കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സ്: സ്പീക്കര്‍ പങ്കെടുക്കും

August 23, 2013 കേരളം

തിരുവനന്തപുരം: സെപ്റ്റംബര്‍ 1 മുതല്‍ 6 വരെ സൗത്ത് ആഫ്രിക്കയിലെ ജൊഹനസ്ബര്‍ഗില്‍ നടക്കുന്ന അന്‍പത്തിയൊന്‍പതാമത് കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സില്‍ നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പങ്കെടുക്കും. വിഭവങ്ങളുടെ അസന്തുലിതമായ വീതംവെക്കല്‍ ജനാധിപത്യത്തിന് ഭീഷണി, വയോജനങ്ങളുടെ സംരക്ഷണത്തിനുളള നയപരമായ മാര്‍ഗങ്ങള്‍ എന്നീ വിഷയങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയില്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ മുഖ്യപ്രഭാഷണം നടത്തും. ഇവ കൂടാതെ, ഭൂസ്വത്ത് സമ്പാദനത്തില്‍ ഗ്രാമീണ ജനത നേരിടുന്ന വെല്ലുവിളികള്‍, സാമ്പത്തിക-വ്യാവസായിക മേഖലകളില്‍ പാര്‍ലമെന്റിന്റെ പങ്ക്, സാങ്കേതിക വിദ്യാധിഷ്ഠിത ലോകത്തില്‍ ജനാധിപത്യത്തിന്റെ പങ്ക്, അധികാര വികേന്ദ്രീകരണവും സദ്ഭരണവും തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നു. ഇവയിലും സ്പീക്കര്‍ പങ്കെടുക്കും. കോണ്‍ഫറന്‍സിന് മുന്നോടിയായുളള പാര്‍ലമെന്ററി പഠനപരിപാടികളില്‍ പങ്കെടുക്കുന്നതിനായി സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ഓസ്ട്രിയ, സ്‌പെയിന്‍, നെതര്‍ലന്റ് എന്നീ രാജ്യങ്ങളും സന്ദര്‍ശിക്കും. ഇതിനായി സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ 23 ന് ഓസ്ട്രിയയ്ക്ക് തിരിക്കും. സമ്മേളനത്തിനുശേഷം സെപ്റ്റംബര്‍ 9 ന് തിരിച്ചെത്തും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം