പമ്പയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം

December 6, 2010 കേരളം,മറ്റുവാര്‍ത്തകള്‍

ശബരിമല: ശബരിമലയിലെ തിരക്കു ലോകത്തെവിടെനിന്നും പോലീസ്‌ വെബ്‌സൈറ്റിലൂടെ കാണാനാവും. പമ്പയില്‍ സ്ഥാപിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂമിലൂടെ തിരക്ക്‌ വെബ്‌സൈറ്റിലേക്ക്‌ നല്‌കാനാണ്‌ തീരുമാനം.
കണ്‍ട്രോള്‍ റൂമിന്റെ ഉദ്‌ഘാടനം 11നു പമ്പയില്‍ നടക്കും. സന്നിധാനത്തു പതിനെട്ടാംപടിക്കു താഴെയും വലിയ നടപ്പന്തലിലും മരക്കൂട്ടത്തും പോലീസ്‌ സ്ഥാപിച്ചിരിക്കുന്ന കാമറകളില്‍ പതിയുന്ന ദൃശ്യങ്ങള്‍ പോലീസ്‌ വെബ്‌സൈറ്റിലൂടെ കാണാനാകും. വെബ്‌സൈറ്റ്‌ പരിശോധിച്ചു ശബരിമലയിലേക്കുള്ള യാത്ര തീര്‍ഥാടകര്‍ക്കു ക്രമീകരിക്കാമെന്നതാണ്‌ ഇതിനുള്ള നേട്ടമായി പോലീസ്‌ എടുത്തുകാട്ടുന്നത്‌. എന്നാല്‍ ഇത്തരത്തില്‍ തിരക്ക്‌ പുറത്തേക്കു നല്‌കുന്നതിനെതിരേ ആക്ഷേപവും ഉയര്‍ന്നു കഴിഞ്ഞു. ശബരിമലയിലെ സുരക്ഷാ പ്രശ്‌നങ്ങളെ ബാധിക്കുന്നതാണ്‌ പോലീസിന്റെ പുതിയ തീരുമാനമെന്നതാണ്‌ പ്രധാന ആക്ഷേപം. സി. കെ. ഗുപ്‌തന്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റായിരിക്കുമ്പോള്‍ ഇ – ദര്‍ശന്‍ സംവിധാനം ആരംഭിക്കാന്‍ ആലോചിച്ചിരുന്നെങ്കിലും എതിര്‍പ്പു കാരണം വേണ്ടെന്നുവച്ചു.
പോലീസിന്റെ പുതിയ സംവിധാനം ഭക്തര്‍ക്കു യാതൊരു പ്രയോജനമുള്ളതല്ലെന്നും പ്രത്യേക സുരക്ഷാ പരിഗണന നല്‌കിയിട്ടുള്ള ശബരിമലയ്‌ക്ക്‌ ഇതു ദോഷകരമായിരിക്കുമെന്നും ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ ആരോപിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം