കോട്ടയത്ത് ഓണാഘോഷപരിപാടികള്‍ സെപ്റ്റംബര്‍ 14 മുതല്‍

August 24, 2013 കേരളം

കോട്ടയം: ജില്ലാതല ഓണാഘോഷപരിപാടികള്‍ സെപ്റ്റംബര്‍ 14 മുതല്‍ 20 വരെ കോട്ടയത്ത് നടക്കും. ജില്ലാ ഭരണകൂടവും ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും നഗരസഭയും സംയുക്തമായി നടത്തുന്ന ആഘോഷപരിപാടികള്‍ക്ക് ആഭ്യന്തരവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗം രൂപം നല്‍കി.

ഓണവിഭവങ്ങളുമായി കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തില്‍ നിന്ന് തിരുവോണത്തോണി പുറപ്പെടുന്നതുമായി ബന്ധപ്പെട്ട ആഘോഷങ്ങളില്‍ ഈ വര്‍ഷം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ പങ്കുചേരുന്നുണ്ട്. തദ്ദേശഭരണസ്ഥാപനങ്ങളും കുടുംബശ്രീ യൂണിറ്റുകളും സാമൂഹിക, സാംസ്‌കാരിക സംഘടനകളും സര്‍ക്കാര്‍ ഓഫീസുകളും നഗരത്തിലെ വ്യാപാരശാലകളും വിവിധ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ജില്ലാതല ആഘോഷം നടത്തുന്നത്. എല്ലാ ദിവസങ്ങളിലും വൈകുന്നേരം ആറുമുതല്‍ തിരുനക്കര മൈതാനത്ത് സാംസ്‌കാരികപരിപാടികള്‍ നടക്കും. സംഗീതം, നൃത്തം, നാടകം, നാടന്‍കലകള്‍ തുടങ്ങി വിവിധ കലാമേഖലകളില്‍ കേന്ദ്രീകരിച്ചുള്ള പരിപാടികളാണ് ഓരോ ദിവസവും സംഘടിപ്പിക്കുന്നത്.

14ന് ഉദ്ഘാടനസമ്മേളനത്തിനു മുന്നോടിയായി പോലീസ് പരേഡ് ഗ്രൗണ്ടില്‍നിന്നും തിരുനക്കര മൈതാനത്തേക്ക് വര്‍ണ്ണാഭമായ ഘോഷയാത്ര നടക്കും. ഘോഷയാത്രയില്‍ മികവ് പുലര്‍ത്തുന്ന കുടുംബശ്രീ യൂണിറ്റുകള്‍ക്ക് എവര്‍റോളിംഗ് ട്രോഫിയും കാഷ് അവാര്‍ഡും നല്‍കും. സെപ്റ്റംബര്‍ 13ന് ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ഓണക്കിറ്റ് വിതരണം നടക്കും. അഘോഷദിനങ്ങളില്‍ നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളില്‍ വൈദ്യുതി ദീപാലങ്കാരം നടത്തണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. സാംസ്‌കാരിക പരിപാടികള്‍ക്കുശേഷം രാത്രി എല്ലാ സ്ഥലങ്ങളിലേക്കും പ്രതേ്യക ബസ് സര്‍വീസ് ഉണ്ടാകും. വാഹനത്തിരക്ക് ഒഴിവാക്കുന്നതിന് നഗരത്തില്‍ത്തന്നെ പ്രതേ്യക പാര്‍ക്കിംഗ് സൗകര്യം ക്രമീകരിക്കുന്നുണ്ട്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, ജില്ലാ കളക്ടര്‍ അജിത് കുമാര്‍, ജില്ലാ പോലീസ് മേധാവി എം.പി. ദിനേശ്, മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് ബൈജു ചെറുകോട്ടയില്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ വി.കെ. അനില്‍കുമാര്‍, ഷൈനി ഫിലിപ്പ്, വിവിധ വകുപ്പുദേ്യാഗസ്ഥര്‍, സംഘടനകളുടെയും സാംസ്‌കാരിക സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം