ഭരണഭാഷാ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

August 26, 2013 കേരളം

കോട്ടയം: ഭരണഭാഷ മലയാളമാക്കുന്നതിനുള്ള വിവിധ പദ്ധതികളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകള്‍, സെക്രട്ടറിയേറ്റിലെ ഭരണവകുപ്പുകള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, പൊതുമേഖലാ-സ്വയംഭരണ-സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലെ ജീവനക്കാര്‍ക്ക് സംസ്ഥാന, ജില്ലാതലങ്ങളിലുള്ള ഭരണഭാഷാ സേവന പുരസ്‌കാരം, ഭരണഭാഷാ ഗ്രന്ഥരചനാ പുരസ്‌കാരം എന്നിവയ്ക്ക് അപേക്ഷിക്കാം.

സംസ്ഥാനതലത്തിലുള്ള ഭരണഭാഷാ സേവന പുരസ്‌കാരം ക്ലാസ് – 3 വിഭാഗത്തില്‍പ്പെട്ട ഉദേ്യാഗസ്ഥര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്. 10,000 രൂപയും സദ്‌സേവന രേഖയുമാണ് ഒന്നാം സമ്മാനം. രണ്ടാംസമ്മാനം 5,000 രൂപയും സദ്‌സേവനരേഖയുമാണ്. മുന്‍കലണ്ടര്‍ വര്‍ഷത്തെ ഔദേ്യാഗിക ജോലികള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്.

കുറിപ്പെഴുത്ത്, കരടെഴുത്ത്, രജിസ്റ്ററിലെ എഴുത്ത്, പട്ടികകള്‍ തയ്യാറാക്കല്‍ തുടങ്ങിയ മലയാളത്തിലുള്ള എല്ലാ ജോലികളും കണക്കിലെടുക്കും. ആകെയുള്ള നൂറ് മാര്‍ക്കില്‍ 70 മാര്‍ക്ക് മലയാളത്തില്‍ ചെയ്ത ജോലിയുടെ അളവിനും 30 മാര്‍ക്ക് ആശയാവിഷ്‌കാരത്തിലെ വ്യക്തതയ്ക്കുമാണ്. ആശയാവിഷ്‌കാരത്തിലെ വ്യക്തത പരിശോധിക്കുന്നതിന് പുരസ്‌കാര നിര്‍ണ്ണയ സമിതി അപേക്ഷകരുമായി അഭിമുഖം നടത്തും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഓഫീസ് തലവന്റെ പരിശോധനാക്കുറിപ്പും വകുപ്പ് തലവന്റെയോ ജില്ലാ കളക്ടറുടെയോ ശുപാര്‍ശയും സഹിതമാണ് അയയ്‌ക്കേണ്ടത്. ഔദേ്യാഗികഭാഷ മലയാളമാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് സഹായകമായ സ്വതന്ത്ര കൃതികള്‍ക്കാണ് സംസ്ഥാനതലത്തിലുള്ള ഭരണഭാഷാ ഗ്രന്ഥരചനാ പുരസ്‌കാരം നല്‍കുന്നത്.

ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സദ്‌സേവന രേഖയ്‌ക്കൊപ്പം യഥാക്രമം 10,000 രൂപയും 5,000 രൂപയും നല്‍കും. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് പരിഗണിക്കുക. നിശ്ചിത മാതൃകയിലുള്ള അപേക്ഷ പുസ്തകങ്ങളുടെ രണ്ട് പകര്‍പ്പുകള്‍, ഓഫീസ് മേധാവിയുടെയും വകുപ്പ് മേധാവിയുടെയും ശുപാര്‍ശ എന്നിവയ്‌ക്കൊപ്പം അയയ്‌ക്കേണ്ടതാണ്. ഒരുതവണ സമര്‍പ്പിച്ച കൃതികള്‍ വീണ്ടും പരിഗണിക്കുന്നതല്ല. നിശ്ചിതഫോറത്തിലുള്ള അപേക്ഷ സെക്രട്ടറി, ഉദേ്യാഗസ്ഥര ഭരണ പരിഷ്‌കാര (ഔദേ്യാഗിക ഭാഷ) വകുപ്പ്, സെക്രട്ടേറിയറ്റ് അനക്‌സ്, തിരുവനന്തപുരം-1 എന്ന വിലാസത്തില്‍ ലഭിക്കണം.

ജില്ലാതലത്തിലുള്ള ഭരണഭാഷാ സേവന പുരസ്‌കാരം മലയാളം ഔദേ്യാഗിക ഭാഷയാക്കിയിട്ടുള്ള വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ക്ലാസ്-3 ഉദേ്യാഗസ്ഥര്‍ക്ക് നല്‍കുന്നതാണ്.5,000 രൂപയും സദ്‌സേവന രേഖയും ഉള്‍പ്പെടുന്നതാണ് ഈ പുരസ്‌കാരം. മുന്‍ കലണ്ടര്‍ വര്‍ഷം ഔദേ്യാഗികരംഗത്ത് മലയാളത്തില്‍ ചെയ്ത ജോലികളാണ് ഇതിനായി പരിഗണിക്കുന്നത്. കുറിപ്പെഴുത്ത്, കരടെഴുത്ത്, രജിസ്റ്ററിലെ എഴുത്ത്, പട്ടികകള്‍ തയ്യാറാക്കല്‍ തുടങ്ങിയ മലയാളത്തിലുള്ള എല്ലാ ജോലികളും കണക്കിലെടുക്കും. ആകെയുള്ള നൂറ് മാര്‍ക്കില്‍ 70 മാര്‍ക്ക് മലയാളത്തില്‍ ചെയ്ത ജോലിയുടെ അളവിനും 30 മാര്‍ക്ക് ആശയാവിഷ്‌കാരത്തിലെ വ്യക്തതയ്ക്കുമാണ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഓഫീസ് മേധാവിയുടെ പരിശോധനാക്കുറിപ്പും ജില്ലാ ഓഫീസറുടെ ശുപാര്‍ശയും സഹിതം ജില്ലാ കളക്ടര്‍ക്കാണ് സമര്‍പ്പിക്കേണ്ടത്.

ജില്ലാ കളക്ടര്‍, ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ലാ കളക്ടര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ഒരു മലയാള ഭാഷാ പണ്ഡിതന്‍ എന്നിവരടങ്ങുന്ന സമിതി അപേക്ഷകള്‍ പരിശോധിച്ച് പുരസ്‌കാരത്തിന് അര്‍ഹനായ ഉദേ്യാഗസ്ഥനെ തെരഞ്ഞെടുത്ത് പുരസ്‌കാര വിവരം ഒക്‌ടോബര്‍ 15ന് മുന്‍പ് പ്രഖ്യാപിക്കുകയും ഔദേ്യാഗിക ഭാഷാവകുപ്പിനെ അറിയിക്കുകയും ചെയ്യും. എല്ലാ വിഭാഗത്തിലെയും അപേക്ഷകള്‍ സെപ്റ്റംബര്‍ 30നകം ലഭിക്കണം. ഒരു തവണ പുരസ്‌കാരം ലഭിച്ചയാളെ മൂന്ന് വര്‍ഷത്തിനു ശേഷമേ അതേ വിഭാഗത്തില്‍ പരിഗണിക്കൂ. എല്ലാ വര്‍ഷവും ഭരണഭാഷാവാരാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സംസ്ഥാനതല സമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. പുരസ്‌കാരങ്ങള്‍ ലഭിച്ച വിവരം ഉദേ്യാഗസ്ഥരുടെ സര്‍വീസ് ബുക്കില്‍ രേഖപ്പെടുത്തുകയും ചെയ്യും. വിശദവിവരങ്ങള്‍ അതത് വകുപ്പുകളുടെ ജില്ലാതല മേധാവികളുടെ ഓഫീസില്‍ ലഭിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം