ഇന്ത്യ ജിസാറ്റ്-7 വിജയകരമായി വിക്ഷേപിച്ചു

August 30, 2013 ദേശീയം

g-7 sateliteബാംഗളൂര്‍: ഇന്ത്യയുടെ പ്രഥമ സൈനിക ഉപഗ്രഹം ജിസാറ്റ്-7 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിലെ കൗറൗ സ്‌പേസ് പോര്‍ട്ടില്‍ നിന്നും വെള്ളിയാഴ്ചയായിരുന്നു വിക്ഷേപണം നടന്നത്. ഇന്ത്യന്‍ നേവിയുടെ പ്രവര്‍ത്തനങ്ങളില്‍ മികച്ചപങ്കു വഹിക്കാന്‍ ശേഷിയുള്ള ഈ ഉപഗ്രഹം സെപ്റ്റംബര്‍ അവസാനത്തോടെ പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകും. പുലര്‍ച്ചെ രണ്ടു മണിക്കായിരുന്നു വിക്ഷേപണം. 185 കോടിരൂപ ചെലവഴിച്ചാണ് ജിസാറ്റിന്റെ നിര്‍മിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍, ചൈന എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന ആറാമത് രാജ്യമായി ഇന്ത്യ മാറി.

34 മിനിറ്റു യാത്രക്കു ശേഷം ഉപഗ്രഹം ഭ്രമണപഥത്തില്‍ വിജയകരമായി എത്തിയതായി ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേകിച്ച നാവിക ഓപ്പറേഷനുകളില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഉപഗ്രഹത്തിന്റെ വിക്ഷേപണത്തെ രാജ്യം ആകാംക്ഷയോടെയാണ് വീക്ഷിച്ചത്. ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസിഡര്‍ അരുണ്‍സിംഗ് ബാംഗളൂരിലെ ഐഎസ്ആര്‍ഒ കേന്ദ്രത്തിന്റെ ഡയറക്ടര്‍ എസ്.കെ ശിവകുമാര്‍ തുടങ്ങിയവര്‍ ജിസാറ്റ്-7ന്റെ വിക്ഷേപണത്തിനു സാക്ഷ്യം വഹിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം