ശ്രീനിവാസ രാമാനുജനെ ആദരിക്കുന്നതില്‍ കേരളം മുന്നില്‍ – മുഖ്യമന്ത്രി

August 22, 2013 കേരളം

തിരുവനന്തപുരം: ഗണിതശാസ്ത്ര പ്രതിഭ ശ്രീനിവാസ രാമാനുജനെ ആദരിക്കുന്നതില്‍ കേരളം മുന്നിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 125-ാം ജന്മവാര്‍ഷികത്തില്‍ ശ്രീനിവാസ രാമാനുജന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ബേസിക് സയന്‍സ് ആരംഭിച്ചതും രാമാനുജനെക്കുറിച്ചുള്ള പുസ്തകം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തതും അഭിനന്ദനീയമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

രാമാനുജന്‍ ഇന്‍സ്റ്റിറ്റിയൂട്ട്, രാമാനുജന്‍ മാത്തമാറ്റിക്കല്‍ സൊസൈറ്റി, കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് എന്നീ സ്ഥാപനങ്ങള്‍ സഹകരിച്ച് പ്രസിദ്ധീകരിച്ച അനന്തത്തെ അറിഞ്ഞ ആള്‍ രാമാനുജന്‍ എന്ന പ്രതിഭയുടെ ജീവിതം പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ശാസ്ത്ര സാങ്കേതിക മ്യൂസിയം സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ് അധ്യക്ഷത വഹിച്ചു. സ്വന്തം കഠിനാധ്വാനത്തിലൂടെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ രാമാനുജന്‍ , കഠിനാധ്വാനത്തിലൂടെ ഏത് സ്ഥാനത്തും എത്തപ്പെടാം എന്നു തെളിയിക്കുകയായിരുന്നു. ഗണിതശാസ്ത്രത്തിന് വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ അദ്ദേഹം എന്നും ഓര്‍ക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

റോബര്‍ട്ട് കാനിഗല്‍ രചിച്ച ദ മാന്‍ ഹു ന്യൂ ഇന്‍ഫിനിറ്റി – എ ലൈഫ് ഓഫ് ദ ജീനിയസ് രാമാനുജന്‍ എന്ന പുസ്തകത്തിന്റെ മലയാളത്തിലെ പരിഭാഷ കെ.എസ്.സി.എസ്.ടി.ഇ. എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായ പ്രൊഫ.വി.എന്‍.രാജശേഖരന്‍ പിളളയ്ക്ക് നല്‍കി മുഖ്യമന്ത്രി പ്രകാശനം നിര്‍വ്വഹിച്ചു

ഗണിതശാസ്ത്രത്തിനു വേണ്ടി കണുക്കുകൂട്ടലുകള്‍ മാറ്റി മറിച്ച വ്യക്തിയാണ് ശ്രീനിവാസ രാമുനുജന്‍ എന്ന് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. പരമ്പരാഗത വിദ്യാഭ്യാസം നിരാകരിച്ച് സ്വന്തം പ്രവൃത്തിയിലൂടെ ഉന്നതങ്ങളിലെത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. കുട്ടികളുടെ കഴിവും വാസനയും കണ്ടെത്തി വികസിപ്പിക്കുന്നതിന് പകരം രക്ഷകര്‍ത്താക്കള്‍ അവരുടെ തീരുമാനങ്ങള്‍ അടിച്ച് ഏല്‍പ്പിക്കുന്ന സ്ഥതിയാണ് ഇന്നുളളത്. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് വൈജ്ഞാനിക മേഖലയില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് മലയാള ഭാഷയ്ക്ക് മുതല്‍ കൂട്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ എം.ആര്‍.തമ്പാന്‍ ഭരണസമിതി അംഗം പ്രൊഫ. സി.ജി.രാമചന്ദ്രന്‍ നായര്‍, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല ഗണിത ശാസ്ത്ര വിഭാഗം മേധാവി പ്രൊഫ.അമ്പാട്ട് വിജയകുമാര്‍, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.ഷിബു ശ്രീധര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം