മലപ്പുറം താനൂരില്‍ ബസ് ഓട്ടോറിക്ഷയിലിടിച്ചു: എട്ടു മരണം

August 31, 2013 പ്രധാന വാര്‍ത്തകള്‍

മലപ്പുറം: വിവാഹ സത്കാരച്ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും സ്വകാര്യ ബസും കൂട്ടിയിടിച്ചു സ്ത്രീകളും കുട്ടികളുമടക്കം എട്ടു പേര്‍ മരിച്ചു. ഇന്നലെ വൈകുന്നേരം ആറരയോടെ താനൂരിനടുത്തു മുക്കോലയിലാണു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഓട്ടോ യാത്രക്കാരാണു മരിച്ചത്.

ബസിന്റെ അമിതവേഗമാണ് അപകടത്തിന് ഇടയാക്കിയത്. രോഷാകുലരായ ജനം ബസിനു തീവച്ചു. അപകടസ്ഥലത്തു മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥയായിരുന്നു. പരപ്പനങ്ങാടി ചെട്ടിപ്പടി കൊടക്കാട് കുണ്ടുമൂച്ചിയിലെ ഒരു കുടുംബ ത്തിലെ എട്ടു പേരാണു മരിച്ചത്. കുണ്ടുമൂച്ചിയിലെ കളാരക്കുണ്ട് സ്വദേശികളായ കുഞ്ഞുപീടിയേക്കല്‍ ഉമ്മര്‍ ഫാറൂഖിന്റെ ഭാര്യ ആരിഫ (27), അയൂബിന്റെ ഭാര്യ സഹീറ (25), ഓട്ടോ ഡ്രൈവറും ചെട്ടിപ്പടി ആനപ്പടിയിലെ അബ്ദുവിന്റെ മകനുമായ കബീര്‍ (22), പരപ്പനങ്ങാടി ആലുങ്ങല്‍ ബീച്ചിലെ അര്‍ഷദ് (20), ആരിഫയുടെ മക്കളായ ഫാത്തിമ നസ്‌ല (എട്ട്), സഹീറയുടെ മക്കളായ തസ്‌വീര്‍ (രണ്ട്), ഹര്‍ഷാ ദ് (രണ്ട്), തൗസീന (ഏഴ്) എന്നിവരാണു മരിച്ചത്.

താനൂരില്‍ വിവാഹസല്‍ക്കാരച്ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന സംഘത്തിന്റെ ഓട്ടോറിക്ഷയില്‍ കോഴിക്കോടു നിന്നു തിരൂരിലേക്കു വരുകയായിരുന്ന എടിഎ ബസാണ് ഇടിച്ചത്.

അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. രണ്ടു പേര്‍ സംഭവസ്ഥലത്തും രണ്ടു പേര്‍ യാത്രമധ്യേയും ബാക്കിയുള്ളവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലുമാണു മരിച്ചത്. നാട്ടുകാര്‍ തീവച്ച ബസ് പൂര്‍ണമായും കത്തിനശിച്ചു. ബസ് നേരത്തേ നിരവധി തവണ അപകടമുണ്ടാക്കിയിട്ടുള്ളതായി വാര്‍ത്ത പരന്നതോടെ ജനരോഷം  ശക്തമാവുകയും യാത്രക്കാരെ ഇറക്കിയ ശേഷം ബ സിനു തീ വയ്ക്കുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു ചില്ലുകള്‍ തകര്‍ത്തു.

സംഭവത്തെത്തുടര്‍ന്ന് തിരൂര്‍-പരപ്പനങ്ങാടി റോഡില്‍ മണിക്കൂറോളം ഗതാഗതം മുടങ്ങി. തീ കെടുത്താനെത്തിയ പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും നാട്ടുകാര്‍ തടഞ്ഞു.

ബസിന്റെ അമിത വേഗമാണ് അകടത്തിനു കാരണമെന്നു ബസിലെ യാത്രക്കാര്‍ തന്നെ പറ ഞ്ഞു. വേഗം കുറയ്ക്കണമെന്നു യാത്രക്കാര്‍ ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെയും അപകടങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള ബസ് ഓരോ അപകടത്തിനു ശേഷവും പുതിയ പേരുകളിലാണു പുറത്തിറങ്ങിയിരുന്നത്.

ബസ് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. ജനം തിങ്ങി നിറഞ്ഞതു രക്ഷാപ്രവര്‍ത്തനത്തെയും ബാധിച്ചു. പരിക്കേറ്റവരെ തിരൂരങ്ങാടിയിലെ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജിലുമെത്തിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നു നാട്ടിലെത്തിച്ചു ഖബറടക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍