കൂറുമാറ്റം: പഞ്ചായത്തംഗത്തെ അയോഗ്യനാക്കി

August 30, 2013 കേരളം

തിരുവനന്തപുരം: കൂറുമാറ്റ നിരോധന നിയമം ലംഘിച്ചതിന് തൃശ്ശൂര്‍ ജില്ലയില്‍ വലപ്പാട് ഗ്രാമപഞ്ചായത്തംഗം മല്ലികാ ദേവനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ.ശശിധരന്‍ നായര്‍ അയോഗ്യയാക്കി. പഞ്ചായത്തിലെ മറ്റൊരംഗമായ കെ.എസ്.സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇരുപതംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസ് എട്ടും കോണ്‍ഗ്രസ് പിന്തുണയുള്ള സ്വതന്ത്രന്‍ ഒരു സീറ്റിലും എല്‍.ഡി.എഫ് 9 ഉം സ്വതന്ത്രന്‍ രണ്ട് സീറ്റിലും വിജയിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇരുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കും പത്ത് വീതം വോട്ട് ലഭിച്ചതിനെ തുടര്‍ന്ന്, നറുക്കെടുപ്പിലൂടെ എല്‍.ഡി.എഫിലെ ബീന അജയഘോഷ് പ്രസിഡന്റായി. കഴിഞ്ഞ ആഗസ്റ്റില്‍ പ്രസിഡന്റിനെതിരെ നടന്ന അവിശ്വാസപ്രമേയ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് അംഗമായ മല്ലിക ദേവന്റെ വോട്ട് അസാധുവായതിനെത്തുടര്‍ന്ന് പ്രമേയം പരാജയപ്പെട്ടു. കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ ജയിച്ച ശേഷം പാര്‍ട്ടി വിപ്പ് ലംഘിച്ച് എതിര്‍ കക്ഷിയില്‍പെട്ട പ്രസിഡന്റിന് അധികാരത്തില്‍ തുടരാന്‍ സഹായകരമായ നിലപാട് സ്വീകരിച്ചത് കൂറുമാറ്റ നിയമത്തിന്റെ ലംഘനമാണെന്ന് വിലയിരുത്തിയാണ് കമ്മീഷന്‍ മല്ലികാ ദേവനെ അയോഗ്യയാക്കിയത്. തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അവരെ ആറ് വര്‍ഷത്തേക്ക് വിലക്കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം