സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ നെതര്‍ലന്റിലെത്തി

August 31, 2013 കേരളം

തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനുള്ള യാത്രയില്‍, സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ നെതര്‍ലന്റിലെത്തി. ആംസ്റ്റര്‍ഡാമില്‍, അന്താരാഷ്ട്ര നീതിന്യായ കോടതിയും, നെതര്‍ലന്റ് പാര്‍ലമെന്റും സന്ദര്‍ശിച്ച സ്പീക്കര്‍, ഉദ്യോഗസ്ഥരുമായി ചര്‍ച്ചകളും നിയമ നിര്‍മ്മാണ രീതികളെക്കുറിച്ചും, നിയമ നടത്തിപ്പിനെക്കുറിച്ചും പാര്‍ലമെന്ററി രീതികളെക്കുറിച്ചും ആശയവിനിമയവും നടത്തി.

ഓസ്ട്രിയ, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിനുശേഷമാണ്, പാര്‍ലമെന്ററി കോണ്‍ഫറന്‍സിനു മുന്നോടിയായുള്ള പഠന പരിപാടിയുടെ ഭാഗമായി, സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ നെതര്‍ലന്റില്‍ എത്തിയത്. സമ്മേളനം നടക്കുന്ന ദക്ഷിണാഫ്രിക്കയിലെ ജൊഹാനാസ്ബര്‍ഗില്‍ സെപ്തംബര്‍ ഒന്നിന് എത്തിച്ചേരുന്ന സ്പീക്കര്‍, ആറുവരെ നടക്കുന്ന 59-ാമത് കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. വിഭവങ്ങളുടെ അസന്തുലിത വീതം വെക്കല്‍ ജനാധിപത്യത്തിന് ഭീഷണി, വയോജനങ്ങളുടെ സംരക്ഷണത്തിനുള്ള നയപരമായ മാര്‍ഗങ്ങള്‍ എന്നീ വിഷയങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകളില്‍ സ്പീക്കര്‍ മുഖ്യപ്രഭാഷണം നടത്തിയശേഷം സെപ്തംബര്‍ ഒമ്പതിന് തിരികെ എത്തും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം