ഗാന്ധാരി – ധര്‍മ്മവാദിനിയായ ദുഃഖപുത്രി

August 31, 2013 സനാതനം

പഴയന്നൂര്‍ മഹാദേവന്‍

വേദങ്ങളെ ക്രമപ്പെടുത്തിയ വേദവ്യാസന്‍ ഒന്നേകാല്‍ ലക്ഷം ശ്ലോകപുഷ്പങ്ങള്‍കൊണ്ട് കോര്‍ത്തിണക്കിയതാണ് ലോകോത്തര ഇതിഹാസകൃതിയായ മഹാഭാരതം.

തലമുറ തലമുറകളായി നീണ്ടുപോകുന്ന കഥാപ്രപഞ്ചമായ ആ ബൃഹത്ഗ്രന്ഥത്തിന്റെ സാരം വെറും എട്ടക്ഷരങ്ങള്‍കൊണ്ട് ചുരുക്കി ഉദ്‌ഘോഷിക്കുന്ന ഒരു കഥാപാത്രമുണ്ട്. ‘യതോധര്‍മ്മസ്തതോജയ’ – എവിടെ ധര്‍മ്മമുണ്ടോ അവിടെയാണ് ജയം – മറ്റാരുമല്ല, ധര്‍മ്മത്തിന്റെ ജയാശംസകയായി പുകഴ്ത്തപ്പെടുന്ന ആ മാതൃകാകഥാപാത്രം ഗാന്ധാരിതന്നെ. ധര്‍മ്മമെന്ന പദത്തിന് പുണ്യം, നീതി, ആചാരം, ന്യായം, കര്‍ത്തവ്യം, വൈദികവിധിപ്രകാരം നിര്‍വ്വഹിക്കേണ്ടതായ കര്‍മ്മങ്ങള്‍ എന്നൊക്കെ അര്‍ത്ഥങ്ങളുണ്ട്.

Gandhari-sliderധര്‍മ്മത്തിന്റെ കാവല്‍ക്കാരിയായും സര്‍വ്വഭൂതഹിതൈഷിണിയായും വ്യാസന്‍ ഗാന്ധാരിയെ അവതരിപ്പിക്കുന്നു. സത്യവാദിനിയായ അമ്മ, ധര്‍മ്മപ്രദീപികയായ വനിതാരത്‌നം, ഭാരതീയ സ്ത്രീത്വത്തിന്റെ ചിരന്തന പ്രതീകം, മനുഷ്യഭാവങ്ങള്‍ മുഴുവന്‍ ഏറ്റുവാങ്ങിയ മനസ്വിനി, മഹാഭാരതത്തില്‍ തെളിഞ്ഞുനില്ക്കുന്ന ഗാന്ധാരിക്ക് വിശേഷണങ്ങള്‍ ഏറെ. കൗരവരാജധാനിയുടെ ഇരുളടഞ്ഞ ഇടനാഴികളില്‍ വെളിച്ചം വീശിയ ആ സ്ത്രീരത്‌നം എന്നും ധര്‍മ്മത്തിന്റെ മാര്‍ഗ്ഗത്തില്‍ മാത്രം സഞ്ചരിച്ച അപൂര്‍വ്വം ഇതിഹാസനായികമാരില്‍ ഒരുവളായി അംഗീകരിക്കപ്പെടുന്നു.

നൂറുമക്കളേയും യുദ്ധത്തില്‍ നഷ്ടപ്പെട്ട് ഏറെ ദുഃഖിതമായ ആ മാതൃഹൃദയം വളരെക്കുറച്ചുവാക്കുകളില്‍ വളരെയധികം വേദനകള്‍ ഒതുക്കിവെക്കുകയായിരുന്നു. വിങ്ങിപ്പൊട്ടുന്ന ഹൃദയവുമായി ഗാന്ധാരി ഭീമനോടു പറയുന്ന ഹൃദയസ്പര്‍ശിയായ വാക്കുകള്‍ ശ്രദ്ധിക്കാം – പിന്നെ പരാജയപ്പെടുത്തുവാന്‍ വിഷമമാണ്.

എന്നാല്‍ ഞങ്ങളുടെ നൂറുമക്കളില്‍ ഒരാളെയെങ്കിലും ബാക്കിവെച്ചില്ലല്ലോ? അന്ധരായ ഞങ്ങള്‍ക്ക് വയസ്സുകാലത്ത് ഒരു ഊന്നുവടിയായിട്ടുപോലും.

എങ്കില്‍ ഞാനിത്ര ദുഃഖിക്കുകയില്ലായിരുന്നു.’ ആര്‍ക്കും വിജയമില്ലെന്നറിഞ്ഞിട്ടും എത്രയോ യുദ്ധങ്ങള്‍ അരങ്ങേറുന്ന ഇന്നത്തെ ലോകത്തില്‍ എത്ര എത്ര ഗാന്ധാരിമാരുടെ ദീനരോദനങ്ങള്‍ മുഴങ്ങികേള്‍ക്കുന്നു..! ഭൂതകാലത്തിന്റെ ഇരുളടഞ്ഞ ഇടനാഴികള്‍ പിന്നിട്ടുകൊണ്ട് ദുഃഖം ഘനീഭവിച്ച ഹൃദയഭാവങ്ങളുമായി കടന്നുവന്ന നൂറ്റവരുടെ അമ്മയായ ആ സ്ത്രീരത്‌നം മക്കളുടെ ജയാപജയങ്ങളേക്കാള്‍ ധര്‍മ്മത്തിന്റെ ജയത്തിനായി പ്രാര്‍ത്ഥിച്ചു. മനുഷ്യദുഃഖങ്ങള്‍ മുഴുവന്‍ ഏറ്റുവാങ്ങിയ ആ മനസ്വിനിയില്‍ അതെ, ഗാന്ധാരി എന്ന ആത്ര്യക്ഷരിയില്‍ – എല്ലാ നന്മകളും ഒതുങ്ങിയിരിക്കുന്നു.

നൂറ്റാണ്ടുകളോളം ആ ധര്‍മ്മ ദീപത്തിന്റെ പൊന്നൊളികള്‍ ഭാരത്തിലങ്ങോളമിങ്ങോളം കനകകാന്തി ചൊരിഞ്ഞുകൊണ്ടിരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം