പരിക്രമ യാത്ര: അശോക് സിംഗാളിനെയും അറസ്റ്റു ചെയ്തു

August 25, 2013 പ്രധാന വാര്‍ത്തകള്‍

ashok-singaljiലക്‌നൗ: വി.എച്ച്.പിയുടെ അയോധ്യ പരിക്രമ യാത്ര ഇന്ന് തുടങ്ങാനിരിക്കെ കരുതല്‍ നടപടിയായി ഉത്തര്‍പ്രദേശ് പോലീസ് വിഎച്ച്പി നേതാക്കളെ കസ്റ്റഡിയില്‍ എടുത്തു. വിഎച്ച്പി നേതാവായ പ്രവീണ്‍ തൊഗാഡിയയുടെ അറസ്റ്റിനു  പിന്നാലെ അശോക് സിംഗാളിനെയും  പോലീസ് അറസ്റ്റ് ചെയ്തു കരുതല്‍ തടങ്കലിലാക്കി.

പ്രവീണ്‍ തൊഗാഡിയയെ അയോധ്യയിലെ ഗോലാ ഖട്ടില്‍ നിന്നുമായിരുന്നു നേരത്തേ അറസ്റ്റുചെയ്തത്. അശോക് സിംഗാളിനെ ലഖ്നൗവിലെ വിമാനത്താവളത്തില്‍ നിന്നുമാണ് പോലീസ് കരുതല്‍ തടങ്കലില്‍ ആക്കിയിരിക്കുന്നത്. സിംഗാളിനെ ഡല്‍ഹിയിലേക്ക് തിരിച്ചയക്കാനാണ് പോലീസ് പദ്ധതി.

അതേസമയം തൊഗാഡിയയെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് വിഎച്ച്പി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. തൊഗാഡിയയ്ക്കൊപ്പം മറ്റ് 40 നേതാക്കളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. യാത്ര തടയാന്‍ ശക്തമായ നടപടികളാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരും പൊലീസും ഏര്‍പ്പെടുത്തിയിരിക്കുന്നത്. അയോധ്യ പരിസരങ്ങളില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. സരയു നദിയിലെ സ്‌നാനഘട്ടങ്ങള്‍ പൊലീസിന്റെ നിയന്ത്രണത്തിലാണ്‌.

വിഎച്ച്പി നടത്തുന്ന യാത്ര തടഞ്ഞ് കൊണ്ട് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു. അതു കൊണ്ട് തന്നെ യാത്ര ഏതു വിധേനയും തടയിടാനാണ് സര്‍ക്കാര്‍ തീരുമാനം. അതിന്‍റെ ഭാഗമായാണ് നേതാക്കളെ ഓരോരുത്തരെയായി പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്.  നേരത്തെ മുന്‍ ബിജെപി എംപി രാം വിലാസ് വേദാന്തി എംഎല്‍എ രാം ചന്ദ്ര യാദവ് എന്നിവര്‍ ഉള്‍പ്പെടെ 800 ഓളം ആളുകളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘടനയുടെ മുതിര്‍ന്ന 70 നേതാക്കള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.  8000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുമുണ്ട്.

എന്നാല്‍ വിലക്ക് മറിക്കടന്ന് യാത്ര നടത്തിയാല്‍ നേരിടുമെന്ന് അഖിലേഷ് യാദവ് സര്‍ക്കാര്‍ പറയുന്നു. അയോധ്യ യാത്ര കടന്നുപോകുന്ന ആറ് ജില്ലകളില്‍ സെക്ഷന്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ പ്രദേശത്ത് വന്‍ സുരക്ഷാ സേനയേയും വിന്യാസിച്ചിട്ടുണ്ട്. യാത്ര ആരംഭിക്കുന്ന മഖോധയില്‍ പോലീസ് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. അയോധ്യയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ് പ്രദേശം.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍