പന്ത്രണ്ടാം പദ്ധതി; ലക്ഷ്യം പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗം: മൊണ്ടേക് സിങ് അലുവാലിയ

August 26, 2013 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: പന്ത്രണ്ടാം പദ്ധതിയില്‍ പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരവും നീതിപൂര്‍വവുമായ ഉപയോഗമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആസൂത്രണകമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ പറഞ്ഞു. പാലോട് ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രൊഫ എ. എബ്രഹാം ജന്‍മശതാബ്ദി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ജനസംഖ്യയില്‍ വന്‍ വര്‍ധനയുണ്ടാകുകയും ആവശ്യങ്ങള്‍ വര്‍ധിക്കുകയും ചെയ്‌തെങ്കിലും മുന്‍പ് ലഭിച്ചിരുന്ന അതേ അളവിലുള്ള ജലമാണ് ഇപ്പോഴും നമുക്ക് ലഭ്യമാകുന്നത്. ജലത്തിന്റെ കാര്യക്ഷമമായ ഉപയോഗം ഉറപ്പാക്കണം. രാജ്യത്ത് ലഭിക്കുന്ന ജലത്തിന്റെ എണ്‍പത് ശതമാനവും കൃഷി ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. കാര്യക്ഷമമായ ഉപയോഗത്തിലൂടെ ഇത് നാല്‍പ്പത് ശതമാനമാക്കി കുറയ്ക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വേണ്ടത്ര നഗരവത്കൃതമായിട്ടില്ലാത്ത ഒരു രാജ്യമാണ് നമ്മുടേത്. 31 ശതമാനമാണ് രാജ്യത്തെ നഗരവത്കരണത്തിന്റെ തോത്. 380 ദശലക്ഷം ആളുകള്‍ നഗരങ്ങളില്‍ താമസിക്കുന്നുണ്ട്. അവരില്‍ പകുതി പേര്‍ക്ക് മാത്രമേ വേണ്ടത്ര വിഭവങ്ങളും സൗകര്യങ്ങളും ലഭ്യമായിട്ടുള്ളൂ. രണ്ട് പതിറ്റാണ്ടിനുള്ളില്‍ നഗരജനസംഖ്യ 600 ദശലക്ഷമാകും. ഈ മാറ്റം സുസ്ഥിരമായ രീതിയില്‍ എങ്ങനെ നേരിടണമെന്നതാണ് നമുക്ക് മുന്നിലുള്ള വലിയ വെല്ലുവിളിയെന്ന് മൊണ്ടേക് സിങ് അലുവാലിയ പറഞ്ഞു.ഭൂമിയുടെ സമഗ്രവും ശാസ്ത്രീയവുമായ ഉപയോഗമുണ്ടായില്ലെങ്കില്‍ വലിയ ജനസംഖ്യയുള്ള ഒരു രാജ്യമെന്ന നിലയില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ വഴി ശുദ്ധീകരിക്കാത്തതിനാല്‍ വലിയൊരളവ് ജലം നമുക്ക് നഷ്ടമാകുന്നുണ്ട്.

ഇപ്പോള്‍ രാജ്യത്ത് ജലത്തിന് സര്‍ക്കാര്‍ ഈടാക്കുന്നത് തീരെ കുറഞ്ഞ തുകയാണ്. ജലം കാര്യക്ഷമമല്ലാതെയും അമിതമായും ജലമുപയോഗിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി നല്‍കേണ്ട കാര്യമില്ല. തോട്ടം നനയ്ക്കാനും വാഹനം കഴുകാനുമൊക്കെ ഉപയോഗിക്കേണ്ടി വരുന്ന ജലത്തിന് കൂടിയ തുക തന്നെ ഈടാക്കണം. കല്‍ക്കരി. പാചകവാതകം, ഡീസല്‍, മണ്ണെണ്ണ തുടങ്ങിയ പ്രകൃതി വിഭവങ്ങള്‍ക്കെല്ലാം തന്നെ സര്‍ക്കാര്‍ ഈടാക്കുന്ന തുക കുറവാണ്. പുനരുപയോഗസാധ്യതയുള്ള ഊര്‍ജ സ്രോതസ്സിലേക്ക് പൊതുജനങ്ങള്‍ മാറാതിരിക്കാന്‍ ഇതും ഒരു കാരണമാകുന്നുണ്ട്. സുസ്ഥിരതയെന്നത് ഒരു പ്രത്യേക പദ്ധതിയോ പരിപാടിയോ ആയി നടപ്പാക്കാവുന്നതല്ല. ഇപ്പോള്‍ നടക്കുന്ന പദ്ധതികളില്‍ത്തന്നെ സുസ്ഥിരത ഉള്‍ച്ചേര്‍ക്കുകയാണ് വേണ്ടത്. ജൈവവൈവിധ്യമാണ് സുസ്ഥിരമായ ആസൂത്രണത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു ഘടകമെന്ന് അദ്ദേഹം പറഞ്ഞു.

ഇപ്പോഴുള്ളതിന്റെ 30 ശതമാനം ജൈവവൈവിധ്യം 2050 ല്‍ ഉണ്ടാകില്ലെന്നാണ് കണക്കാക്കുന്നത്. ആധുനിക ജീവിതരീതിയില്‍ പുതിയ പുതിയ രോഗങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ മരുന്നിനുവേണ്ടിയും ആഹാരത്തിനുവേണ്ടിയും ജൈവവൈവിധ്യത്തെ വലിയ തോതില്‍ നമുക്ക് ആശ്രയിക്കേണ്ടി വരും. സമഗ്രവികസനമായിരുന്നു കഴിഞ്ഞ പഞ്ചവത്സരപദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. വളര്‍ച്ചയും, വികസനവും സമഗ്രമായതും എല്ലാ തലങ്ങളിലേക്കും എത്തുന്നതുമായിരിക്കണമെന്നാണ് ഇതിലൂടെ അര്‍ത്ഥമാക്കിയത്. എല്ലാ സാമൂഹിക തലങ്ങളിലും, എല്ലാ പ്രദേശങ്ങളിലും, ലിംഗഭേദമില്ലാതെ എല്ലാവര്‍ക്കും ദേശീയവളര്‍ച്ചയുടെ ഗുണഫലങ്ങള്‍ ലഭ്യമാക്കുകയെന്ന വലിയ ലക്ഷ്യമായിരുന്നു പതിനൊന്നാം പദ്ധതി മുന്നോട്ടുവെച്ച ആശയം. എന്നാല്‍ വികസനം സുസ്ഥിരമാക്കുകയാണ് പന്ത്രണ്ടാം പദ്ധതിയുടെ ലക്ഷ്യം. ജൈവവൈവിധ്യം സുസ്ഥിരതയുടെ പ്രധാനപ്പെട്ട അടയാളങ്ങളില്‍ ഒന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഖരമാലിന്യത്തില്‍ നിന്നും ഊര്‍ജമുണ്ടാക്കുകയാണെങ്കില്‍ രാജ്യത്ത് നാലായിരം മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും. എന്നാല്‍ വെറും 200 മെഗാവാട്ടാണ് ഇത്തരത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്നതെന്ന് ഒരു ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഗവേഷണ സ്ഥാപനങ്ങള്‍ കോര്‍പ്പറേറ്റ് ലോകവുമായി കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തുകയും അതുവഴി സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് തങ്ങളുടെ ഗവേഷണപദ്ധതികളെ രൂപപ്പെടുത്തുകയും വേണം. പ്രോജക്ട് അടിസ്ഥാനത്തിലായിരിക്കണം സര്‍ക്കാര്‍ ഗവേഷണത്തിന് പണം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം.ചന്ദ്രശേഖര്‍, ജെ.എന്‍.ടി.ബി.ജി.ആര്‍.ഐ ഡയറക്ടര്‍ ഡോ.പി.ജി.ലത, മുന്‍ ഡയറക്ടര്‍ ഡോ.പുഷ്പാംഗദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍