ഇടുക്കിയില്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി ഒക്ടോബര്‍ 8ന്; പരാതികള്‍ സെപ്തം. 7 വരെ നല്‍കാം

August 30, 2013 കേരളം

ഇടുക്കി: ജില്ലയില്‍ ഒക്ടോബര്‍ എട്ടിന് നടക്കുന്ന മുഖ്യമന്ത്രിയുടെ പൊതുജനസമ്പര്‍ക്ക പരിപാടിയിലേക്കുളള പരാതികള്‍ സെപ്തംബര്‍ ഏഴു വരെ നല്‍കാമെന്ന് ജില്ലാ കളക്ടര്‍ അജിത് പാട്ടീല്‍ അറിയിച്ചു. അക്ഷയ സെന്ററുകള്‍, താലൂക്ക് ഓഫീസ്, കളക്ടറേറ്റ് എന്നിവിടങ്ങളിലാണ് പരാതികള്‍ നല്‍കേണ്ടത്. ഇന്റര്‍നെറ്റ് കണക്ഷനുളള കമ്പ്യൂട്ടര്‍ വഴിയും പരാതി നല്‍കാം.

പരാതി നല്‍കുമ്പോള്‍ ലഭിക്കുന്ന ഡോക്കറ്റ് നമ്പര്‍ ഉപയോഗിച്ച് പരാതിയുടെ നിജസ്ഥിതി മനസ്സിലാക്കാവുന്നതാണ്. ജനസമ്പര്‍ക്കപരിപാടിക്ക് രണ്ടാഴ്ച മുമ്പ് ജില്ലയുടെ ചുമതലയുളള മന്ത്രിയുടെ നേതൃത്വത്തില്‍ സ്ക്രീനിങ് കമ്മിറ്റി മുഖ്യമന്ത്രിയുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച ചെയ്യും. പൊതുവായ വിഷയങ്ങള്‍, നയപരമായ കാര്യങ്ങള്‍, മുഖ്യമന്ത്രിയുടെ അധികാരപരിധിയില്‍ വരുന്നതോ മന്ത്രിസഭയില്‍ തീരുമാനിക്കേണ്ടതോ ആയ പരാതികള്‍ വീഡിയോ കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. മുഖ്യമന്ത്രി പരാതിക്കാര നേരിട്ടു കാണേണ്ടതായ പരാതികളും ഈ കമ്മിറ്റി തീരുമാനിക്കും. ക്യാബിനറ്റ് നയപരമായ തീരുമാങ്ങള്‍ ആവശ്യമുളള പരാതികള്‍ സ്ക്രീനിങ് കമ്മിറ്റി കഴിഞ്ഞു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കും. സ്ക്രീനിങ് കമ്മിറ്റി കഴിയുമ്പോള്‍ പരാതികളിലുളള തീരുമാനങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാക്കും. വിവരം എസ്.എം.എസ്. വഴിയും അറിയാം.

ജനസമ്പര്‍ക്ക ദിനത്തില്‍ മുഖ്യമന്ത്രിയെ കാണേണ്ടവരെ യഥാക്രമം എസ്.എം.എസിലൂടെയും കത്തിലൂടെയും വെബ്സൈറ്റ് വഴിയും അറിയിക്കും. പരാതി സമര്‍പ്പിക്കാനുളള സൈറ്റ് www.jsp.kerala.gov.in

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം