സംസ്ഥാനത്തെ തകര്‍ന്ന റോഡുകളുടെ നവീകരണത്തിന് 433 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി

August 21, 2013 കേരളം

CMതിരുവനന്തപുരം: കാലാവസ്ഥക്കെടുതിയില്‍ തകര്‍ന്ന സംസ്ഥാനത്തെ റോഡുകള്‍ അറ്റകുറ്റപ്പണികള്‍ക്കായി പിഡബ്ള്യൂഡി സമര്‍പ്പിച്ച 433 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭായോഗം ഭരണാനുമതി നല്‍കി. ഇതിനായി ബജറ്റില്‍ വകയിരുത്തിയതിനു പുറമേ പിഡബ്ള്യൂഡിക്ക് 200 കോടി രൂപ അധികം നല്‍കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

റോഡുകളുടെ നിലവിലെ സ്ഥിതി എല്ലാ ജില്ലകളിലും നേരിട്ടെത്തി പരിശോധിച്ച് അറ്റകുറ്റപ്പണിക്കുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് പൊതുമരാമത്ത് മന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതനുസരിച്ച് ഏഴ് ജില്ലകളില്‍ മന്ത്രി സന്ദര്‍ശനം നടത്തി. ബാക്കി ഏഴ് ജില്ലകളില്‍ ഈ മാസം 31 നകം പരിശോധനകള്‍ പൂര്‍ത്തിയാകും. ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നാണ് റോഡുകളുടെ അവസ്ഥ വിലയിരുത്തുന്നത്. ഒരു മാസം കൊണ്ട് തകര്‍ന്ന റോഡുകളെല്ലാം ഗതാഗത യോഗ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിപണി ഇടപെടല്‍ നയത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

വിപണിയില്‍ സാധനങ്ങളുടെ ലഭ്യത പൂര്‍ണമായി ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെങ്ങന്നൂര്‍-തിരുവനന്തപുരം, ചെങ്ങന്നൂര്‍ ഹരിപ്പാട് റെയില്‍ പാതകളില്‍ ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം ഏര്‍പ്പെടുത്തി മെമു സര്‍വീസ് ആരംഭിക്കാന്‍ തത്വത്തില്‍ അംഗീകാരം നല്‍കി. റെയില്‍വേയുമായി ചേര്‍ന്ന് ഇതിന്റെ സാധ്യതകള്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സ്റേഷനുകളിലും നിര്‍ത്തി ആളുകള്‍ക്ക് കയറാന്‍ സൌകര്യമൊരുക്കുന്ന സര്‍വീസ് ആണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. റോഡിലെ ഗതാഗതത്തിരക്ക് കുറയാന്‍ ഇത് സഹായിക്കുമെന്നും മോണോ റെയിലും എക്സ്പ്രസ് ഹൈവേയും അപേക്ഷിച്ച് ഇതിന് ചെലവ് കുറവാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ടു ലക്ഷം രൂപ കൂടി നല്‍കും. നേരത്തെ രണ്ട് ലക്ഷത്തി പതിനായിരം രൂപ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കാലവര്‍ഷക്കെടുതികള്‍ വിലയിരുത്താന്‍ ഇടുക്കി ജില്ലയില്‍ റവന്യൂമന്ത്രിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച യോഗം ചേരും. പ്രധാനമന്ത്രിയുടെ ധനസഹായത്തിന് അര്‍ഹരായവരുടെ പട്ടിക കേന്ദ്ര സര്‍ക്കാരിന് അയച്ചുകൊടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ധനസഹായത്തിന് അര്‍ഹരായവര്‍ അവകാശ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണമെന്ന നിബന്ധന നിര്‍ബന്ധമാക്കില്ലെന്നും സഹായവിതരണത്തില്‍ കാലതാമസമുണ്ടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് ഇത് ഒഴിവാക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം