പാദ പാംസു ദര്‍ശനം

August 27, 2013 സനാതനം

തിരുമാന്ധാംകുന്ന് കേശാദിപാദം (ഭാഗം – 29)
ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍
സത്യാനന്ദസുധാ വ്യാഖ്യാനം : ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍

അമൃതമയനജനുമജു സുതനുമണിയുന്ന നിന്‍
പദകമലപാംസുക്കളേല്‍ക്കാന്‍ തൊഴുന്നേന്‍

അജന്‍ എന്ന ശബ്ദത്തിന് ജനനമില്ലാത്തവന്‍ എന്നര്‍ത്ഥം. അതിനാല്‍ പരമാത്മാവ് അഥവാ ശിവന്‍ അജനാകുന്നു. പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതി സംഹാരകര്‍ത്താക്കളായ ബ്രഹ്മവിഷ്ണുമഹേശ്വരന്മാര്‍ക്കും അജന്‍ എന്നു പേരുണ്ട്. അവരെയാണ് സ്‌തോത്രകാരന്‍ അജ ശബ്ദം കൊണ്ട് ഇവിടെ വിവക്ഷിക്കുന്നത്. അമൃത സ്വരൂപരായ ആ ത്രിമൂര്‍ത്തികള്‍ പരബ്രഹ്മസ്വരൂപനായ ശിവന്റെ പദകമലപാംസുക്കളണിയുന്നു. അജസുതനെന്നാല്‍ ബ്രഹ്മാവിന്റെ മകനെന്നര്‍ത്ഥം. അത്രി, അംഗിരസ്സ്, പുലഹന്‍, പുലസ്ത്യന്‍, ക്രതു, വസിഷ്ഠന്‍, മരീചി എന്നീ സപ്തര്‍ഷികളും നാരദാദികളുമാണ് അജസുതന്മാര്‍. അവരും അണിയാന്‍ കൊതിക്കുന്നത് ശിവന്റെ പാദമാകുന്ന താമരപ്പൂവിലെ പൂമ്പൊടിയാണ്. ഹൃദയസരോജത്തെ പവിത്രീകരിച്ച് മനുഷ്യനെ അജനും അമരനുമാക്കുന്ന ദിവ്യത ആ പാദപാംസുക്കള്‍ക്കു സ്വായത്തമാക്കുന്നു. അത് ഏല്ക്കുവാന്‍ വേണ്ടുന്ന ഭാഗ്യം തനിക്കും തരേണമേ എന്നാണു പ്രാര്‍ത്ഥന.

Siva-kesadi-padamസ്വര്‍ണ്ണംകൊണ്ടുണ്ടാക്കിയ ആഭരണങ്ങള്‍ സ്വര്‍ണ്ണമല്ലാതെ വേറൊന്നാവുന്നില്ല. അതേ വിധം പരമാത്മാവില്‍ നിന്നുണ്ടായ പദാര്‍ത്ഥങ്ങള്‍ പരമാത്മാവല്ലാതെ മറ്റൊന്നാവുക വയ്യ. ഈ ലോകത്തുകാണപ്പെടുന്നതെല്ലാം പരമാത്മാവില്‍ നിന്നുണ്ടായതാണ്. അതിനാല്‍ ശിവമയമല്ലാതെ യാതൊന്നും ഇവിടെ ഇല്ല. എന്നാല്‍ അവിദ്യയ്ക്കടിപ്പെട്ടുപോയ മനുഷ്യമനസ്സ് ഈ പരമസത്യം തിരിച്ചറിയാറില്ല. അതു ഭ്രദ്രമകല്പനകള്‍ക്കും ദുഃഖങ്ങള്‍ക്കും വകയൊരുക്കുന്നു. എന്നാല്‍ ഇക്കാണുന്നത് പരമേശ്വരനാണെന്നു തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ കാര്യങ്ങളുടെ കിടപ്പു അടിമുടി മാറുന്നു. മണല്‍ത്തരിയില്‍പോലും അണുവിലുമണുവും മഹത്തിലും മഹത്തുമായ പരമേശചൈതന്യം ദര്‍ശിച്ച് ധന്യതയടയാനാകുന്നത് അപ്പോഴാണ്. താനും അതുതന്നെയാണെന്ന തിരിച്ചറിവുണ്ടാകന്നതോടെ അനേകജന്മങ്ങളായി സമാര്‍ജ്ജിച്ച കര്‍മ്മബന്ധങ്ങളെല്ലാം ഒരൊറ്റ നിമിഷം കൊണ്ടു തകര്‍ന്ന് പൂര്‍ണ്ണമായ ആനന്ദാനുഭവമുദിക്കുന്നു. ‘അഹം ബ്രഹ്മാസ്മി’ എന്ന ഈ അനുഭൂതിയുടെ ഉദയമാണ് ശിവപാദങ്ങളിലെ പൊടിയണിയല്‍.

ശിവന്റെ പാദപദ്മത്തിലുദിച്ച പൂമ്പൊടികളില്‍ ഏറ്റവും ചെറിയ ഒന്നെടുത്താണ് ബ്രഹ്മാവ് അനാദ്യനന്തമെന്നു തോന്നിക്കുന്ന ഈ പ്രപഞ്ചത്തെ സൃഷ്ടിക്കുന്നത്. ആയിരം തലകളുണ്ടായിട്ടും അതിനെ താങ്ങിനിര്‍ത്താന്‍ വിഷ്ണുവിനു നന്നേ ക്ലേശിക്കേണ്ടിവരുന്നു. കല്പാന്തത്തില്‍ രുദ്രന്‍ പൊടിച്ചു പവിത്രമായ ഭസ്മമായി ലലാടത്തിലണിയുന്നതും അതിനെയാണ്. പ്രകൃതി സ്വരൂപം ദേവീഭാവം കൈക്കൊണ്ട ശിവന്റെ മാഹാത്മ്യം സൗന്ദര്യലഹരിയില്‍ ശങ്കരാചാര്യസ്വാമികള്‍ ഇങ്ങനെ വ്യക്തമാക്കിയിരിക്കുന്നു.

* തനീയാം പാംസും തവ ചരണ പങ്കേരുഹ ഭവം
വിരിഞ്ചിഃസഞ്ചിന്വന്‍ വിരചയതിലോകാനവികലം,
വഹത്യേനം ശൗരിഃ കഥമപി സഹസ്രേണശിരസാം
ഹരഃസംക്ഷുദ്യേനം ഭജതി ഭസിതോദ്ധൂളനവിധിം –

ശ്രീ ശങ്കരാചാര്യസ്വാമികള്‍, സൗന്ദര്യലഹരി

ഇതാണ് ആപാദ രജസ്സിന്റെ മഹത്വം

 

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം