ജോലി തട്ടിപ്പ്‌ ഒതുക്കാന്‍ കൈക്കൂലി വാഗ്‌ദാനം

December 7, 2010 കേരളം,മറ്റുവാര്‍ത്തകള്‍

ആലപ്പുഴ: തട്ടിപ്പു പുറത്തുകൊണ്ടുവന്ന റവന്യു വിജിലന്‍സിലെ ഉന്നത ഉദ്യോഗസ്‌ഥനു വന്‍തുക വാഗ്‌ദാനം ചെയ്‌തതായാണു വിവരം. ലാവ്‌ലിന്‍ കേസില്‍ സിപിഎം ഔദ്യോഗിക നേതൃത്വത്തിനെതിരെ സിപിഐ രംഗത്തു വന്നതിനു പിന്നാലെ നിയമനത്തട്ടിപ്പു പുറത്തായതോടെയാണ്‌, കേസ്‌ ഒതുക്കിത്തീര്‍ത്തു പാര്‍ട്ടിയുടെയും ഭരണത്തിന്റെയും മുഖം രക്ഷിക്കാന്‍ നീക്കം തുടങ്ങിയത്‌. ഇതുസംബന്ധിച്ചു മാസങ്ങള്‍ക്കു മുന്‍പു മുഖ്യമന്ത്രിയുടെ സുതാര്യ കേരളം പരിപാടിയില്‍ കിട്ടിയ പരാതി കലക്‌ടറേറ്റിലേക്ക്‌ കൈമാറിയപ്പോള്‍ തട്ടിപ്പുസംഘം പൂഴ്‌ത്തി. പിന്നീട്‌ അന്വേഷണം റവന്യു വിജിലന്‍സ്‌ ഏറ്റെടുത്തപ്പോഴാണ്‌ ഉന്നത ഉദ്യോഗസ്‌ഥനു കോഴ വാഗ്‌ദാനമുണ്ടായത്‌.
കേസ്‌ നിസാരവല്‍ക്കരിച്ച്‌ ഒതുക്കിത്തീര്‍ക്കാനും നീക്കം നടന്നെന്നു വ്യക്‌തമായി. ജോലി തട്ടിപ്പു ഗുരുതരമായ ക്രിമിനല്‍ കുറ്റമാണെങ്കിലും കേസ്‌ ഉന്നത അന്വേഷണ ഏജന്‍സികള്‍ക്കു വിടാന്‍ വൈകുന്നത്‌ ഇതിന്റെ സൂചനയാണ്‌. റവന്യു വകുപ്പില്‍ എല്‍ഡി ക്ലാര്‍ക്ക്‌ മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്‌ഥരുടെ നിയമനാധികാരി ലാന്‍ഡ്‌ റവന്യു കമ്മിഷണര്‍ ആണെന്നിരിക്കേ, ആ ചുമതല വഹിക്കുന്ന ഉദ്യോഗസ്‌ഥനെത്തന്നെ അന്വേഷണത്തിനു നിയോഗിച്ചത്‌ ഇതിന്റെ ഭാഗമാണെന്നും ആരോപണമുണ്ട്‌.
ലാന്‍ഡ്‌ റവന്യു കമ്മിഷണറായിരുന്ന ഡോ. കെ.എം. രാമാനന്ദന്‍ ഫെബ്രുവരിയില്‍ വിരമിച്ചപ്പോള്‍ പഞ്ചായത്ത്‌ ഡയറക്‌ടര്‍ കെ.ആര്‍. മുരളീധരന്‌ അധികച്ചുമതല നല്‍കുകയായിരുന്നു. ഈ കാലയളവിലാണു തട്ടിപ്പ്‌ അരങ്ങേറിയത്‌. ഇതേക്കുറിച്ച്‌ എന്‍ജിഒ യൂണിയന്‍ നേതൃത്വത്തിനു നേരത്തേ വിവരമുണ്ടായിരുന്നെങ്കിലും രാഷ്‌ട്രീയ കാരണങ്ങളാല്‍ മൗനംപാലിക്കുകയായിരുന്നത്രേ. എന്നാല്‍ ലാവ്‌ലിന്‍ കേസില്‍ സിപിഐ ശക്‌തമായ നിലപാടു സ്വീകരിച്ചപ്പോള്‍, സിപിഎം നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം എന്‍ജിഒ യൂണിയന്‍ നിലപാടു മാറ്റിയതായാണു സൂചന.
സൂത്രധാരന്മാരില്‍ ഒരാളായ അഭിലാഷ്‌ എസ്‌. പിള്ളയ്‌ക്കു തിരുവനന്തപുരത്തു ലാന്‍ഡ്‌ റവന്യു കമ്മിഷണറേറ്റിലേക്കു സ്‌ഥലംമാറ്റം കിട്ടിയെങ്കിലും ഉത്തരവു മരവിപ്പിച്ചതു തട്ടിപ്പു മൂടിവയ്‌ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. പിഎസ്‌സിയുടെ നിയമന ശുപാര്‍ശ പ്രകാരം നിയമനം നല്‍കിയാല്‍ വിവരം പിഎസ്‌സിയെയും ലാന്‍ഡ്‌ റവന്യു കമ്മിഷണറെയും അറിയിക്കണമെന്നാണു വ്യവസ്‌ഥയെങ്കിലും ഇവിടെ അതുണ്ടായില്ല. പൊലീസ്‌ വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടില്ലാതെ സര്‍വീസ്‌ ബുക്ക്‌ എഴുതിത്തുടങ്ങിയതിനും നിയമനം ക്രമപ്പെടുത്തിയതിനും പിന്നില്‍ കമ്മിഷണറേറ്റിലെ ചിലരുടെ ഇടപെടലുണ്ടായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം