തനതു പഴമയും സംസ്‌കാരവും നിലനിര്‍ത്തി വിനോദസഞ്ചാരം പോഷിപ്പിക്കണം: മുഖ്യമന്ത്രി

August 22, 2013 പ്രധാന വാര്‍ത്തകള്‍

OOmman Chandy goodതിരുവനന്തപുരം: നാടിന്റെ തനത് സംസ്‌കാരവും പഴമയും നിലനിര്‍ത്തിയുളള വിനോദ സഞ്ചാരം പോഷിപ്പിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രകൃതി രമണീയതയും സൗഹാര്‍ദ്ദതയും നിറഞ്ഞ സംസ്ഥാനത്ത് വിനോദ സഞ്ചാരമേഖലയില്‍ ബഹുദൂരം മുന്നേറാന്‍ ആവുമെന്നും അദ്ദേഹം പറഞ്ഞു.

കിറ്റ്‌സ് അക്കാദമി ബ്ലോക്ക്, വനിതാ ഹോസ്റ്റല്‍ എന്നിവയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് തൈക്കാട് നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കിറ്റ്‌സില്‍ ആണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ നിര്‍മ്മിക്കേണ്ടതുണ്ട്. 1500 പേര്‍ക്ക് പരിശീലനം നല്‍കി വരുന്ന ഇവിടെ 7500 പേര്‍ക്ക് പരിശീലനം നല്‍കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം 1.5 കോടി വിനോദസഞ്ചാരത്തിനായി ലഭിച്ച കേന്ദ്ര ഫണ്ട് ഇക്കുറി എട്ട് കോടിയായി വര്‍ദ്ധിച്ചു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന് കൂടുതല്‍ തുകയാണ് ലഭിച്ചത്. ഇവിടുത്തെ വിനോദസഞ്ചാര വികസനമാണ് ഇത് കാണിക്കുന്നത്. ഉന്നത വിദ്യാഭ്യാസം ലഭിക്കുന്നതിലൂടെ നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയ തലത്തില്‍ വിനോദസഞ്ചാര വികസനത്തിന് നേതൃത്വം നല്‍കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കിറ്റ്‌സ് വളര്‍ച്ചയുടെ കാലഘട്ടത്തിലൂടെയാണ് നീങ്ങുന്നതെന്നും, വിനോദസഞ്ചാര വിദ്യാഭ്യാസം ഗൗരവമായി എടുത്ത് ഈ മേഖലയില്‍ സര്‍ക്കാര്‍ എല്ലാ സഹായവുമെത്തിക്കുമെന്നും ചടങ്ങില്‍ അധ്യക്ഷതവഹിച്ച ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ പറഞ്ഞു. നഗരഹൃദയത്തില്‍ വിനോദസഞ്ചാര വിദ്യാഭ്യാസത്തിന് ലഭിച്ച സാധ്യത തൊഴില്‍ മേഖലയില്‍ അവസരം വര്‍ദ്ധിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. പാലോട് രവി എം.എല്‍.എ., ടൂറിസം സെക്രട്ടറി സുമന്‍ ബില്ല, കൗണ്‍സിലര്‍ മാധവ ദാസ്, കിറ്റ്‌സ് മാനേജര്‍ വിജയന്‍ തോമസ്, ഡയറക്ടര്‍ രാജശ്രീ അജിത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍