ലൈഫ് സയന്‍സ് പാര്‍ക്കിന് ശിലാസ്ഥാപനം നടത്തി

August 29, 2013 കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ലൈഫ് സയന്‍സ് പാര്‍ക്കായ ബയോ360 ന് തോന്നയ്ക്കലിലെ പദ്ധതിപ്രദേശത്ത് നടന്ന ചടങ്ങില്‍ വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ശിലാസ്ഥാപനം നിര്‍വഹിച്ചു. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന പുകക്കുഴല്‍ വ്യവസായങ്ങളല്ല വിജ്ഞാനത്തിലധിഷ്ഠിതമായ ഇത്തരം സംരംഭങ്ങളാണ് സംസ്ഥാനത്തിനിണങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പരിസ്ഥിതിയെ തകര്‍ത്തുകൊണ്ടുള്ള ഇടിച്ചുപൊളിക്കലും മണ്ണിട്ടുമൂടലും ഇനി നടക്കില്ല. നമ്മുടെ പ്രകൃതിക്കും ആവാസവ്യവസ്ഥയ്ക്കും അനുയോജ്യമായ തരത്തിലുള്ള വ്യവസായ പുരോഗതിയേ നമുക്കു പറ്റുകയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലൈഫ് സയന്‍സ് പാര്‍ക്ക് വരുന്നതോടെ തോന്നയ്ക്കല്‍ ഒരു നോളജ് സിറ്റിയായി മാറുമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന ധനകാര്യമന്ത്രി കെ.എം.മാണി പറഞ്ഞു. നാനോടെക്‌നോളജി പോലുള്ള നൂതന സാധ്യതകള്‍ വലിയൊരു ലോകമാണ് നമുക്ക് മുന്നില്‍ തുറന്നിടുന്നതെന്നും അധ്യക്ഷപ്രസംഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ലൈഫ് സയന്‍സ് പാര്‍ക്ക് കേരളത്തിന്റെ മുന്നേറ്റചരിത്രത്തില്‍ നിര്‍ണായകമായൊരു നാഴികക്കല്ലായി മാറുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. കാര്‍ഷിക ജൈവസാങ്കേതികത, സമുദ്രവിഭവ ജൈവസാങ്കേതികത, ബയോ ഇന്‍ഫര്‍മാറ്റിക്‌സ്, ബയോ മെഡിക്കല്‍ ഡിവൈസസ്, ബയോ ഫാര്‍മസ്യുട്ടിക്കല്‍സ് എന്നിവയുള്‍പ്പെടുന്ന ജൈവശാസ്ത്രമേഖലയില്‍ ഗവേഷണ, വികസന, ഉത്പാദന സൗകര്യങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് ലൈഫ് സയന്‍സ് പാര്‍ക്കിന്റെ ലക്ഷ്യം. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ ചെയര്‍മാനുമായ ടി.കെ.എ.നായര്‍, കെ.എസ്.ഐ.ഡി.സി എം.ഡി ടോം ജോസ്, വ്യവസായ സെക്രട്ടറി പി.എച്ച്.കുര്യന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം