കേന്ദ്രസഹായത്തോടെ ആധുനികഅറവുശാലകളും ഇലക്ട്രിക് ശ്മശാനങ്ങളും: മുഖ്യമന്ത്രി

August 27, 2013 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: ആധുനികഅറവുശാലകളുടെയും ഇലക്ട്രിക് ശ്മശാനങ്ങളുടെയും നിര്‍മാണം പ്രത്യേകപരിഗണന അര്‍ഹിക്കുന്നുവെന്നും ഇതിനായി കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നഗരപ്രദേശങ്ങളില്‍ മാത്രമല്ല പഞ്ചായത്തുകളിലും ഇവ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനസര്‍ക്കാരും ഇന്ത്യന്‍കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക് റിലേഷന്‍സും (ഐ.സി.ആര്‍. ഐ.ഇ.ആര്‍.) സംയുക്തമായി താജ് വിവാന്തയില്‍ സംഘടിപ്പിച്ച ഖരമാലിന്യസംസ്‌കരണത്തെക്കുറിച്ചുളള ദ്വിദിന ശില്പശാലയില്‍ ഇന്ത്യന്‍ നഗരങ്ങളിലെ ഖരമാലിന്യസംസ്‌കരണം എന്ന വിഷയത്തിലുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടുതല്‍ ജനസാന്ദ്രതയും സ്ഥലലഭ്യതക്കുറവും ഖരമാലിന്യസംസ്‌കരണരംഗത്ത് സംസ്ഥാനം നേരിടുന്ന വെല്ലുവിളികളാണ്. ഈ രംഗത്ത് വിജയിച്ച മാതൃക സംസ്ഥാനം ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നെന്നും അതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്മശാനങ്ങളുടെ ദൂരപരിധി പഞ്ചായത്തുകളില്‍ 25 മീറ്ററും മുന്‍സിപ്പാലിറ്റികളില്‍ 50 മീറ്ററുമാണ് നിലവിലുളളത്. ഇത് പുന:പരിശോധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

എല്ലാ പട്ടണങ്ങള്‍ക്കും നഗരശുചിത്വപരിപാടി ആവശ്യമാണെന്നും തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് മാലിന്യനിര്‍മ്മാര്‍ജ്ജനം സംബന്ധിച്ച് കൃത്യമായ പദ്ധതികള്‍ ഉണ്ടായിരിക്കണമെന്നും സെഷനില്‍ അധ്യക്ഷത വഹിച്ച കേന്ദ്രനഗരവികസന സെക്രട്ടറി ഡോ. സുധീര്‍കൃഷ്ണ അഭിപ്രായപ്പെട്ടു. ഖരമാലിന്യസംസ്‌കരണത്തില്‍ പ്രാദേശികതല പദ്ധതി കള്‍ കൂടുതലായി അവലംബിച്ച് വരികയാണെന്നും എല്ലാ പ്രദേശങ്ങളിലും ഒരുപോലെ കാര്യക്ഷമമായ ഒരു മാതൃക കണ്ടെത്താന്‍ പ്രയാസമാണെന്നും സെഷനില്‍ സംസാരിച്ച പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എം. ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു.

ഖരമാലിന്യ സംസ്‌കരണ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ സാങ്കേതികവിദ്യയ്ക്കുമാത്രമല്ല ഊന്നല്‍ നല്‍കേണ്ടതെന്നും മാലിന്യത്തിന്റെ ശേഖരണം, തരംതിരിക്കല്‍, സംസ്‌കരണസ്ഥലത്തേയ്ക്ക് കൊണ്ടുപോകല്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും കേന്ദ്രപ്ലാനിങ് കമ്മീഷനംഗം ഡോ. കെ. കസ്തൂരിരംഗന്‍ പറഞ്ഞു. ഐ.സി.ആര്‍.ഐ.ഇ.ആര്‍. ചെയര്‍പേഴ്‌സണ്‍ ഡോ. ഇഷര്‍ ജഡ്ജ് അലുവാലിയ ഇന്ത്യന്‍ നഗരങ്ങളിലെ ഖരമാലിന്യസംസ്‌കരണ രംഗത്തെ വിവിധ പദ്ധതികളെക്കുറിച്ച് സംസാരിച്ചു. പ്ലാനിങ് ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. അനുരാധ ബല്‍റാമും സെഷനില്‍ സംസാരിച്ചു. മാലിന്യത്തില്‍ നിന്ന് ഊര്‍ജത്തിലേയ്ക്കുളള വിവിധ പരീക്ഷണങ്ങള്‍, ഖരമാലിന്യസംസ്‌കരണരംഗത്ത് പൊതു-സ്വകാര്യ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും സെഷനുകള്‍ സംഘടിപ്പിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍