സഹസ്രകിരണന്‍

August 27, 2013 സനാതനം

ഡോ.എം.പി.ബാലകൃഷ്ണന്‍

‘വ്യാസനും ശങ്കരനും കൂടിച്ചേര്‍ന്നാല്‍ നമ്മുടെ സ്വാമിയായി – മൂലവും ഭാഷ്യവും കൂടിച്ചേര്‍ന്നതാണല്ലോ’.

അങ്ങനെയൊരാളുണ്ടോ ഈ ഭൂമുഖത്തില്‍? സാക്ഷാല്‍ വേദവ്യാസനെ നമുക്കറിയാം. ലോകഗുരുവായി സങ്കല്പിച്ച് അദ്ദേഹത്തിന്റെ ജയന്തി ഗുരുപൂര്‍ണ്ണിമാദിവസം നാം ആഘോഷിക്കുന്നു. സര്‍വ്വജ്ഞപീഠം കയറിയ ആദിശങ്കരാചാര്യരും ലോകപ്രസിദ്ധനാണ്. അറിവിന്റെയും ബുദ്ധിയുടെയും ഗുരുത്വത്തിന്റെയും കാര്യത്തില്‍ ഈ രണ്ടാള്‍ക്കും തുല്യം നില്‍ക്കാന്‍ മനുഷ്യനായി പിറന്നതില്‍ മറ്റാരുമില്ല. എന്നിരിക്കേ അവര്‍ രണ്ടുപേരും കൂടിച്ചേര്‍ന്ന അവര്‍ണ്ണനീയ മഹിമാവിന്നുടയവനായി മറ്റൊരു സ്വാമി!

Chattambi-swami_sliderഅതാര്?

ആരാണിങ്ങനെ പറഞ്ഞത്? ആരോട്?

‘ഭാരതത്തിലെ ഏതൊരു തത്ത്വാന്വേഷിയേയും അമ്പരിപ്പിക്കുന്ന ഈ ആശയങ്ങള്‍ അന്നൊരു പ്രഭാതത്തില്‍ ശ്രീനാരായണന്റെ മുഖപത്മത്തില്‍ നിന്നും നിര്‍ഗ്ഗളിച്ചതാണ്’ എന്നത്രേ ശ്രോതാവായിരുന്ന പ്രശസ്തകവിയും സ്വാതന്ത്ര്യസമരസേനാനിയുമായ ശ്രീ ബോധേശ്വരന്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

അത് ശ്രീ ചട്ടമ്പിസ്വാമികളെപ്പറ്റിയായിരുന്നു.

സത്യവചസ്സായ ശ്രീനാരായണഗുരുവിന്റെ വാക്കുകളില്‍ അസത്യലേശം സങ്കല്പിക്കാനാവില്ലല്ലോ. എങ്കില്‍ വ്യാസനെയും ശങ്കരാചാര്യരെയും അപേക്ഷിച്ച് എത്രയും അടുത്തകാലത്ത് മലയാളക്കരയില്‍ പിറന്ന ആ മഹാത്ഭുതത്തെ പൂര്‍ണ്ണമായും അറിയുക എളുപ്പമല്ല. ആ അപാരതയിലേക്കുള്ള പാതയില്‍ ഒരു കല്‍വിളക്കുമാത്രമാണ് ഈ കൈപ്പുസ്തകം.

അപാരസാഗരംപോലെ അനാദിയായ നമ്മുടെ നാടിന്റെ ചരിത്രത്തില്‍ അത്ര പൗരാണികമൊന്നുമല്ല ഒന്നര നൂറ്റാണ്ടുമുമ്പത്തെ മലയാളം. പക്ഷേ ‘കാലം കുറഞ്ഞ ദിനമെങ്കിലുമര്‍ത്ഥദീര്‍ഘം’ എന്ന കവിവാക്യം കണക്കേ ഇത്രയും കാലത്തിനിടയ്ക്ക് എന്തെന്തുമാറ്റങ്ങളാണ് സമസ്ത മേഖലയിലും വന്നുപോയിരിക്കുന്നത്? മലയാള വര്‍ഷം പത്തും പതിനൊന്നും നൂറ്റാണ്ടുകളിലെ മലനാട്ടിലെ ജനജീവിതചിത്രം ഇന്നുള്ളവര്‍ക്ക് സങ്കല്പാതീതവും അവിശ്വസനീയവും ആയിരിക്കയേയുള്ളൂ. തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ, ദൃഷ്ടിയില്‍പോലും പെട്ടുകൂടായ്ക തുടങ്ങിയ ദുരാചാരങ്ങളാല്‍ വെവ്വേറെ കള്ളികളിലടയ്ക്കപ്പെട്ട ജനത. കീഴ്ജാതിക്കാര്‍ക്ക് ക്ഷേത്രങ്ങളില്‍ മാത്രമല്ല, പൊതുവഴികളില്‍പോലും വിലക്ക്. വേലയല്ലാതെ വിദ്യ അവര്‍ക്കു നിഷിദ്ധം. കൂലിയില്ലെങ്കിലും ശിക്ഷ യഥേഷ്ടം. വേദം പഠിക്കാനും പഠിപ്പിക്കാനും അധികാരം ബ്രാഹ്മണര്‍ക്കുമാത്രം. ക്ഷത്രിയര്‍ക്ക് പഠിക്കാം, പഠിപ്പിച്ചുകൂടാ. ശൂദ്രന്‍ വേദമന്ത്രങ്ങള്‍ കേള്‍ക്കുകപോലുമരുത്. ഓരോ ജാതിക്കുള്ളിലും അസംഖ്യം ഉപജാതികള്‍. അവയ്ക്കിടയില്‍പോലും കെട്ടും തൊട്ടുണ്ണലും അപമാനം. ശൂദ്രരെന്നു മുദ്രകുത്തപ്പെട്ട നായന്മാര്‍ ബ്രാഹ്മണരുടെ വിടുപണിക്കു യോഗ്യര്‍! തൊട്ടുകൂടെങ്കിലും ബ്രാഹ്മണര്‍ക്ക് നായര്‍ സ്ത്രീകളുമായി ‘ബാന്ധവ’ മാവാം. അതില്‍ ജനിക്കുന്ന സന്തതികള്‍ക്കു പക്ഷേ സ്വത്തവകാശമില്ല. സ്വത്തുമുഴുവന്‍ ബ്രാഹ്മണരുടേത്. പരശുരാമന്‍ മഴുവെറിഞ്ഞു നേടിയ ഭൂവിഭാഗം ബ്രാഹ്മണര്‍ക്കു ദാനം നല്‍കിയതാണല്ലോ. അതില്‍കുറെ അവര്‍ ക്ഷേത്രങ്ങള്‍ക്കു നല്‍കി. അങ്ങനെ മലനാടാകെ ബ്രഹ്മസ്വവും ദേവസ്വവും മാത്രം. കെട്ടുകല്യാണം, തിരണ്ടുകല്യാണം, പുലകുളി തുടങ്ങിയ അനാചാരങ്ങളാല്‍ നാള്‍ക്കുനാള്‍ ക്ഷയിച്ചുകൊണ്ടിരുന്ന നായര്‍ ഈഴവ സമുദായങ്ങള്‍. ബ്രാഹ്മണന്റെ പന്ത്രണ്ടടി അകലെ നില്ക്കണം നായര്‍. നായരുടെ ഇരുപത്തട്ടടി അകലെ നിന്നുകൊള്ളണം ഈഴവന്‍. ഈഴവരുടെ അറുപത്തിനാലടി അകലെയേ പുലയര്‍ക്കു നില്ക്കാവൂ. ഇതിനെല്ലാം പിന്നില്‍ അലംഘ്യങ്ങളായ സ്മൃതിനിയമങ്ങള്‍.

സംസ്‌കൃതത്തില്‍ എഴുതപ്പെട്ടതെല്ലാം പ്രമാണങ്ങളും അക്ഷരംപ്രതി അനുഷ്‌ഠേയങ്ങളുമാണ് എന്ന മാമൂല്‍! ഇനി, ഇതിനൊക്കെ ഹേതുഭൂതരായ ബ്രാഹ്മണര്‍ സുഖമായി കഴിഞ്ഞിരുന്നോ? അവരുടെ ജീവിതവും അനാചാരദുരാചാര പൂര്‍ണ്ണം! അവരിലെ സ്ത്രീകളുടെ ജീവിതമാകട്ടെ അങ്ങേയറ്റം ദുരിതം! ചുരുക്കത്തില്‍ ഇന്നു നാം മൂക്കില്‍ വിരല്‍വച്ചു പോകുന്ന വിചിത്രലോകമായിരുന്നു അന്നത്തെ കേരളദേശം. ഈ അന്ധതയ്‌ക്കെതിരെ, ജഡതയ്‌ക്കെതിരെ വിരല്‍ ചൂണ്ടാന്‍, ചിത്രമെഴുത്തു കെ.എം.വര്‍ഗ്ഗീസ് ചൂണ്ടിക്കാട്ടുംപോലെ, ശ്രീ ചട്ടമ്പിസ്വാമികളുടെ ജനനത്തിനു മുമ്പ് ‘ഒരു മനുഷ്യജീവിയും ഒരു മണ്ണാങ്കട്ടയും കേരളഭൂമിയില്‍ ഉദയം ചെയ്തിരുന്നില്ല.’

അങ്ങനെ ആ ദിവസം ഉദിച്ചു. മലയാളവര്‍ഷം ആയിരത്തി ഇരുപത്തിയൊമ്പതാമാണ്ട് ചിങ്ങമാസം പതിനൊന്നാം തീയതി (ആംഗലവര്‍ഷം 1853 ആഗസ്ത് 25) വ്യാഴാഴ്ച. അന്ന് ഉച്ചയ്ക്കുമേല്‍ രണ്ടുമണിയോടെ തിരുവനന്തപുരം കണ്ണമ്മൂലയിലെ കൊല്ലൂര്‍ ഗ്രാമത്തില്‍ ‘ഉള്ളൂര്‍ക്കോട്’ എന്ന ചെറുഭവനത്തില്‍ വാസുദേവശര്‍മ്മ – നങ്ങമ്മപ്പിള്ള ദമ്പതികള്‍ക്ക് ഒരുണ്ണി പിറന്നു. നക്ഷത്രം ഭരണി. സൂര്യന്‍ ആകാശമദ്ധ്യത്തില്‍ നിന്നും അല്പം പടിഞ്ഞാട്ടിറങ്ങി നിന്ന് ആ ചെറുകൂരയിലെ ഓലപ്പഴുതുകളിലൂടെ ഉണ്ണിയെ അനുഗ്രഹിച്ചു.

‘കേരളാവനി കേണപേക്ഷിക്കയാല്‍
കേവലന്‍ പരമേശ്വരന്‍ ശാശ്വതന്‍
ധര്‍മ്മ സംസ്ഥാപനത്തിന്നു മര്‍ത്ത്യനായ്
ജന്മമാര്‍ന്നാനനന്തപുരിയിങ്കല്‍’

(ഭട്ടാരകപ്പാന – എ.വി.ശങ്കരന്‍)

വാസ്തവത്തില്‍ ഈ നാട് മോചനത്തിനായി കേഴുകയായിരുന്നു. അതു ഫലിച്ചു. മഹാത്മാക്കള്‍ പലരും ദരിദ്രകുടുംബങ്ങളിലാണു പിറന്നിട്ടുള്ളത്. കഥാപുരുഷന്റെ മാതാപിതാക്കളും അങ്ങേയറ്റം ദരിദ്രരായിരുന്നു. മലയിന്‍കീഴിലെ മച്ചേല്‍ എന്ന ഗ്രാമത്തിലുള്ള പുരാതനമായ ‘വേണിയത്തു’ തറവാടിന്റെ ഒരു ശാഖയായിരുന്നു ‘ഉള്ളൂര്‍ക്കോട്’. സാമ്പത്തികമായി തറവാടു പൊതുവിലും ഉള്ളൂര്‍ക്കോടു പ്രത്യേകിച്ചും ഏറ്റവും ക്ഷയിച്ച കാലമായിരുന്നു അത്. കൊല്ലൂര്‍മഠം വക ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ വാസുദേവശര്‍മ്മ മഠത്തില്‍ ജോലിക്കാരിയായിരുന്ന തിരുനങ്ങയെ വിവാഹം ചെയ്യുകയായിരുന്നു. സമ്പത്തില്‍ ദരിദ്രരാണെങ്കിലും സദ്ഗുണങ്ങളാല്‍ സമ്പന്നരായിരുന്നു അവര്‍.

ക്ഷയിച്ചുപോയി എങ്കിലും മഹാത്മാക്കളായ പലര്‍ക്കും ജന്മം നല്‍കിയ പാരമ്പര്യം വേണിയത്തു തറവാടിനുണ്ട്. നിശ്ചയിച്ച സമയത്ത് നിത്യകര്‍മ്മാദികളെല്ലാം കഴിഞ്ഞുവന്നു ധ്യാനനിഷ്ഠനായിരുന്നു സമാധി പൂകിയ ഈശ്വരപിള്ള, മഹാസിദ്ധനായിരുന്ന നാരായണ മൗനി, സ്വാതിതിരുനാളിന്റെ സമകാലികനായ ഉമ്മിണിപ്പിള്ള എന്ന യതീശ്വരന്‍ തുടങ്ങിയവരാല്‍ മുമ്പുതന്നെ പ്രശസ്തമായിരുന്നു ആ തറവാട്.

അയ്യപ്പന്‍ എന്നാണ് മാതാപിതാക്കള്‍ ഉണ്ണിക്കു പേരിട്ടത്. കുഞ്ഞന്‍ എന്നചെല്ലപ്പേരില്‍ വിളിച്ചു. ആ പേരങ്ങു പതിഞ്ഞു.

മഠത്തില്‍ നിന്നും കിട്ടുന്ന അന്നംകൊണ്ടു വിശപ്പടക്കിയിരുന്ന ആ ചെറുകുടുംബത്തിലെ പ്രഥമസന്താനത്തെ എട്ടുപത്തു വയസ്സുവരെ എഴുത്തിനിരുത്താന്‍പോലും കഴിഞ്ഞില്ല എന്നു പറഞ്ഞാല്‍ അവരുടെ അവസ്ഥ ഊഹിക്കാമല്ലോ.

—————————————————————————————————
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്:
ഡോ.എം.പി.ബാലകൃഷ്ണന്‍
മലയാള വര്‍ഷം 1122 ല്‍ ജനിച്ചു. അച്ഛന്‍ തിരുവനന്തപുരം ഋഷിമംഗലത്തു മാധവന്‍നായര്‍. അമ്മ കന്യാകുമാരി ജില്ലയില്‍ കവിയല്ലൂര്‍ മേച്ചേരിത്തറവാട്ടില്‍ ഗൗരിക്കുട്ടിയമ്മ. സാഹിത്യം, വേദാന്തം, സംഗീതം, ജ്യോതിഷം, വാസ്തുശാസ്ത്രം, വൈദ്യം ഇവ പരിചിത മേഖലകള്‍ നെയ്യാറ്റിന്‍കരയില്‍ ഹോമിയോ പ്രാക്റ്റീസ് ചെയ്യുന്നു. ശ്രീ വിദ്യാധിരാജ വേദാന്തപഠനകേന്ദ്രം, സാരസ്വതം കലാസാഹിത്യവേദി എന്നിവയില്‍ പ്രവര്‍ത്തിക്കുന്നു.

ഇതരകൃതികള്‍ : കൊടിയേറ്റം (കവിത), എരിനീര്‍പ്പൂക്കള്‍ (കവിത), നമ്മുടെ റോസയും പൂത്തു (ബാല സാഹിത്യം), പാലടപ്പായസം (ബാലസാഹിത്യം), എന്റെ മണ്ണ് എന്റെ മാനം (ബാലനോവല്‍)

വിലാസം : ഗൗരീശങ്കരം, രാമേശ്വരം, അമരവിള പോസ്റ്റ്, നെയ്യാറ്റിന്‍കര
തിരുവനന്തപുരം, പിന്‍ – 695 122, ഫോണ്‍ : 0471-2222070

പ്രസാധകര്‍: വിവേകം പബ്ലിക്കേഷന്‍സ്
രാമേശ്വരം, അമരവിള P.O ,
നെയ്യാറ്റിന്‍കര, തിരുവനന്തപുരം – 695 122
ഫോണ്‍: 0471-2222070

 

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം