കുട്ടികളുടെ അവകാശസംരക്ഷണം : സംസ്ഥാനതല കണ്‍സള്‍ട്ടേഷന് നാളെ തുടക്കം

August 30, 2013 കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച ബാലാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ അവകാശ സംരക്ഷണം സംബന്ധിച്ച സംസ്ഥാനതല കണ്‍സള്‍ട്ടേഷന്‍ തിരുവനന്തപുരത്ത് ഐ.എം.ജിയിലെ പത്മം കോണ്‍ഫറന്‍സ് ഹാളില്‍ ആഗസ്റ്റ് 31 ശനിയാഴ്ച രാവിലെ 10 മണിക്ക് പഞ്ചായത്തും സാമൂഹികനീതിയും വകുപ്പ് മന്ത്രി ഡോ.എം.കെ.മുനീര്‍ ഉദ്ഘാടനം ചെയ്യും. കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം രൂപീകരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി 18 വയസ്സിന് താഴെയുള്ള കുട്ടികളില്‍ നിന്ന് അഭിപ്രായങ്ങള്‍ സ്വീകരിച്ചിരുന്നു.

ശിശുസൗഹൃദ അന്തരീക്ഷം കേരളത്തില്‍ വളര്‍ത്തിയെടുക്കാന്‍ ഉതകുംവിധം ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായം തേടുകയെന്നതാണ് രണ്ടുദിവസത്തെ സംസ്ഥാനതല കണ്‍സള്‍ട്ടേഷന്‍ ലക്ഷ്യമിടുന്നത്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അദ്ധ്യക്ഷന്‍മാര്‍ നിയമവിദഗ്ദ്ധര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അദ്ധ്യക്ഷര്‍/അംഗങ്ങള്‍ എന്നിവര്‍ കണ്‍സള്‍ട്ടേഷനില്‍ പങ്കെടുക്കും. ശനിയാഴ്ച രാവിലെ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍, ദേശീയ ബാലാവകാശ കമ്മീഷന്‍ അധ്യക്ഷ കുശാല്‍ സിംഗ് മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അധ്യക്ഷ നീലാ ഗംഗാധരന്‍ അധ്യക്ഷത വഹിക്കും. സാമൂഹികക്ഷേമവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.കെ.എം.എബ്രഹാം, യൂണിസെഫ് ചീഫ് ഓഫ് ഫീല്‍ഡ് ഓഫീസ് ഡോ.സതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം