്. തീര്‍ത്ഥാടകര്‍ പാളംമുറിച്ചുകടക്കുന്നത് ലോക്കോപൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടെങ്കിലും വേഗതകൂടുതലായതിനാല്‍ നിര്‍ത്താനായില്ല.

റെയില്‍വേ നിയമപ്രകാരം പാളം മുറിച്ചുകടക്കുന്നത് കുറ്റകരമാണ്. അത്തരം അപകടത്തില്‍പ്പെട്ടാല്‍ റെയില്‍വേക്ക് നഷ്ടപ്രകാരം നല്‍കാന്‍ ബാദ്ധ്യതയില്ല. എന്നാല്‍ ഉത്തരേന്ത്യയില്‍ തീര്‍ത്ഥാടക പ്രവാഹമുണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ റെയില്‍വേസ്റ്റേഷനുകളില്‍ പാളംമുറിച്ചുകടക്കുന്നത് പലപ്പോഴും നിയന്ത്രിക്കാനാവില്ല. അത്തരം വേളകളില്‍ ആ സ്‌റ്റേഷനില്‍ വരുന്ന ട്രെയിനുകളിലെ ലോക്കോപൈലറ്റുമാര്‍ക്ക് മുന്നറിയിപ്പു നല്‍കാറുണ്ട്. ആ സ്റ്റേഷനുകളില്‍ സ്റ്റോപ്പില്ലെങ്കില്‍പോലും വളരെ വേഗതകുറച്ചാകും ട്രെയിനുകള്‍ കടന്നുപോകുക. അതിനാല്‍ ട്രെയിന്‍ വരുന്നതുകണ്ടാല്‍ ആളുകള്‍ക്ക് മാറാനും കഴിയും. ഇന്നലത്തെ അപകടത്തില്‍ രാജ്യറാണി ട്രെയിനിന്റെ ലോക്കോപൈലറ്റിന് നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിരുന്നില്ല എന്നുവേണം കരുതേണ്ടത്. അതിനാലാണ് എണ്‍പത് കിലോമീറ്റര്‍ വേഗതയില്‍ ട്രെയിന്‍ അവിടേക്ക് കടന്നുവന്നത്. ഗുരുതരമായ വീഴ്ച സംഭവിച്ചിരിക്കുന്നത് അവിടത്തെ സ്‌റ്റേഷന്‍ മാസ്റ്റര്‍ക്കുതന്നെയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിയമം നോക്കാതെ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ ബാദ്ധ്യസ്ഥരാണ്.

പാളം മുറിച്ചുകടക്കുന്നതിനിടെ വര്‍ഷംതോറും പതിനയ്യായിരത്തോളം പേരാണ് മരിക്കുന്നതെന്നാണ് കണക്ക്. ഇത് ഇന്ത്യയിലാകമാനം ഒറ്റപ്പെട്ട സംഭവങ്ങളിലാണ്. കാവല്‍ക്കാരില്ലാത്ത ആയിരക്കണക്കിന് ലെവല്‍ക്രോസുകള്‍ ഇന്നുമുണ്ട്. അവിടെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതുകൂടാതെ കാല്‍നടയാത്രക്കാര്‍ക്കും ജീവഹാനി ഉണ്ടാകുന്നുണ്ട്. കൂടാതെ സ്റ്റേഷനുകളില്‍ നിന്നകലെ ഇതുപോലെ ജനക്കൂട്ടം പാളംമുറിച്ചുകടക്കുന്നതിനിടെ അപകടം നടന്നിട്ടുണ്ട്. എന്നാല്‍ ഒരു സ്റ്റേഷനില്‍ ഇത്തരം സംഭവം ഉണ്ടാകുന്നത് ആദ്യമാണ്.

ഇപ്പോഴത്തെ ദുരന്തത്തില്‍ റെയില്‍വേയുടെ ഭാഗത്ത് നിയമപരമായി ന്യായങ്ങള്‍ ഉണ്ടെങ്കിലും വിലപ്പെട്ട മനുഷ്യജീവന്‍ ബലികൊടുത്തതില്‍ അവര്‍ക്ക് ന്യായീകരണം കണ്ടെത്താനാകില്ല. അതുകൊണ്ടുതന്നെ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ ഇനിയെങ്കിലും തയ്യാറാകണം. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും ജീവനുപകരമാകില്ല. ഈ ദുരന്തത്തില്‍നിന്ന് റെയില്‍വേ പാഠം ഉള്‍ക്കൊണ്ട് ഇത്തരം സന്ദര്‍ഭങ്ങളില്‍ ലോക്കോപൈലറ്റുമാര്‍ക്ക് മുന്‍കൂര്‍ നിര്‍ദ്ദേശം നല്‍കാന്‍ ഇനിയെങ്കിലും റെയില്‍വേ തയാറാകണം. ദുരന്തം ഉണ്ടായതിനുശേഷം പരിതപിക്കുന്നതിനേക്കാള്‍ നല്ലത് അത് സംഭവിക്കാതെ നോക്കുന്നതിലാണ്. ഇക്കാര്യത്തില്‍ റെയില്‍വേക്ക് വന്‍ ഉത്തരവാദിത്തം ഉണ്ടെന്നകാര്യം മറക്കരുത്.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍