ശ്രീനാരായണഗുരു ജനമനസുകളില്‍ ജീവിക്കുന്ന മഹാത്മാവ്: ഗവര്‍ണര്‍

August 23, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ശ്രീനാരായണഗുരു ജനമനസുകളില്‍ ജീവിക്കുന്ന മഹാത്മാവാണെന്നു ഗവര്‍ണര്‍ നിഖില്‍കുമാര്‍. ശ്രീനാരായണഗുരു ജയന്തിയോടനുബന്ധിച്ച് ചെമ്പഴന്തിയില്‍ ശ്രീനാരായണ ഗുരുകുലം സംഘടിപ്പിച്ച ജയന്തി മഹാസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണഗുരുവിന്റെ പ്രശസ്തി ഇന്ത്യയുടെ അതിര്‍വരമ്പുകള്‍ കടന്നുപോകുന്നതിനു കാരണമായത് അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ തന്നെയായിരുന്നു. 159 വര്‍ഷം മുമ്പു ജനിച്ച ഒരാളുടെ പേര് ഇന്നും നിലനില്‍ക്കുന്നത് അദ്ദേഹത്തിന്റെ ലോക വീക്ഷണം കൊണ്ടു മാത്രമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇന്നു നിലനില്‍ക്കുന്ന സമത്വത്തിനും സാമൂഹിക ഉന്നമനത്തിനും വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമാണ് ശ്രീനാരായണ ഗുരുവെന്നു മലങ്കര ഓര്‍ത്തഡോക്സ് സഭാ മെത്രാപ്പോലീത്ത ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു.

ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ അധ്യക്ഷനായിരുന്നു. പൂന്തുറ പുത്തന്‍പള്ളി ഇമാം ഷംസുദീന്‍ ഖാസിമി, ശിവഗിരി മഠാധിപതി സ്വാമി സൂക്ഷ്മാനന്ദ, ചെമ്പഴന്തി വാര്‍ഡ് കൌണ്‍സിലര്‍ ആലംകോട് സുരേന്ദ്രന്‍, ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.എം.ആര്‍. തമ്പാന്‍, ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി അരൂപാനന്ദ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍