ഗര്‍ഗ്ഗഭാഗവതസുധ – അക്രൂരന്‍ ആമ്പാടിയില്‍

August 23, 2013 സനാതനം

ചെങ്കല്‍ സുധാകരന്‍
33. അക്രൂരന്‍ ആമ്പാടിയില്‍
garga-33-pbഈശ്വരേച്ഛകൂടാതെ ഒരിലപോലും അനങ്ങുകയില്ലെന്നാണ് ആപ്തമതം. ചെയ്യുന്നതും അനുഭവിക്കുന്നതും തങ്ങളാണെന്ന് പലരും കരുതുന്നു. ഒഴുക്കില്‍പ്പെട്ട് സഞ്ചരിക്കുന്ന കാഷ്ഠങ്ങള്‍ക്ക് സ്വശക്തിയാലാണ് സഞ്ചലനമെന്നുതോന്നും. നദിയുടെ പ്രവാഹശക്തിയാണല്ലോ സത്യം! പക്ഷേ, ആ അചേതനങ്ങള്‍ക്കതറിയില്ല. മനുഷ്യരുമതുപോലെ, സുഖസൗഭാഗ്യങ്ങളും അധികാരസ്ഥാനങ്ങളും ലഭിക്കുമ്പോള്‍ അതിനെല്ലാം താനര്‍ഹമാണെന്നും തന്റെ മിടുക്കുകൊണ്ടാണതെല്ലാം നേടിയതെന്നും കരുതും. പാവം! അവനറിയുന്നില്ല, അവനെ ലയിക്കുന്നത് പ്രപഞ്ചനിയമമാണെന്ന്. കാര്യഹേതുക്കളെ കൂട്ടിയിണക്കി സംസാരനാടകത്തിന് വൈചിത്ര്യമുണ്ടാക്കാന്‍ പ്രപഞ്ചശക്തിക്കേ കഴിയൂ! അത്തരം നിയതിഗതികളില്‍ ഒന്നാണ് ശ്രീകൃഷ്ണനെ കാണാന്‍ ആമ്പാടിയിലെത്തുന്ന അക്രൂരകഥയിലും കാണാനാകുന്നത്.

കംസനിര്‍ദ്ദേശത്താല്‍ ബലാരാമകൃഷ്ണന്മാരെ മഥുരയിലേക്കെത്തിക്കാന്‍, അക്രൂരന്‍ ആമ്പാടിയിലെത്തി. മദോന്മത്തനായ കംസനെ അനുസരിക്കുന്നതിനേക്കാള്‍ കണ്ണനെ കാണുവാനുള്ള അദമ്യമായ ആഗ്രഹമാണ് അക്രൂരനെ അതിന് പ്രേരിപ്പിച്ചത്. ശ്രീകൃഷ്ണവധത്തിന് കംസന്‍ കെണിയൊരുക്കുന്നുവെന്ന് അക്രൂരനറിയാം. ഭഗവന്നാശകനാകാന്‍, അതിനെ പ്രേരിപ്പിക്കാന്‍, ഒരു ഭക്തന്‍ ഒരുമ്പെടുമോ? ഒരുമ്പെടാമോ? അക്രൂരന്‍ ചെയ്തതു ക്രൂരതയല്ലേ? ഭാഗവതകഥയിലൂടെ സഞ്ചരിച്ച് സത്യം കണ്ടറിയാന്‍ ശ്രമിക്കാം.

സ്‌നേഹഭാവത്തില്‍ ക്ഷണിച്ചുവരുത്തി ശ്രീകൃഷ്ണനെ വധിക്കാന്‍ കംസന്‍ തീരുമാനിച്ചു. ചാപയജ്ഞം നടക്കുന്നു എന്നും അതുകാണാന്‍ രാമ-കൃഷ്ണന്മാരെ എത്തിക്കണമെന്നുള്ള കംസന്റെ ആജ്ഞ അക്രൂരന്‍ ഉള്‍ക്കൊണ്ടു. അദ്ദേഹം സസന്തോഷം ഗോകുലത്തിലേക്കു പുറപ്പെട്ടു. പുരുഷോത്തമനായ ശ്രീകൃഷ്ണനെ മനസ്സിലുറപ്പിച്ചു കൊണ്ട് ഭക്താഗ്രണിയായ അക്രൂരന്‍ ചിന്തിച്ചു.

‘കിം ഭാരതേ വാ സുകൃതം കൃതം മയാ
നിഷ്‌ക്കാരണം ദാനമലം ക്രതൂത്തമം
തീര്‍ത്ഥാടനം വാ ദ്വിജസേവനം ശുഭം
യേനാദൃദ്രക്ഷാമി ഹരിം പരേശ്വരം’

(പരമേശ്വരനായ ശ്രീഹരിയെ ദര്‍ശിക്കുവാനുള്ള അപൂര്‍വ്വഭാഗ്യം എനിക്കു കൈവരാന്‍-ഭാരതഖണ്ഡത്തില്‍ ദാനമോ യജ്ഞമോ തീര്‍ത്ഥാടനമോ ബ്രാഹ്മണസേവയോ- എന്തുസുകൃതമായിരിക്കും ഞാന്‍ ചെയ്തിട്ടുണ്ടാവുക!) ‘ഭഗവാനേ കാണാന്‍ ഭാഗ്യം കൈവന്ന ഞാന്‍ തീര്‍ച്ചയായും തീവ്രതപസ്സോ സജ്ജനസേവയോ ചെയ്തിട്ടുണ്ടാകണം. ഈശ്വരനെ നേരില്‍ കാണാന്‍ ഭാഗ്യമുണ്ടാകുന്ന എന്റെ ജന്മം ചരിതാര്‍ഥമാണ്.” ഈവിധം ഓരോന്നു ചിന്തിച്ചുകൊണ്ട് ഗാന്ധിനീനന്ദനന്‍ (അക്രൂരന്‍) ഒരു സായം സന്ധ്യയില്‍ ഗോകുലത്തിലെത്തി.

ഭഗവദര്‍ശനലോലനായ ആ ഭക്തന്‍, ആമ്പാടിയിലെ പാതയില്‍ ശ്രീകൃഷ്ണന്റെ കാല്പാടുകള്‍ കണ്ടു. യവം, അങ്കുശം മുതലായ രേഖകളാര്‍ന്ന കാല്പാടുകള്‍ അക്രൂരനെ ആനന്ദമൂര്‍ച്ഛയിലെത്തിച്ചു. അദ്ദേഹം സന്തോഷാശ്രൂക്കള്‍ പൊഴിച്ചു കൊണ്ട് രഥത്തില്‍നിന്നിറങ്ങി. പവിത്ര പാദാങ്കിതമായി പൂഴിയില്‍ കിടന്നുരുണ്ടു. അക്രൂരന്‍ എല്ലാം മറന്നു. സര്‍വ്വേശ്വരനായ കൃഷ്ണനെ എല്ലാറ്റിലും കണ്ടു. മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലുമെല്ലാം.

അങ്ങനെയുള്ള ഭക്തന് ഭഗവാനേക്കാള്‍ വലുതായിട്ടൊന്നുമില്ല.

”യേഷാം ശ്രീകൃഷ്ണ ദേവസ്യ
ഭക്തിഃ സ്യാദ് ഹൃദി മൈഥില
തേഷാമാബ്രഹ്മണഃ സര്‍വ്വം
തൃണവജ്ജഗതഃ സുഖം.”

(ശ്രീകൃഷ്ണഭഗവാനില്‍ ഭക്തിയുറച്ച ഒരാള്‍ക്ക് ബ്രഹ്മാവു മുതല്‍ എല്ലാ ദേവന്മാരും മറ്റെല്ലാ സുഖങ്ങളും തൃണം പോലെയാണ്.) അക്രൂരന്‍ നന്ദഗൃഹത്തിലേക്കുപോയി. അപ്പോള്‍ ശ്രീകൃഷ്ണന്‍, ബലദനുമൊത്ത്, കാലികളെ തെളിച്ചുകൊണ്ട് ഗോകുലത്തിലേക്കെത്തുകയായിരുന്നു.

ആനന്ദസ്വരൂപനായ കൃഷ്ണനെക്കണ്ട്, ഉദ്ദീപ്തശോഭയാര്‍ന്ന വിളക്കുപോലെ, അക്രൂരന്റെ മനസ്സ് വികസിച്ചു. ശ്യാമ-ഗൗരവര്‍ണ്ണരായ കൃഷ്ണരാമന്മാരെ ഒരുമിച്ചുകണ്ട് അദ്ദേഹം നിര്‍വൃതിയടഞ്ഞു. വര്‍ഷാ-ശരന്മേഘരുചിരാംഗരായ, അവരെ, കണ്ടമാത്രയില്‍ അക്രുരന്‍ തേരില്‍നിന്നിറങ്ങി. ഭക്തിപൂര്‍വ്വം പ്രണമിച്ചു. ഭക്ത്യനുകമ്പ്യനായ ശ്രീകൃഷ്ണന്‍ അക്രൂരനെ പിടിച്ചെഴുന്നേല്പിച്ച് ആശ്ലേഷിച്ചു. സ്വീകരിച്ച് ഗൃഹത്തിനുള്ളില്‍ ചെന്ന് ഉചിതാസനത്തിലിരുത്തി. അര്‍ഘ്യാപാദ്യാദികളാല്‍ ആദരിച്ചു. പ്രേമപൂര്‍വ്വം വചനപുഷ്പങ്ങളര്‍പ്പിച്ചു. ആനന്ദപൂര്‍വ്വം രസനിഷ്യന്ദിയായ ഭക്ഷണം നല്‍കി തൃപ്തിപ്പെടുത്തി.

നന്ദഗോപനും അക്രൂരനെ ആശ്ലേഷിച്ചു. അഭിനന്ദിച്ചു. മഥുരാവൃത്താന്തമാരാഞ്ഞു. കംസവൃത്തികളെ അപലപിച്ചു. നന്ദന്‍, സാദരോപചാരങ്ങള്‍ക്കുശേഷം വീട്ടിനുള്ളിലേക്കുപോയി. അപ്പോള്‍ ശ്രീകൃഷ്ണന്‍, തന്റെ മാതാപിതാക്കളെപ്പറ്റി, അക്രൂരനോടന്വേഷിച്ചു. കംസന്റെ കുതന്ത്രങ്ങളെപ്പറ്റി ചോദിച്ചുമനസ്സിലാക്കി. അയാള്‍ ക്രൂരവൃത്തിയാണെന്നും അടുത്തകാലത്തും വസുദേവനെ വധിക്കാനൊരുമ്പെട്ടുവെന്നും അക്രൂരന്‍, ശ്രീകൃഷ്ണനെ ധരിപ്പിച്ചു. ഭയവിഹ്വലരായ യാദവന്മാര്‍ പലരും സകുടുംബം ദേശാന്തരം പോയിക്കഴിഞ്ഞതായും യാദവന്മാരെ മുഴുവന്‍കൊന്ന് ദേവന്മാരെ ജയിക്കാന്‍ കംസന്‍ ആഗ്രഹിക്കുന്നതായും ശ്രീകൃഷ്ണനെ ബോധിപ്പിച്ചു.

”തസ്മാദ് ഭവത്ഭ്യം ഗന്തവ്യം
കുശലം കര്‍ത്തുമവ്യയം
ഭവന്തൊ തു വിനാ കാര്യം
കിഞ്ചിന്നാസ്യാത് സതാം പ്രഭു”

(അതുകൊണ്ട്, അങ്ങ് അവിടേക്കു ചെല്ലണം. മംഗളകര്‍മ്മങ്ങളാചരിക്കണം. സജ്ജനസംരക്ഷകനായ അങ്ങയെക്കൂടാതെ ഒന്നും നടക്കുകയില്ല.)

അക്രൂരഭാഷണം കേട്ട് ശ്രീകൃഷ്ണന്‍, നന്ദാനുമതിയോടെ, മഥുരയിലേക്കുപോകാനുറച്ചു. യാത്രാസജ്ജീകരണത്തിന്, ഗോപാലന്മാര്‍ക്ക് യഥായോഗ്യം നിര്‍ദ്ദേശങ്ങള്‍ നല്‍കി. നന്ദോപനന്ദന്മാരും ബലരാമനും വൃദ്ധഗോപന്മാരും പിറ്റേദിവസംതന്നെ മഥുരയിലേക്കുപോകാന്‍ തീരുമാനിച്ചു. രാജാവിനു കാഴ്ചവയ്ക്കാന്‍, പാല്‍, തൈര്, വെണ്ണ മുതലായവ കൊണ്ടുപോകണമെന്നും പലതരം വണ്ടികളില്‍ ഉപായനങ്ങള്‍ നിറച്ച് ഗോപന്മാര്‍ യാത്രയ്‌ക്കൊരുങ്ങി.

അക്രൂരാഗമനോദ്ദേശ്യം മനസ്സിലാക്കിയ ഗോപികമാര്‍ ഉല്‍ക്കണ്ഠാകുലരായി. കൃഷ്ണന്‍ മഥുരയിലേക്കുപോകുന്നതായറിഞ്ഞ് അവര്‍ ദുഃഖാകുലരായി. ഭയകമ്പിതരായി. കര്‍ണ്ണാകര്‍ണ്ണികയാ ഈ വാര്‍ത്ത വൃഷഭാനൂഗൃഹത്തിലുമെത്തി. ശ്രവണമാത്രയില്‍ രാധ മൂര്‍ച്ഛിച്ചുവീണു. കാറ്റടിച്ചുവീണ വാഴപോലെ. ഗോപികമാര്‍ പലരും പലവിധം വികാരങ്ങളാല്‍ ആകുലചിത്തരായി. ചിലരുടെ മുഖം വാടി. ചിലര്‍ കൃഷ്ണവിയോഗം വരുന്നെന്നറിഞ്ഞപ്പോള്‍ത്തന്നെ ശരീരം മെലിഞ്ഞവരായി. ചിലര്‍ ധരിച്ചിരുന്ന അംഗുലീയങ്ങള്‍ ഊരി വീണു. അവ കണങ്കൈയില്‍ ധരിക്കാന്‍ പാകമാകുംവിധം കാര്‍ശ്യം, അവരുടെ ശരീരത്തിനുണ്ടായി. ആഭരണങ്ങളുപേക്ഷിച്ചവരും മുടിക്കെട്ടുലഞ്ഞവരും അശ്രുപൂര്‍ണ്ണാക്ഷികളുമായ ഗോപികമാര്‍ ദുഃഖം സഹിയാതെ നിലവിട്ടുപോയി. കൂട്ടത്തില്‍ ചിലര്‍, ‘ഹേ, കൃഷ്ണാ! ഗോവിന്ദാ! മുരാരേ! എന്നിങ്ങനെ ജപിക്കാന്‍ തുടങ്ങി. അപൂര്‍വ്വം ചിലരാകട്ടെ, നിര്‍വേദമാനസകളെന്നപോലെ യോഗവൃത്തിയാല്‍ മുനിമാരെന്നപോലെ, അവാച്യാനന്ദമനുഭവിച്ചവരായി കാണപ്പെട്ടു.

ഗോപികമാര്‍ കണ്ണുനീര്‍തൂകിക്കൊണ്ട് ഇങ്ങനെ ചിന്തിച്ചു. ‘കഷ്ടം, നിര്‍മ്മോഹികളുടെ കാര്യം എന്തുപറയാനാണ്! അവര്‍, മുഖേനചാന്യം ഹൃദിഭാവമന്യം (ഒന്നുപറയും മറ്റൊന്നു ഭാവിക്കും.) ദേവന്മാര്‍ക്കു പോലും അക്കൂട്ടരെ അറിയാന്‍ പ്രയാസമാണ്. മനുഷ്യരുടെ കാര്യം പറയാനുമില്ല. രാസരംഗത്തില്‍വച്ച് എന്തൊക്കെയാണ് കൃഷ്ണന്‍ പറഞ്ഞത്! അതെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട് നമ്മുടെ പ്രാണേശ്വരന്‍ മഥുരയിലേക്കു പോവുകയല്ലേ? പോയിക്കഴിഞ്ഞാല്‍, നമുക്കെന്താണു സംഭവിക്കുക?” ഇത്തരത്തില്‍ ഓരോന്നുപറഞ്ഞും ചിന്തിച്ചും കരഞ്ഞും ഗോപികമാര്‍ ദുഃഖക്കടലില്‍ മുങ്ങിവലഞ്ഞുപോയി!

‘സര്‍വ്വദാ സര്‍വഭാവേന നിശ്ചിന്തൈഃ ഭഗാവാനേ ഭജനീയഃ നാരദഭക്തിസൂത്രത്തില്‍ (സൂ. 79) ഭക്തനെപ്പറ്റി പറഞ്ഞിരിക്കുന്ന വാക്യമാണിത്. എല്ലായ്‌പ്പോഴും എല്ലാവിധത്തിലും, മറ്റൊന്നും ചിന്തിക്കാതെ, ഈശ്വരചിന്തയില്‍മാത്രം കഴിയുക – ഇതാണ് ഭക്തലക്ഷണം. എങ്ങുമെവിടേയും ഈശ്വരന്‍, അതാണ് ഭക്തന്റെ ചിന്ത! ഭക്തപ്രഹ്ലാദന്‍, അക്രൂരന്‍, ഗോപികമാര്‍ – ഇവരെല്ലാം നിശ്ചിന്തരായി ഭഗവാനെ ഭജിച്ചവരാണ്. ഈശ്വരിനില്‍ പരമപ്രേമരൂപമായ (സാത്വസ്മിന്‍ പരമപ്രേമരൂപാ-നാ. ഭ. സൂ.2) ഭക്തിയില്‍ മുഴുകിയ അവര്‍, തങ്ങളെപ്പറ്റിയോ തങ്ങളുടെ വൃത്തികളെപ്പറ്റിയോ ചിന്തിക്കുന്നതേയില്ല. ‘ധ്യാനാവസ്ഥിത തദ്ഗതേന മാനസരായി’ അവര്‍ കഴിയുന്നു.

കംസന്റെ ആജ്ഞയനുസരിച്ച അക്രൂരനില്‍ നിരീഹഭക്തി നിറഞ്ഞിരുന്നു. പ്രേരണ ആരുടേതായിരുന്നാലും അത് ഭഗവാനെ അപായപ്പെടുത്തുവാനുള്ള സൂത്രമായാല്‍പോലും, ജഗദീശദര്‍ശനം സാദ്ധ്യമാകുന്ന ഒരു സന്ദര്‍ഭം ഭകതന്‍ ഒഴിവാക്കുകയില്ല. കൃഷ്ണനെ ചാപപൂജ കാണാനായി ക്ഷണിച്ചെങ്കിലും, ചതിച്ച് നശിപ്പിക്കാനാണ് കംസന്‍ ഒരുമ്പെടുന്നതെന്ന് അക്രൂരനറിയാം. ‘എന്മനഃ പങ്കജേ വാഴ്ക പോകായ്‌കെങ്ങും’ എന്ന് എഴുത്തച്ഛനെപ്പോലെ, പറയാനൊന്നും അക്രൂരന്‍ തയ്യാറല്ല! ഭഗവദ്ദര്‍ശനം തനിക്ക് മോക്ഷം നേടിത്തരുമെന്ന ഉറപ്പാണദ്ദേഹത്തിന്. അതിനാലാണ്, ‘മാമുനിമാരുടെ മാനസമായ മന്ദിരത്തില്‍ നിന്നുവിളങ്ങിയ’ കണ്ണനെ കാണാന്‍, അക്രൂരന്‍, ആമ്പാടിയിലേക്കു തിരിച്ചത്.

പ്രഭുവും ദാസനുമെന്ന രീതിയിലാണ് ദൈ്വതിയായ ഭക്തനുള്ളത്. പാദദാസനായി സായൂജ്യമടയാനാണ് അയാള്‍ ആഗ്രഹിക്കുന്നത്. അക്രൂരന്‍, കൃഷ്ണനില്‍ ഉറപ്പിച്ച മനസ്സുമായി ആമ്പാടിയിലേക്കുപോയി. താനേതു പുണ്യം ചെയ്തിട്ടാണ് ഭഗവാനെ കാണാനിടയാകുന്നതെന്നാണ് ആ ഭക്തന്റെ ചിന്ത! ദാനമോ യജ്ഞമോ തീര്‍ത്ഥാടനമോ – ഏതു പുണ്യമാണ് തന്നെ അതിനര്‍ഹനാക്കിയത്? ഇതാണ് ആ ഭക്തന്റെ ആലോചന. ഈശ്വരനില്‍ പരമപ്രേമമാകുന്ന ഭക്തിയാണിത്. ഏതുനേട്ടവും തന്റേതാണെന്നഭിമാനിക്കന്ന ലൗകികന്റേതില്‍ നിന്നെത്ര വ്യത്യസ്തമാണ് ഈ ചിന്ത? എല്ലാം ഹരിയുടെ ലീലാവിലാസമെന്നേ ഭക്തന്‍ കരുതൂ! അതാണ് പരമഭക്തിയുടെ സവിശേഷത!

അക്രൂരന്റെ ആമ്പാടീയാത്രയില്‍ ഭക്തിയുടെ തീവ്രഗതിയാണ് കാണാനാകുന്നത്. നന്ദഗോപരുടെ ഗൃഹത്തിലേക്കുള്ള വഴിയില്‍ കൃഷ്ണപാദങ്ങള്‍ പതിഞ്ഞപാടുകള്‍ കണ്ടപ്പോള്‍ ആ ഭക്തന്‍ വികാരവിവശനാകുന്നു. നിര്‍വ്വേദനായ യോഗിയല്ല, ഭക്ത്യാവേശിതനായ വ്യക്തിയാണദ്ദേഹം! ശ്രീകൃഷ്ണന്റെ കാല്പാടുകളിലെ യവം, അങ്കുശം മുതലായ അടയാളങ്ങളള്‍ തേരിലിരുന്നുകൊണ്ടുതന്നെ, അക്രൂരന്‍, കണ്ടു. ഈശ്വരസാന്നിദ്ധ്യം മനസ്സിലാക്കുന്ന ഭക്തന്റെ സ്വഭാവമാണിത്! യജമാനനെ മണത്തറിയുന്ന നായയെപ്പോലെ, ഏതു സാഹചര്യത്തിലും ഭക്തന്‍ ഭഗവത്‌സാന്നിദ്ധ്യം തിരിച്ചറിഞ്ഞുകൊള്ളും. തുടര്‍ന്ന്, പരിസരം മറക്കുന്ന ഭക്തിപ്രവാഹമാണ്. പാതയിലെ പൂഴിയില്‍ വീണുപുരണ്ട അക്രൂരനെ ആ നിലയ്ക്കുവേണം കാണാന്‍! വൈരാഗ്യമേറിയൊരു വൈദികന്റെ സംയമനമല്ല വികാരാധീനപതേരഖിലം മധുരം’ എന്ന പ്രകാരം ലോകത്തിലെല്ലാറ്റിലും സ്ഥിതി ചെയ്യുന്ന ഈശ്വരനെ ദര്‍ശിച്ച് ‘കൃഷ്ണാത്പരം കിമപിതത്ത്വമഹം ന ജാനേ’ എന്ന് മുഴുകുകയാണ്. അതുകൊണ്ടാണ് അക്രൂരഭക്തി വിവരിച്ച ഗര്‍ഗ്ഗാചാര്യര്‍, ”തേഷാമാബ്രഹ്മണഃ സര്‍വ്വം തൃണവജ്ജഗതഃ സുഖം” എന്നു പറഞ്ഞത്. സ്വര്‍ഗ്ഗവും തൃണപ്രായമായ അത്തരം ഭക്തന്മാര്‍ക്ക് ‘മൃഗ്യമായൊന്നേയുള്ളൂ’ പരമാനന്ദസ്വരൂപമന്‍ മാത്രം!

അക്രൂരാഗമനാനന്തര ഗോകുലം ശോകാകുലമായി. കൃഷ്ണനെ പിരിയേണ്ടിവന്നതിനാല്‍, മാധവന്‍ മഥുരാപുരിയിലേക്കു പോകുന്നുവെന്നറിഞ്ഞ ഗോകുലവാസികള്‍, ഗോപികമാര്‍ പ്രത്യേകിച്ചും പ്രാണനറ്റ ശരീരംപോലെ നിശ്ചേതനരായി. വാര്‍ത്തയറിഞ്ഞ രാധ തല്‍ക്ഷണം മൂര്‍ച്ഛിച്ചുവീണു. ഭക്തിയുടെ സ്ഥിതിയിങ്ങനെയാണ്. ഭഗവാനെക്കൂടാതെ ഭക്തന്മാര്‍ക്ക് ഉത്സാഹമില്ല. ഒരു നിമിഷംപോലും ഭഗവാനെ പിരിയാനവര്‍ക്കാവില്ല! ആ വിശേഷത്വമാണ് ഗോപികാദുഃഖത്തില്‍ നമുക്കു നിരീക്ഷിക്കാന്‍ കഴിയുന്നത്. ഗോപികമാര്‍ വിവിധതരത്തില്‍ വികാരതരളിതരായി. ചിലര്‍ വിലപിച്ചു. ചിലര്‍ വാടിത്തളര്‍ന്നു. മറ്റു ചിലര്‍ മൂര്‍ച്ഛിച്ചു. ധാരാഭക്തിക്കുടമയായ രാധയാകട്ടെ ചൈതന്യമറ്റപ്പോലെ കാണപ്പെട്ടു. ബാഹ്യമായ ഈ വര്‍ണ്ണന ഭക്തിനിര്‍ഭരമാനസങ്ങളുടെ സൂക്ഷ്മദര്‍ശനങ്ങളാണ്. ശ്രീകൃഷ്ണവിരഹം പൊറാത്ത ചിലര്‍ ഉടന്‍ മെലിഞ്ഞുപോയതായി ഗര്‍ഗ്ഗന്‍ പറയുന്നു. വികാരാവേശത്താലുണ്ടാകുന്ന ശരീരകാര്‍ശ്യമാണ് ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്. ദുഃഖമഗ്നരായ ഗോപികമാര്‍ ആര്‍ഭാടങ്ങളും ആഭരണങ്ങളുമുപേക്ഷിച്ച് അശ്രുപൂര്‍ണ്ണാകുലേഷണകളായത്രേ! ഭക്തിയുടെ ഏറ്റവും ഉയര്‍ന്ന നിലവാരമാണിതില്‍ പ്രകടമാകുന്നത്. ലൗകിക

സുഖങ്ങളെല്ലാമുപേക്ഷിച്ച ഭക്തമാനസങ്ങള്‍ ഭഗവാനില്‍ വിലഗ്നങ്ങളായെന്നുസാരം! പ്രിയപ്പെട്ടവനായ ഹൃദയാധിനാഥന്‍ അരികിലില്ലെങ്കില്‍ ‘എന്തിനിച്ചിലങ്കകള്‍? എന്തിനിക്കൈവളകള്‍?’ എന്നുചോദിച്ച കാമുകിയെപ്പോലെ, അവര്‍ സര്‍വ്വസുഖഭോഗങ്ങളുമുപേക്ഷിച്ചു. മറ്റെല്ലാം മറന്ന് മുകുന്ദനില്‍മാത്രം മനസ്സുറപ്പിച്ചു. ശരീരഭൂഷകളുപേക്ഷിച്ചു എന്ന സൂചന ദേഹഭാവമറ്റ് ഈശ്വരനില്‍ ലഗ്നമാനസരായി എന്ന തത്ത്വമാണ് പ്രപഞ്ചനം ചെയ്യുന്നത്.

ഉത്തമഭക്തിയുടെ നിറകുടമായ കഥയാണ് അക്രൂരാഗമനമെന്ന കഥാഭാഗത്തില്‍ കാണുന്നത്. തുടര്‍ന്നുവരുന്ന മഥുരാപ്രയാണത്തിലും ഉദാത്തഭക്തിയുടെ മൂര്‍ത്തികളായ ഗോപികമാരെ ചിത്രീകരിച്ചിട്ടുണ്ട്. ഭാഗവതകഥകളുടെ പ്രധാനലക്ഷ്യം ഭക്തിസംവര്‍ദ്ധനയാണല്ലോ? അതു സുസാദ്ധ്യമക്കിയ കഥയാണ് അക്രൂരന്‍ ആമ്പാടിയില്‍ എന്ന ഭാഗം!
—————————————————————————————————————————-
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്:-

ചെങ്കല്‍ സുധാകരന്‍
1950 മാര്‍ച്ച് ഏഴാം തീയതി നെയ്യാറ്റിന്‍കര താലൂക്കിലെ ചെങ്കല്‍ ദേശത്ത് കുറ്ററക്കല്‍ വീട്ടില്‍ ജനനം. പരേതരായ ആര്‍.ഗോവിന്ദപ്പിള്ളയും വി.ഭാര്‍ഗവി അമ്മയും അച്ഛനമ്മമാര്‍. കേരള സര്‍വകലാശാലയില്‍ നിന്നും മലയാളസാഹിത്യത്തില്‍ എം.എ, എം.ഫില്‍, ബിഎഡ് ബിരുദങ്ങള്‍ നേടി. ചേര്‍ത്തല എന്‍.എന്‍.എസ് കോളേജിലും വിവിധ സര്‍ക്കാര്‍ കലാലയങ്ങളിലും ജോലി ചെയ്തു. 2005 മാര്‍ച്ചില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപകനായി വിരമിച്ചു. ഇപ്പോള്‍ ഏറ്റുമാനൂരപ്പന്‍ കോളേജിലെ മലയാളവിഭാഗത്തില്‍ ജോലിചെയ്യുന്നു. അഗ്രപൂജ എന്നപേരില്‍ ഒരു കാവ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു വരുന്നു.

തിരുവനന്തപുരം സര്‍ക്കാര്‍ കോളേജിലെ ചരിത്രവിഭാഗം അധ്യാപികയായിരുന്ന ഡോ.ആര്‍ .അയിഷ ,ഭാര്യ. മക്കള്‍ : മാധവന്‍ , ഗായത്രി.

വിലാസം: ഗായത്രി, ടി.സി. 6/199 – 7, സൗപര്‍ണ്ണികാ ഗാര്‍ഡന്‍സ്, നേതാജി റോഡ്,വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം – 695 013,

മൊബൈല്‍: 9447089049

പ്രസാധകക്കുറിപ്പ്:-
വ്യാസമഹാഭാരതവും മഹാഭാഗവതവും പോലെ അത്ര പ്രചാരമുള്ള ഒരു കൃതിയല്ല ഗര്‍ഗ്ഗഭാഗവതം. ഈ കൃതി ഗര്‍ഗ്ഗാചാര്യനാല്‍ വിരചിതമായി എന്ന് വിശ്വസിക്കപ്പെടുന്നു. ഗര്‍ഗ്ഗഭാഗവതകഥകളും അവയ്ക്കുള്ള ശ്രീ.ചെങ്കല്‍ സുധാകരന്റെ നിരീക്ഷണവുമാണ് ഗര്‍ഗ്ഗഭാഗവതസുധ ഒന്നാംഭാഗം എ്ന്ന ഈ കൃതി. ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ശ്രീ.ചെങ്കല്‍ സുധാകരന്റെ ആദ്യ കൃതിയാണിത്. ഈ കൃതിയുടെ പാരായണത്താല്‍ ഓരോ ഭക്തന്റെയും മനസ്സ് ശ്രീകൃഷ്ണലീലകളിലൂടെ കടന്ന് അഷ്ടരാഗവിമുക്തനായി പരമാനന്ദമനുഭവിക്കട്ടെ എന്ന് ഞങ്ങള്‍ ആശിക്കുന്നു.

കൃഷ്ണഭക്തകേരളം ഈ കൃതിയേയും അതിന്റെ മൂല്യത്തെപ്രതി സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ,

മാളുബന്‍ പബ്ലിക്കേഷന്‍സ്

ഗര്‍ഗ്ഗഭാഗവതസുധ -ഭാഗം 1 സമ്പൂര്‍ണ്ണ ഗ്രന്ഥത്തിന് എഴുതുക:-

MaluBen Publications
Arayoor P.O., (via) Amaravila
Thiruvananthapuram – 695 122
Mobile: 98469 98425
email: malubenpublications@gmail.com

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം