ഓണാഘോഷം: മുഖ്യമന്ത്രി എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും കത്തയച്ചു

August 31, 2013 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ള സജ്ജീകരണങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ സഹായം തേടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും കത്തയച്ചു. ജനങ്ങള്‍ക്ക് എന്നും ഹൃദയത്തില്‍ സൂക്ഷിക്കാവുന്ന വിധത്തില്‍ ഇത്തവണത്തെ ഓണം ആഘോഷിക്കാന്‍ കഴിയുന്നതിന് കൂട്ടായ പരിശ്രമം നടത്താമെന്നും കത്തില്‍ ആഹ്വാനം ചെയ്യുന്നു.

ഓണക്കാലത്തു വിലനിലവാരം പിടിച്ചുനിര്‍ത്താനും ഗുണമേന്മയുള്ള നിതേ്യാപയോഗ സാധനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനും വിപുലമായ സജ്ജീകരണങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. അവ ഫലപ്രദമായി നടപ്പാക്കാന്‍ എംഎല്‍എമാരുടെയും എംപിമാരുടെയും ഇടപെടല്‍ സഹായകമായിരിക്കുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ തൃപ്തികരവും സജീവവും ഗുണനിലവാരമുള്ളതും ആണോ എന്നും പരസ്യപ്പെടുത്തിയ രീതിയിലാണോ വില ഈടാക്കുന്നതെന്നുമുള്ള കാര്യങ്ങളില്‍ ജനപ്രതിനിധികളുടെ ശ്രദ്ധയും ഇടപെടലും ഉണ്ടാകണം. പരാതികള്‍ ഉണ്ടെങ്കില്‍ തന്റെ ശ്രദ്ധയില്‍കൊണ്ടുവരണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

മാര്‍ക്കറ്റ് വിലയെക്കാള്‍ 20 മുതല്‍ 30 വരെ ശതമാനം വിലക്കുറവില്‍, ഗുണനിലവാരമുള്ള നിതേ്യാപയോഗ സാധനങ്ങള്‍ ജനങ്ങള്‍ക്ക് എത്തിക്കുന്നതിലൂടെ നിതേ്യാപയോഗ സാധനങ്ങളുടെ വില പരമാവധി നിയന്ത്രിച്ച് ഓണം സുഭിക്ഷമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ നഗരങ്ങളില്‍ ആഗസ്റ്റ് രണ്ട് മുതല്‍ ഒന്നരമാസത്തേക്ക് സപ്ലൈകോ ആറ് ഓണം മെട്രോ ഫെയറുകളും ജില്ലാ ആസ്ഥാനങ്ങളില്‍ 13 ഫെയറുകളും ആരംഭിക്കും. സെപ്റ്റംബര്‍ 9 മുതല്‍ 153 കേന്ദ്രങ്ങളില്‍ ഓണച്ചന്തകള്‍ തുടങ്ങും. ഹോര്‍ട്ടികോര്‍പ്പിന്റെ 250 സ്റ്റാളുകളും 25 മൊബൈല്‍ യൂണിറ്റുകളും സജീവമായി പ്രവര്‍ത്തിക്കുന്നു. 4000 സഹകരണ വിപണന കേന്ദ്രങ്ങളിലൂടെ പതിമൂന്നിനം നിതേ്യാപയോഗ സാധനങ്ങള്‍ 30 ശതമാനം വിലകുറച്ച് വില്‍ക്കുന്നു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും നിയോജക മണ്ഡല ആസ്ഥാനങ്ങളിലും സഹകരണ വിപണന മേളകള്‍ ആരംഭിച്ചു. 20 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്കും ആദിവാസി കുടുംബങ്ങള്‍ക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും. പ്രൈമറി, അപ്പര്‍ പ്രൈമറി വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഓണത്തിന് 5 കിലോ അരി നല്‍കും. ജനപ്രതിനിധികളുടെ സജീവമായ ഇടപെടല്‍ ഈ സജ്ജീകരണങ്ങളുടെ വിജയം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍