സര്‍ക്കാര്‍ ഉദ്യോഗത്തിന് മലയാളം അറിയേണ്ടേ ?

August 21, 2013 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

ഭാഷയാണ് സംസ്ഥാന രൂപീകരണത്തിന് അടിസ്ഥാനമായി സ്വീകരിച്ചത്. ആനിലയിലാണ് കേരളത്തിന്റെ മാതൃഭാഷ മലയാളമായത്. എന്നാല്‍ ബ്രിട്ടീഷ് ഭരണത്തിന്റെ പിന്തുടര്‍ച്ച എന്ന നിലയില്‍ സ്വാതന്ത്ര്യം ലഭിച്ച് ആറുപതിറ്റാണ്ടു പിന്നിട്ടിട്ടും ഇന്നും സര്‍ക്കാര്‍ കാര്യങ്ങള്‍ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്നത് ഇംഗ്ലീഷിലൂടെയാണ്. ഭരണഭാഷയും കോടതി ഭാഷയുമൊക്കെ മലയാളത്തിലാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. ഇതിനു കൂടുതല്‍ ഊര്‍ജ്ജം പകരുന്നതായി മലയാളത്തിന്റെ ശ്രേഷ്ഠഭാഷാ പദവി.

editorial-mal-sliderകേരളത്തില്‍ ഇന്ന് ജനങ്ങള്‍ പൊതവെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനായി തങ്ങളുടെ കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. അന്തര്‍ദ്ദേശീയ ഭാഷയെന്ന നിലയില്‍ ഇംഗ്ലീഷിന് അതിന്റേതായ പ്രാധാന്യമുണ്ട്. എന്നാല്‍ മലയാളത്തെ മറന്നുകൊണ്ടുള്ള ഇംഗ്ലീഷ് ഭാഷാപഠനത്തെ ഒരുതരത്തിലും അംഗീകരിക്കാനാവില്ല. മാതൃഭാഷ കഴിഞ്ഞിട്ടുവേണം മറ്റേതുഭാഷയിലുമുള്ള പഠനം. ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്ന ഒരുവിഭാഗം കുട്ടികള്‍ ലയാളം വായിക്കാനോ എഴുതാനോ അറിയാത്ത അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് സിബിഎസ്‌സി സ്‌കൂളുകളുള്‍പ്പെടെ മലയാളം ഭാഷാപഠനം നിര്‍ബന്ധമാക്കാന്‍ നീക്കം നടന്നത്. എന്നാല്‍ അത് എങ്ങുമെത്തിയില്ല. മാതൃഭാഷ എന്നനിലയില്‍ മലയാളത്തെ ഒന്നാം ഭാഷയായി നിര്‍ബന്ധപൂര്‍വം സംസ്ഥാനത്തെ എല്ലാസ്‌കൂളുകളിലും പഠിപ്പിക്കുന്നതിന് നടപടിയെടുക്കാന്‍പോലും സര്‍ക്കാരിനു കഴിഞ്ഞില്ല.

ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാന്‍ പത്താംക്ലാസുവരെയെങ്കിലും മലയാളം പഠിച്ചിരിക്കണമെന്ന തീരുമാനം ഇഴിഞ്ഞ ജൂലൈ 24ന് സംസ്ഥാന മന്ത്രിസഭ എടുത്തത് ശൂഭോദര്‍ക്കമായ കാല്‍വയ്പ്പായാണ് കണ്ടത്. പത്താംക്ലാസുവരെ മലയാളം പഠിച്ചില്ലാത്തവര്‍ പ്രൊബേഷന്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് മലയാളത്തില്‍ യോഗ്യതാപരീക്ഷ പാസായിരിക്കണമെന്നായിരുന്നു വ്യവസ്ഥ. പൊതുവിദ്യാഭ്യാസവകുപ്പും ഔദ്യോഗിക ഭാഷാവകുപ്പും ഈ തീരുമാനത്തോടുയോജിക്കുകയും പിഎസ്‌സിയോട് നിര്‍ദ്ദേശം ചോദിക്കുകയും ചെയ്തു. ഇതിന് ചട്ടങ്ങളില്‍ ഭേദഗതി വരുത്തണം. അതിനുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ ഇതുസംബന്ധിച്ച ഫയല്‍ മന്ത്രിസഭയുടെ മുന്നിലെത്തിയപ്പോള്‍ സര്‍ക്കാര്‍ജോലിക്ക് മലയാളം അറിയണമെന്ന ഉത്തരവ് പിന്‍വലിക്കാനാണ് തീരുമാനിച്ചത്. ഭാഷാന്യൂനപക്ഷ വിഭാഗങ്ങളുടെ സമ്മര്‍ദ്ദമാണ് ഇതിനുകാരണം.

കേരളത്തില്‍ തൊണ്ണൂറ്റിയാറിലേറെ ശതമാനം പേര്‍ മലയാളം മാതൃഭാഷയായുള്ളവരാണ്. അവരുടെ താല്‍പര്യങ്ങളെ ബലികഴിച്ചുകൊണ്ടാണ് സര്‍ക്കാര്‍ പുതിയ തീരുമാനത്തിന് വഴിപ്പെട്ടിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലൊക്കെ സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ മാതൃഭാഷ അറിയണമെന്ന് നിര്‍ബന്ധമാണ്.

ഒരു ജനതയുടെ സ്വത്വം രൂപപ്പെടുന്നത് അവരുടെ മാതൃഭാഷയിലൂടെയാണ്. അത് അഭിമാനമായി നെഞ്ചിലേറ്റുന്ന ഒരു ജനതയ്ക്കുമാത്രമേ മണ്ണില്‍ കാലുറപ്പിച്ചു നിന്ന് ആകാശത്തോളം വളരാന്‍ കഴിയൂ. ഭാഷാസ്‌നേഹം എന്താണെന്ന് തമിഴ് സംസാരിക്കുന്ന ജനതയെ കണ്ടുപഠിക്കണം. അന്ധമായ ഭാഷാസ്‌നേഹത്തില്‍ ദേശവികാരത്തെ മറക്കണമെന്നല്ല ഇതിനര്‍ത്ഥം. സ്വന്തം കാല്‍ചുവട്ടിലെ മണ്ണ് പവിത്രമാണെന്ന തിരിച്ചറിവാണ് ആദ്യംവേണ്ടത്. അതിന് തുടക്കമിടേണ്ടത് ഭാഷാസ്‌നേഹത്തിലൂടെ തന്നെയാണ്.

മലയാളം അറിയാത്തവര്‍ക്ക് സര്‍ക്കാര്‍ജോലി ലഭിച്ചാല്‍ ഭാവിയില്‍ ഭരണഭാഷ പൂര്‍ണമായും മലയാളമായി മാറുമ്പോള്‍ അവര്‍ക്ക് എങ്ങനെ തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ കഴിയുമെന്നത് ഭരണകര്‍ത്താക്കള്‍ മറന്നുപോയെന്നു തോന്നുന്നു. മതഭൂരിപക്ഷത്തെ അധികാര മേല്‍ക്കോയ്മയിലൂടെ ന്യൂനപക്ഷങ്ങള്‍ കീഴടക്കുന്നത് കേരളം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഭാഷാപരമായ തീരുമാനങ്ങളിലും ന്യൂനപക്ഷ സമ്മര്‍ദ്ദം പ്രകടമാകുന്നുവെന്നത് കേരളത്തിന്റെ പോക്ക് എങ്ങോട്ടാണ് എന്നതിന്റെ ദുഃസൂചനയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍