ഹൊസ്‌നി മുബാറക്കിനെ ജയില്‍ മോചിതനാക്കണമെന്ന് കോടതി

August 21, 2013 രാഷ്ട്രാന്തരീയം

കെയ്റോ: ജീവപര്യന്തം തടവില്‍ കഴിയുന്ന മുന്‍  ഈജിപ്ത് പ്രസിഡന്റ് ഹൊസ്‌നി മുബാറക്കിനെ ജയില്‍ മോചിതനാക്കണമെന്ന് കോടതി. മുബാറക്ക് ശിക്ഷ അനുഭവിച്ചു വരുന്നതിനിടയിലാണ് കോടതി ഉത്തരവുണ്ടായത്. കഴിഞ്ഞ വര്‍ഷമാണ് 85കാരനായ മുബാറക്കിന് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷക്കെതിരെ മുബാറക്ക് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ഈജിപ്ത് കോടതി പുനര്‍ വിചാരണയ്ക്ക് ഉത്തരവിട്ടിരുന്നു.

ഈജിപ്തില്‍ സര്‍ക്കാരിനെതിരെ വിപ്ലവം നടത്തിയ പ്രക്ഷോഭകാരികളെ വധിച്ച കേസിലാണ് മുബാറക്കിനെ ജയിലിലാക്കിയത്. പുതിയ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുബാറക്ക് നാളെ ജയില്‍ മോചിതനാകുമെന്നാണ് കരുതുന്നത്. അതേസമയം വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കലാപ രൂക്ഷിതമായിരിക്കുന്ന ഈജിപ്തില്‍ മുബാറക്കിന്റെ വരവ് ഒരു പുതിയ വഴിത്തിരിവായിരിക്കുമെന്നാണ് കരുതുന്നത്.

രോഗബാധിതനായ മുബാറക്ക് സ്‌ട്രേച്ചറിലാണ് നേരത്തെ വിചാരണയ്ക്കായി കോടതിയിലെത്തിയിരുന്നത്. 2011 വരെ ഈജിപ്തിന്റെ പ്രസിഡന്റായിരുന്നു മുബാറക്ക് 18 ദിവസം നീണ്ടുനിന്ന പ്രക്ഷോഭത്തിനൊടുവിലാണ് സ്ഥാനമൊഴിഞ്ഞത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം