ഫാക്ട് ഇന്നു മുതല്‍ എല്‍എന്‍ജിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങും

August 28, 2013 കേരളം

കൊച്ചി: ഫാക്ട് ഇന്ന് മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രകൃതി വാതകം ഉപയോഗിച്ച് പ്രവര്‍ത്തിക്കും. പുതുവൈപ്പിനിലെ ടെര്‍മിനലില്‍ നിന്ന് ആറുമാസത്തേക്കാണ് ഫാക്ട് എല്‍എന്‍ജി വാങ്ങുന്നത്. പെട്രോനെറ്റില്‍ നിന്നും പ്രകൃതി വാതകം വാങ്ങുന്നതിന് കരാറായതിനെ തുടര്‍ന്നാണ് ഈ മാറ്റം. എല്‍എന്‍ജിയില്‍ നിന്നും പ്രകൃതി വാതകം സ്വീകരിക്കുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് രാവിലെ 9.30-ന് ഫാക്ട് ഡയറക്ടര്‍ ടെക്നിക്കല്‍ വി.കെ.അനില്‍കുമാര്‍ നിര്‍വഹിച്ചു. പെട്രോനെറ്റില്‍ നിന്നും എല്‍എന്‍ജി വാങ്ങുന്നതു സംബന്ധിച്ച കരാറില്‍ ചൊവ്വാഴ്ചയാണ് ഫാക്ട് കോര്‍പറേറ്റ് മറ്റീരിയല്‍സ് ജോയിന്റ് ജനറല്‍ മാനേജര്‍ ഐ.എസ് അംബികയും ഗെയ്ലിന്റെ മാര്‍ക്കറ്റിംഗ് ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ആര്‍.കെ സിംഗാളും ഒപ്പിട്ടത്. നിലവില്‍ ഫര്‍ണസ് എണ്ണയാണ് ഫാക്ടിന്റെ ബോയ്ലറുകളില്‍ ഉപയോഗിക്കുന്നത്. ഇതിനു പകരം താഴ്ന്ന മര്‍ദ്ദത്തിലുള്ള ദ്രവീകൃത പ്രകൃതി വാതകം ഉപയോഗിക്കും. വാതകാടിസ്ഥാനത്തില്‍ ഉല്‍പാദനം നടത്താനുള്ള സാങ്കേതിക ക്രമീകരണങ്ങള്‍ കമ്പനിയില്‍ തയാറായിട്ടുണ്ട്. സ്പോട്ട് പര്‍ച്ചേസ് അടിസ്ഥാനത്തില്‍ ഒരു ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് 12 ഡോളര്‍ നിരക്കിലാണ് വാതകം വാങ്ങുന്നത്. 4.5 ശതമാനം വാറ്റുകൂടി ഉള്‍പ്പെടുത്തിയാണ് പെട്രോനെറ്റില്‍ നിന്ന് ഫാക്ട് വാതകം വാങ്ങുന്നത്. അമോണിയ പ്ളാന്റില്‍ വാതകം ഉപയോഗിക്കുന്നത് ഒരാഴ്ച വൈകും. 45 കെജി(സാധാരണ അന്തരീക്ഷ ഊഷ്മാവ്) മര്‍ദ്ദത്തില്‍ പ്രകൃതി വാതകം ലഭിച്ചാല്‍ അമോണിയ പ്ളാന്റുകളില്‍ ഇത് ഉപയോഗിക്കാനാകും. ഇപ്പോള്‍ നാലു മുതല്‍ അഞ്ചു വരെ കെജി മര്‍ദ്ദത്തിലാണ് വാതകം ലഭിക്കുന്നത്. അമോണിയ പ്ളാന്റ് പ്രകൃതി വാതകം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഗെയില്‍ ഉദ്യോഗസ്ഥര്‍ പ്ളാന്റില്‍ തയാറാക്കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം