ഓണം സാംസ്‌കാരിക ഘോഷയാത്ര സെപ്തംബര്‍ 20 ന്

August 31, 2013 കേരളം

തിരുവനന്തപുരം: ഓണഘോഷ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക ഘോഷയാത്ര സെപ്തംബര്‍ 20 ന് സംഘടിപ്പിക്കും. വൈകുന്നേരം അഞ്ച് മണിക്ക് കവടിയാറില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര കിഴക്കേകോട്ടയില്‍ സമാപിക്കും.

ഘോഷയാത്രയില്‍ 75-ല്‍ പരം ഫ്‌ളോട്ടുകളും ഇന്ത്യയുടെയും കേരളത്തിന്റെയും വൈവിധ്യമാര്‍ന്ന സാംസ്‌കാരിക തനിമ വിളിച്ചോതുന്ന 60 -ല്‍ പരം കലാരൂപങ്ങളും വാദ്യഘോഷങ്ങളും കലാകായിക പ്രകടനങ്ങളും, അശ്വാരൂഢസേന, വിവിധ സേനാ വിഭാഗങ്ങളുടെ ബാന്‍ഡുകള്‍ എന്നിവയും പങ്കെടുക്കും. വിവിധ വകുപ്പുകള്‍ പൊതുമേഖല, കോര്‍പറേഷന്‍, ജില്ലാ പഞ്ചായത്ത് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപയും, മുന്‍സിപ്പാലിറ്റികള്‍ക്ക് ഒന്നര ലക്ഷം രൂപയും ബ്ലോക്ക്, ഗ്രാമ, പ്രാഥമിക സഹകരണ സംഘം/ബാങ്ക് എന്നിവര്‍ക്ക് ഒരു ലക്ഷം രൂപയും ഫ്‌ളോട്ടു നിര്‍മ്മാണത്തിനായി തനതുഫണ്ടില്‍ നിന്നും ചിലവഴിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. 25 അടി നീളം, 10 അടി വീതി, 15 അടി ഉയരം എന്ന തോതിലാണ് ഫ്‌ളോട്ടുകളുടെ പരമാവധി വലുപ്പം ക്രമീകരിച്ചിട്ടുള്ളത്. ഘോഷയാത്ര ആരംഭിക്കുന്നതിനു മുമ്പ് വീഥിക്കിരുവശവും ജില്ലയിലെ സ്‌കൂള്‍ കുട്ടികള്‍ ഒരുക്കുന്ന കലാരൂപങ്ങള്‍ ഫ്‌ളോട്ടിംഗ് സ്റ്റേജില്‍ അവതരിപ്പിക്കും. ഘോഷയാത്രയില്‍ കലാരൂപങ്ങള്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ സെപ്തംബര്‍ 10 നു മുമ്പും ഫ്‌ളോട്ടുകള്‍ അവതരിപ്പിക്കുന്നവര്‍ സെപ്തംബര്‍ ഏഴിന് മുമ്പും അപേക്ഷകള്‍ കണ്‍വീനര്‍, ഘോഷയാത്ര കമ്മിറ്റി, ടൂറിസം വകുപ്പ്, പാര്‍ക്ക്, വ്യൂ, തിരുവനന്തപുരം എന്ന വിലാസത്തില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-256010, 2560436, 2560431, 9447257946, 9496103375, 9349494933 നമ്പരുകളില്‍ ബന്ധപ്പെടാം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം