മംഗല്യനിധി പദ്ധതി: ആക്ഷേപങ്ങളുണ്ടെങ്കില്‍ പരിശോധിക്കുമെന്നു ധനമന്ത്രി

August 21, 2013 കേരളം

തിരുവനന്തപുരം: മംഗല്യനിധി പദ്ധതിയുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് ധനമന്ത്രി കെ.എം. മാണി. ട്രഷറി വകുപ്പിന്റെ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഓഡിറ്റോറിയങ്ങളില്‍ വിവാഹം നടത്തുന്നവര്‍ അത്ര പാവപ്പെട്ടവരല്ലെന്നും പാവപ്പെട്ടവര്‍ സ്വന്തം വീടുകളിലാണ് വിവാഹം നടത്തുന്നതെന്നും മാണി പറഞ്ഞു. പദ്ധതി ആരംഭിച്ചിട്ടേയുള്ളു. ഇതുസംബന്ധിച്ച് ഉണ്ടാകുന്ന ആക്ഷേപങ്ങള്‍ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുനിസിപ്പാലിറ്റികളിലെ ഓഡിറ്റോറിയങ്ങളില്‍ വിവാഹം നടത്തുന്നവരില്‍ നിന്നു സര്‍ക്കാര്‍ കൂടുതല്‍ തുക ഈടാക്കുന്നതായി ഉയര്‍ന്നുവന്ന ആക്ഷേപം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.

നിര്‍ധനരായ പെണ്‍കുട്ടികളുടെ വിവാഹത്തിനു ധനസഹായം നല്‍കുക എന്ന ലക്ഷ്യത്തോടെയാണു സര്‍ക്കാര്‍ മംഗല്യനിധി രൂപീകരിച്ചത്. ഈ വര്‍ഷത്തെ ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ഓഡിറ്റോറിയങ്ങളില്‍ ആഡംബര വിവാഹം നടത്തുന്നവരുടെ കൈയില്‍ നിന്നും പദ്ധതിയിലേക്ക് ധനസമാഹരണം നടത്തുകയാണ് ചെയ്യുന്നത്. അഞ്ഞൂറിനു മുകളില്‍ സീറ്റുള്ള എസി ഓഡിറ്റോറിയങ്ങളില്‍ വിവാഹം നടത്തുന്ന കുടുംബങ്ങളില്‍ നിന്നു 10,000 രൂപയും നോണ്‍ എസി ഓഡിറ്റോറിയങ്ങളിലാണെങ്കില്‍ മുനിസിപ്പാലിറ്റി പരിധിയില്‍ 5,000 രൂപയും പഞ്ചായത്തുകളില്‍ 3,000 രൂപയുമാണ് ഈടാക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം